ആകാംക്ഷ അപകടത്തിലെത്തിച്ചു, ഇന്സ്റ്റലേഷനെ അടുത്തറിയാന്‍ ശ്രമിച്ചയാള്‍ക്ക് വീണ് പരിക്ക്
ആസ്വാദകര്‍ക്ക് എന്നും ആകാംക്ഷയും അത്ഭുതവും സമ്മാനിക്കുന്നതാണ് ഇന്‍സ്റ്റലേഷനുകള്‍. കൊച്ചി ബിനാലെ മുതല്‍ മറ്റ് ഏത് അന്താരാഷ്ട്ര ബിനാലെകളോ ഇന്സ്റ്റലേഷന് പ്രദര്‍ശനങ്ങളോ മ്യൂസിയങ്ങളിലെ ഇന്‍സ്റ്റലേഷനുകളോ ആവട്ടെ...അത്ഭുതവും ആകാംക്ഷയും ഉറപ്പ്. അത്തരത്തില്‍ ഉണ്ടായ ആകാംക്ഷ ഒരാസ്വാദകന് സമ്മാനിച്ചത് ചില്ലറ പൊല്ലാപ്പൊന്നുമല്ല.
പോര്‍ച്ചുഗലിലെ പോര്‍ത്തോയിലെ സെറാള്വ്സ് ഫൗണ്ടേഷന് മ്യൂസിയത്തിലാണ് സംഭവം നടന്നത്. പ്രശസ്ത ബ്രിട്ടീഷ് കലാകാരനായ അനിഷ് കപൂര്‍ 1992-ല്‍ നിര്‍മിച്ച ഡിസന്റ് ഇന്‍ ലിംബോ എന്നു പേരുള്ള കലാസൃഷ്ടി പരിശോധിക്കാന്‍ തുനിഞ്ഞയാള്ക്കാണ് അപകടം സംഭവിച്ചത്. എട്ട് അടി താഴ്ചയുള്ള ഈ കലാസൃഷ്ടി ആദ്യ കാഴ്ചയില്‍ കാണുമ്പോള്‍ ഒരു കറുത്ത വട്ടം മാത്രമായാണ് തോന്നുക.
ഇറ്റലിയില്‍ നിന്നുള്ള ഒരു സന്ദര്‍ശകനാണ് ഇത് പരിശോധിക്കണമെന്ന് തോന്നിയത്. നിരവധി സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്ളത് അവഗണിച്ച ഇദ്ദേഹം ഈ കറുത്ത വട്ടത്തില്‍ ചവിട്ടിയപ്പോള്‍ എട്ടടി താഴ്ചയുള്ള ഈ കുഴിക്കുള്ളിലേക്കു വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും മ്യൂസിയത്തിന്റെ അധികൃതര്‍ അറിയിച്ചു. ഡിസന്റ് ഇന്‍ ലിംബോ കാണുവാന്‍ വരുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha