ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...

മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ രംഗത്തെ ഐപിഒയ്ക്ക് സൗദി അറേബ്യയിലെ നിക്ഷേപകരിൽ നിന്ന് സമാനതകളില്ലാത്ത പ്രതികരണം. ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ ഐപിഒ സൗദി എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയിലെ ലിസ്റ്റിങ്ങിന് മുന്നോടിയായാണ് വൻ മുന്നേറ്റമുണ്ടാക്കുന്നത്. ജിസിസിയിലെ സ്പെഷ്യലൈസ്ഡ് എജ്യൂക്കേഷൻ മുൻനിര ദാതാവായ ഗ്രൂപ്പിന്റെ ബുക്ക് ബിൽഡിംഗ് പ്രക്രിയ ഏകദേശം 61.6 ബില്യൺ സൗദി റിയാൽ (1.456 ട്രില്യൺ രൂപ) മൂല്യം നേടി 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷനോടെ വിജയകരമായി പൂർത്തിയായി. അന്തിമ ഓഹരി വില 19.50 സൗദി റിയാലായി (460.53 രൂപ) ക്രമീകരിച്ചു. ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ നിക്ഷേപകർക്കുള്ള ശക്തമായ വിശ്വാസമാണിത് പ്രകടമാക്കുന്നത്. ഏകദേശം 599 മില്യൺ സൗദി റിയാൽ (14.14 ബില്യൺ രൂപ) മൂല്യമുള്ള ഓഹരികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലിസ്റ്റിംഗ് സമയത്തെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 1,997 മില്യൺ സൗദി റിയാലായിരിക്കും (47.17 ബില്യൺ രൂപ).
മൂന്ന് ദിവസത്തേക്കാണ് വ്യക്തിഗത സബ്സ്ക്രൈബർമാർക് ഐപിഒയിൽ പങ്കെടുക്കാനുള്ള അവസരം. നവംബർ 18 ന് ആരംഭിക്കുന്ന ഓഫറിംഗ് നവംബർ 20 ന് സൗദി സമയം രണ്ട് മണിക്ക് അവസാനിക്കും. അന്തിമ ഓഹരി വിലയിലായിരിക്കും ഓഹരികൾ വാങ്ങേണ്ടത്. "അൽഷാമിൽ എജ്യുക്കേഷന്റെ വളർച്ചയിലും വിദ്യാഭ്യാസ രംഗത്ത് ഞങ്ങൾ പുലർത്തുന്ന വ്യത്യസ്തതയിലും നിക്ഷേപകർക്കുള്ള വിശ്വാസമാണ് മികച്ച പ്രതികരണത്തിലൂടെ പ്രകടമാകുന്നത്. മുന്നോട്ടുള്ള യാത്രയിലും സമൂഹത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള നല്ല മാറ്റങ്ങൾ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ യാത്രയിലേക്ക് ഞങ്ങളുടെ പുതിയ ഓഹരിയുടമകളെയും സ്വാഗതം ചെയ്യുന്നു," അൽമസാർ അൽഷാമിൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ഓഫർ ഷെയറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിഗത സബ്സ്ക്രൈബർമാർക്ക് സബ്സ്ക്രിപ്ഷൻ ഫോം പൂരിപ്പിച്ച് റിസ്വിങ് ഏജന്റുമാർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി ചെയ്യാം. മുൻപ് ഐപിഒയിൽ പങ്കെടുത്തിട്ടുള്ളവർക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾക്ക് മാറ്റമില്ലെങ്കിലും, ലൈസൻസുള്ള ബ്രോക്കറേജിൽ സജീവമായ നിക്ഷേപ പോർട്ട്ഫോളിയോ ഉണ്ടെങ്കിലും അവരുടെ റിസീവിംഗ് ഏജന്റ് നൽകുന്ന ഇന്റർനെറ്റ്, ഫോൺ അല്ലെങ്കിൽ എടിഎം ചാനലുകൾ വഴിയും അപേക്ഷിക്കാം.
അന്തിമ വിഹിതം സംബന്ധിച്ച പ്രഖ്യാപനം 2025 നവംബർ 26 -നകം നടത്തും. കൂടാതെ അധിക സബ്‌സ്‌ക്രിപ്ഷൻ തുകകൾ ഉണ്ടെങ്കിൽ അവ 2025 ഡിസംബർ 2 - നകം തിരികെ നൽകും. ഓഫറിംഗ് പൂർത്തിയാക്കിയതിനു ശേഷം കമ്പനിയുടെ ഓഹരികൾ സൗദി എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും. ജിസിസി മേഖലയിലെ വിദ്യാഭ്യാസ- ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്‌സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ. ഡോ. ഷംഷീർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായ അമാനത്ത് സാമ്പത്തിക വളർച്ചയും സാമൂഹിക പ്രഭാവവും കൂട്ടിയിണക്കുന്ന നിക്ഷേപ മാതൃകയായി മാറിയാണ് സൗദി വിപണിയിലേക്ക് കടക്കുന്നത്.
https://www.facebook.com/Malayalivartha


























