പ്രവാസികളുടെ താമസയിടങ്ങളിൽ അവർ ഇരച്ചെത്തും, കുവൈത്തിൽ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലേഴ്സ് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടങ്ങി, തുടക്കം കുറിച്ചത് ആറ് മാസം നീണ്ടു നില്‍ക്കുന്ന പരിശോധനാ ക്യാമ്പയിൻ

പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് നിർദേശം നൽകിയതായുള്ള വാർത്തയും പുറത്തുവന്നിരുന്നു. ഇപ്പോൾ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടങ്ങി കഴിഞ്ഞു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേരുന്ന ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവര്‍ ഖൈത്താന്‍ ഏരിയയില്‍ ആണ് പരിശോധന തുടങ്ങിയിട്ടുള്ളത്. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകള്‍ക്കെതിരെ ആണ് അധികൃതർ നടപടി ശക്തമാക്കുന്നത്. ആറ് മാസം നീണ്ടു നില്‍ക്കുന്ന പരിശോധനാ ക്യാമ്പയിനിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഈ കാലയളവില്‍ വീടുകള്‍ കര്‍ശനമായി നിരീക്ഷിക്കുകയും പുതിയ പരാതികള്‍ ഉണ്ടാവുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.
റെസിഡന്‍ഷ്യന്‍ ഏരിയകളില്‍ ആളുകള്‍ കുടുംബങ്ങളോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവണത ഇല്ലാതാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനും നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന 1,150 വീടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
ഇതിനായി സമഗ്ര പരിശോധനകളും ശക്തമായ തുടര്‍ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബ്ബൂസ് പറഞ്ഞു. കുവൈത്തിലെ മുനിസിപ്പല്‍കാര്യ മന്ത്രി ഫഹദ് അല്‍ ശുലയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ സ്വകരിക്കുന്നതെന്നും മുനിസിപ്പാലിറ്റി ആക്ടിങ് ചെയര്‍മാന്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയെല്ലാം പരിശോധനകളില്‍ പങ്കാളികളാണ്.
അതേസമയം, കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താനുള്ള നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും. കുവൈറ്റിലെ ജന സംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും രാജ്യം പിന്തുടരുന്ന മറ്റ് നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. പുതിയ നിർദേശം സംബന്ധിച്ച കാര്യങ്ങൾ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
റെസിഡൻസി പെർമിറ്റുകൾ പരിമിതപ്പെടുത്തുന്നതിലൂടെ തൊഴിലാളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിലവിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ഭൂരിപക്ഷം കമ്പനികളും അവരുടെ തൊഴിലാളികൾക്ക് ഒരു വർഷത്തേക്കുള്ള റെസിഡൻസി പെർമിറ്റുകളാണ് എടുക്കുന്നത്.
തൊഴിലാളികളെ ആവശ്യമില്ലെങ്കിൽ മാറ്റാനും ഒരുമിച്ച് മെഡിക്കൽ ഇൻഷുറൻസ് അടക്കുന്നതിൽ നിന്ന് ഒഴിവാകാനും ഇത്തരത്തിൽ ഒരുവർഷ പെർമിറ്റാണ് കൂടുതൽ സൗകര്യമെന്ന് തൊഴിൽ ഉടമകൾ അഭിപ്രായപ്പെട്ടു.
അതേസമയം മെഡിക്കൽ മേഖലയിലെ ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യന്മാർ എന്നിവരുൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പ്രഫഷണൽ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും സ്വകാര്യ മേഖലയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്കും ദീർഘകാല റെസിഡൻസി പെർമിറ്റ് അനുവദിക്കും എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha

























