വിമാന സര്‍വീസുകളെ ശക്തമായ മഴ പ്രതികൂലമായി ബാധിച്ചു, സൗദിയിൽ യാത്രക്കാരെ വലച്ച് വിമാന സര്‍വീസുകൾ ഭാഗികമായി മുടങ്ങി, പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു, യാത്രക്കാര്‍ സമയം സ്ഥിരീകരിക്കുന്നതിന് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്

സൗദിയിൽ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായി പെയ്ത മഴയിൽ ഗതാഗതം താറുമാറായി. വിമാന സര്‍വീസുകളെ ശക്തമായ മഴ പ്രതികൂലമായി ബാധിച്ചു. യാത്രക്കാരെ വലച്ച് വിമാന സര്‍വീസുകൾ ഭാഗികമായി മുടങ്ങിയ അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജിദ്ദയിലേക്കും ജിദ്ദയില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങളും വൈകി. ഗള്‍ഫ് എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, സൗദിയ തുടങ്ങിയ വിമാനക്കമ്പനികള്‍ വൈകിയതായി ജിദ്ദ എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് അറിയിച്ചു. ചില വിമാനങ്ങള്‍ അഞ്ച് മണിക്കൂറോളമാണ് വൈകിയത്.
ശക്തമായ മഴയിലും കാറ്റിലും കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചില വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകിയതായി അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ വിമാനം പുറപ്പെടുന്ന സമയം സ്ഥിരീകരിക്കുന്നതിന് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
രണ്ട്മണിക്കൂറിലധികം നീണ്ട മഴ റോഡുകളെയും വെള്ളത്തിനടിയിലാക്കി. ഇരച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ ചിലയിടങ്ങളിലെ റോഡുകൾ പുർണമായി തകർന്നു. അണ്ടർ പാസേജുകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും മഴ ശക്തമായി തുടരുകയാണെങ്കിൽ ഗതാഗത തടസം ഉണ്ടാകാൻ ഇരിയും ഇടയുണ്ട്. മഴ ശക്തി പ്രാപിച്ചതോടെ മക്ക-മദീന അതിവേഗ പാത ഇരു ദിശകളിലേക്കും വൈകുന്നേരം വരെ ഭാഗികകമായി അടച്ചു. മുന്‍കരുതലായി റോഡിലെ അണ്ടര്‍പാസ്വേകളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടര്‍പാസ്വേകള്‍ ട്രാഫിക്ക് വിഭാഗം അടയ്ക്കുകയായിരുന്നു.
ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. ചില പ്രദേശങ്ങളിൽ കാറ്റും മഞ്ഞുവീഴ്ചയും ഇടിമിന്നലും അനുഭവപ്പെട്ടു കടലും പ്രക്ഷുബ്ധമാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ റോഡുകളില്‍ കുടുങ്ങി. തെരുവുകളില്‍ വെള്ളം കയറിയത് കാരണം ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഖര്‍നി അറിയിച്ചു.
റോഡുകളില്‍ നിന്ന് വെള്ളം വറ്റിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 2500ലേറെ ജീവനക്കാരെയും ആവശ്യത്തിന് മെഷീനുകളും സജ്ജീകരിച്ചതായി ജിദ്ദ അധികൃതര്‍ അറിയിച്ചു. വരും നാളുകളില്‍ ശക്തമായ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി സൗദി സിവില്‍ ഡിഫന്‍സും പ്രസ്താവനയില്‍ അറിയിച്ചു. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാനും മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നും ഒഴുക്കില്‍ നിന്നും മാറി നല്‍ക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha