അറബ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം, തിളക്കങ്ങളേറെയുള്ള നേട്ടവുമായെത്തിയ സുൽത്താൻ അല്‍ നെയാദിക്ക് പിറന്ന നാട് ഒരുക്കിയത് ഗംഭീര സ്വീകരണം, ബഹിരാകാശത്തേക്ക് കൊണ്ടുപോയ യുഎഇ പതാക ശൈഖ് മുഹമ്മദ് ബിൻ സായിദിന് അല്‍ നെയാദി സമ്മാനിച്ചു...!!
അറബ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി യു എ ഇയില്‍ തിരിച്ചെത്തിയ അല്‍ നെയാദിക്ക് ഗംഭീര സ്വീകരണമാണ് പിറന്ന നാട് ഒരുക്കിയത്. അതൊന്ന് കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. ഏകദേശം 4,400 മണിക്കൂര്‍ ബഹിരാകാശത്ത് ചെലവഴിച്ചു. പരിക്രമണ ഔട്ട്‌പോസ്റ്റില്‍ നിന്ന് പുറത്തുകടന്ന ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി, 585 മണിക്കൂര്‍ സമയത്തില്‍ 200-ലധികം പരീക്ഷണങ്ങള്‍, നിരവധി ഔട്ട് റീച്ച് പ്രോഗ്രാമുകള്‍.
തിളക്കങ്ങളേറെയുള്ള നേട്ടവുമായാണ് അദ്ദേഹം സ്വന്തം മണ്ണിലേക്ക് കടന്നുവന്നത്. ഹൂസ്റ്റണിൽ നിന്ന് അബുദാബിയിൽ ഏഴ് പോർവിമാനങ്ങളുടെ അകമ്പടിയോടയാണ് സുൽത്താൻ അൽ നെയാദി
പറന്നിറങ്ങിയത്. യുഎഇ സമയം അഞ്ച് മണിക്ക് അല്‍ ഐൻ എന്ന പ്രസിഡൻഷ്യല്‍ വിമാനത്തില്‍ അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ ഹീറോയെ സ്വീകരിക്കാൻ രാഷ്ട്ര നേതാക്കള്‍ നേരിട്ടെത്തി.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം എന്നിവര്‍ അദ്ദേഹത്തെ അബൂദബി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഈ വേളയിൽ താൻ ബഹിരാകാശത്തേക്ക് കൊണ്ടുപോയ യുഎഇ പതാക ശൈഖ് മുഹമ്മദ് ബിൻ സായിദിന് അല്‍ നെയാദി സമ്മാനിക്കുകയും ചെയ്തു. പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ നെയാദിയെ ചേർത്ത് പിടിച്ചു.
അല്‍ നെയാദിയുമായും കുടുംബവുമായും ഇരു നേതാക്കളും ആശയവിനിമയം നടത്തി. അദ്ദേഹത്തിന്റെ കൊച്ചുകുട്ടികള്‍ക്ക് രാഷ്ട്ര നേതാക്കളുടെ സമീപമാണ് സീറ്റൊരുക്കിയത്. "സുഖമായി ഒന്നുറങ്ങണം, എന്‍റെ കുട്ടികൾക്കൊപ്പം ചെലവഴിക്കണം. പള്ളിയിൽ പോകണം.. പ്രാർത്ഥിക്കണം. ആളുകളോട് സംസാരിക്കണം". എന്നാണ് അദ്ദേഹം തൻറെ മുന്നിലുള്ള ആഗ്രഹങ്ങളെ കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ആറു മാസക്കാലം ബഹിരാകാശത്ത് ഒപ്പം കൊണ്ട് നടന്ന സുഹൈൽ എന്ന കളിപ്പാവ വന്നിറങ്ങിയ ഉടൻ സുൽത്താൻ അൽ നെയാദി എയർപോർട്ടിൽ വന്ന തന്‍റെ അഞ്ചു മക്കളിൽ ഒരാൾക്ക് കൈമാറി.
തിരികെ വരുമ്പോൾ ആ പാവ കൊണ്ടുവരണം എന്ന മകൻറെ ആഗ്രഹമായിരുന്നു അത്. അത് പൂർത്തീകരിച്ചുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ നെയാദിയെ സ്വാഗതം ചെയ്യുന്നതില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, അഗാധമായ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പര്യവേക്ഷണ അഭിലാഷങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടത്തില്‍ യു എ ഇയിലെ ജനങ്ങള്‍ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.
സുല്‍ത്താൻ അല്‍ നെയാദിയുടെ ദൗത്യം യുഎഇയുടെ ശാസ്ത്രവികസന പ്രക്രിയയിലെ പ്രധാന നാഴികക്കല്ലിനെ പ്രതിനിധീകരിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. കൂടുതല്‍ ബഹിരാകാശയാത്രികരെ അയയ്‌ക്കാനുള്ള പദ്ധതികള്‍ തുടരും. ബഹിരാകാശത്തും ഭൂമിയിലും ദൈവേച്ഛയോടെ കൂടുതല്‍ ശാസ്ത്രീയവും ഗവേഷണപരവും പര്യവേക്ഷണപരവുമായ പദ്ധതികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha