സൈബർ തട്ടിപ്പിന് ഇരയായി മലയാളി നഴ്സ്, ലോണെടുത്ത 2950 ദിനാർ നഷ്ടമായി

സൈബർ തട്ടിപ്പിലൂടെ മലയാളി നഴ്സിന് ലോണെടുത്ത 2950 ദിനാർ നഷ്ടമായി.സൽമാനിയ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ആലപ്പുഴ കുട്ടനാട് സ്വദേശിനിയായ 45കാരിക്കാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.മേയ് 25നാണ് ബാങ്കിൽ ലോണിന് അപേക്ഷ നൽകിയത്.
എന്നാൽ ജൂൺ ഒന്നിന് ഇവർക്ക് അത്യാവശ്യ കാര്യത്തിന് നാട്ടിലേക്ക് മടങ്ങേണ്ടതായിവന്നു.ജൂൺ രണ്ടിന് ലോൺ തുകയായ 5306 ദീനാർ അക്കൗണ്ടിലെത്തി.തുടർന്ന് മേയ് 30ന് ബഹ്റൈനിലെ സി.ഐ.ഡിയിൽ നിന്ന് വിളിക്കുന്നുവെന്ന വ്യാജേന ഇവർക്ക് ദുബൈ നമ്പറിൽനിന്ന് വാട്സ് ആപ്പിൽ ഒരു കാൾ വന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തിരക്കിയശേഷം ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോദിച്ചു. കാർഡിന്റെ പിറകിലെ നമ്പർ ചോദിച്ചപ്പോൾ സംശയം തോന്നിയ ഇവർ ഫോൺ കട്ട് ചെയ്തു. പിന്നീട് ബാങ്കിൽ വിളിച്ച് ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആക്കി.എന്നാൽ ജൂൺ അഞ്ചിന് നാലു തവണയായി 2950 ദീനാർ പിൻവലിച്ചതായി മൊബൈലിൽ സന്ദേശം വന്നു. ഇവർ നാട്ടിലായതിനാൽ ഇ-മെയിൽ മുഖേന ബാങ്കിന്റെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു.
പണം നഷ്ടമായതിനെത്തുടർന്ന് കഴിഞ്ഞദിവസം ബഹ്റൈനിൽ തിരിച്ചെത്തിയ ഇവർ ബാങ്കിലും സി.ഐ.ഡിയിലും പരാതി നൽകിയിരിക്കുകയാണ്.കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട്ടിലെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് പുതിയ വീടുവെക്കാനാണ് ബഹ്റൈനിലെ ബാങ്കിൽ നിന്ന് ഇവർ ലോണെടുത്തത്. ഈ തുകയാണ് ഇപ്പോൾ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്.
https://www.facebook.com/Malayalivartha


























