രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. വിതരണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവാണ് വാര്‍ത്തക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അപേക്ഷകരെ ആഭ്യന്തര സെക്രട്ടറി അഭിനന്ദിച്ചതായും ഐബി ഡയറക്ടര്‍, രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുത്തതായും വക്താവ് പറഞ്ഞു.
മതത്തെ ചൊല്ലിയുള്ള പീഡനത്തിന്റെ പേരിലോ പീഡന ഭയത്താലോ 31.12.2014 വരെ ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവരില്‍ നിന്ന് 'ഈ നിയമത്തിന്റെ കീഴില്‍ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. 2019 ഡിസംബറില്‍ സിഎഎ പാസാക്കിയെങ്കിലും കഴിഞ്ഞ മാര്‍ച്ചിലാണ് ചട്ടങ്ങള്‍ രൂപീകരിച്ചത്.
2014 ഡിസംബര്‍ 31-നോ അതിന് മുമ്പോ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡനം അനുഭവിക്കുന്ന മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വം നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട ചട്ടത്തില്‍ പറയുന്നു. സിഎഎ നടപ്പാക്കുന്നതില്‍ വ്യാപക പ്രതിഷേധമാണ് രാജ്യമെങ്ങും നടന്നത്. സിഎഎയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുമ്പാകെ ഇരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
https://www.facebook.com/Malayalivartha
























