ലക്ഷങ്ങളെത്രയുമാകട്ടെ, 160 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും 3 ഹെലിപ്പാടുകളുമുള്ള 27 നില വീട്ടിലേക്കും വേണ്ടേ ഒരു ഇസെഡ് സുരക്ഷ
പേര് മുകേഷ് അംബാനി, വയസ് 56, അച്ഛന് ഇന്ത്യകണ്ട വലിയ ബിസിനസ്മാനായ ധീരുഭായി അംബാനി. ജോലി റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ സി.ഇ.ഒ. ലോക സമ്പന്നരില്‍ രണ്ടാമന്. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്. ഈ ബയോഡേറ്റ അറിയാത്ത ഏത് ഇന്ത്യക്കാരനാ ഉള്ളത്.
ഇന്ത്യന്‍ മുജാഹിദീന്റെ ഭീഷണിക്കത്ത് മുകേഷ് അംബാനിയുടെ ഓഫീസില്‍ കിട്ടിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുകേഷിന് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നത്. രാജ്യത്ത് പിഞ്ച് കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ്. ഇന്ത്യയിലെ ഈ സമ്പന്നനായി ഇസെഡ് കാറ്റഗറി നല്‍കുന്നത്. ശരാശരി 15 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിഷേധം വ്യാപകമായതോട സുരക്ഷയ്ക്കുള്ള പണം മുകേഷ്തന്നെ നല്‍കണമെന്നായി സര്‍ക്കാര്‍.
അല്ലെങ്കിലും ഈ ഇന്ത്യക്കാരിങ്ങനെയാണ്. കൈയ്യില്‍ നാല് കാശ് ഉള്ളവരെ കണ്ടുകൂടാ. രണ്ടായിരത്തി ഒരുന്നൂറ്കോടി ആസ്തിയുള്ള ഈ മുകേഷ് അമ്പാനിയോടാണ് ഇസെഡ് സുരക്ഷയ്ക്കായി 15 ലക്ഷം രൂപ സര്‍ക്കാരില്‍ അടയ്ക്കണമെന്ന് പറയുന്നത്. നൂറുകണക്കിന് പ്രൈവറ്റ് സെക്യൂരിറ്റിക്കാരും സേവകന്മാരുമുള്ള പാവം അമ്പാനിയും ഇസെഡ് കാറ്റഗറിയെപ്പറ്റി ഒന്നു ചിന്തിച്ചു പോയി. പണം മാത്രം പോരല്ലോ അല്പം പത്രാസും വേണ്ടേ, സര്‍ക്കാരിന്റെ പോലീസുകാരുടെ കാവലിന്റെ സുഖം ഒന്നു വേറെയല്ലേ.
ഇന്ത്യയിലെതന്നെ പരമോന്നതമായ സുരക്ഷാ സംവിധാനമാണ് ഇസെഡ് പ്ലസ്, ഇസെഡ്, വൈ, എക്സ് കാറ്റഗറികള്‍. ഉന്നതരായ ഭരണാധികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ് ഈ പ്രത്യേക സുരക്ഷ നല്‍കുന്നത്. ഇസെഡ് കാറ്റഗറിയുടെ സുരക്ഷാ ചുമതല ഡല്‍ഹി പോലീസ്, എറ്റിബിപി, സിആര്‍പിഎഫ് എന്നിവര്‍ക്കാണ്. ഒരു എസ്കോര്‍ട്ട് വാഹനവും ലഭിക്കും. 22 അംഗങ്ങളുടെ സേവനമാണ് ഇസെഡ് കാറ്റഗറിയിലുള്ളവര്‍ക്ക് ലഭിക്കുന്നത്.
പൈലറ്റ് വാഹനവും ആത്യാധുനിക ആയുധങ്ങളുമേന്തിയ 22 സിആര്‍പിഎഫ് ജവാന്മാരും ഇനി മുകേഷിനേടൊപ്പം എവിടേയുമുണ്ടാകും.
മുകേഷ് അംബാനിയുടെ വീടിനുമുണ്ട്, ക്ഷമിക്കണം കൊട്ടാരത്തിനുമുണ്ട് സുരക്ഷ. നാലുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 9,000 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് ഈ മണിസൗധം. ലോകത്തെതന്നെ ഏറ്റവും ചെലവേറിയ വീടാണിത്. ഏഴ് വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 27 നിലകളുള്ള ഈ വീട്ടില്‍ നീന്തല്‍കുളം, ഹെല്‍ത്ത് ക്ലബ്ബ്, മിനി തീയറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. വീടിനു മുകളില്‍ മൂന്ന് ഹെലിപാഡുകള്‍. 160 കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള വീടിന്റെ പാര്‍ക്കിങ് ലോട്ട് മാത്രം ആറു നിലകളിലാണ്.
ആയാസമില്ലാതെ ഒരു നിലയില്‍ നിന്ന് മറ്റൊന്നിലേക്ക് കയറിയിറങ്ങാനായി ഒമ്പത് എലിവേറ്ററുകളും സജ്ജം. ജീവനക്കാര്‍ക്കു താമസിക്കാനായി ഒരു നിലയും ഓഫീസ് കാര്യങ്ങള്‍ക്കു മാത്രമായി വേറൊരു നിലയുമുണ്ട്. അതിഥിമന്ദിരവും സല്ക്കാരഹാളും മനോഹരമായിത്തന്നെ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ലോബി ക്രിസ്റ്റലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ രൂപകല്പനയും ഡിസൈനിങ്ങുമെല്ലാം മുകേഷിന്റെ ഭാര്യ നിതയുടെ മേല്‍നോട്ടത്തിലാണു നടന്നത്.മുകേഷിന് ആകാശ്, ആനന്ദ്, ഇശ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
https://www.facebook.com/Malayalivartha