താജുദ്ദീന്റെ സ്വര്‍ണത്തിളക്കമുള്ള മനസ്സിന്റെ പുണ്യം ജലീല്‍ അറിഞ്ഞു, നഷ്ടപ്പെട്ടെന്നു കരുതിയ സമ്പാദ്യം കൈയ്യില്‍ തിരികെയെത്തി!
പ്രളയം കൊണ്ടെത്തിച്ച നിരാശയ്ക്കും ദുരിതത്തിനും ഇടയിലും കൈമോശം വരാത്ത നന്മമനസ്സുകളുടെ പട്ടിക പേറുന്ന ഏടുകളിലേക്ക് താജുദ്ദീന്റെ പേരും ചേര്‍ക്കപ്പെടുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ പത്തു പവനോളം സ്വര്‍ണവും താക്കോല്ക്കൂട്ടവുമാണു താജുദ്ദീന്റെ സത്യസന്ധത കൊണ്ട്, രണ്ടാഴ്ചയ്ക്കു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചത്.
നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എതിര്‍വശത്തു പലചരക്കു കച്ചവടം നടത്തുന്ന കോട്ടായി സ്വദേശി അബ്ദുല്‍ ജലീലിനാണ് തന്റെ നഷ്ടപ്പെട്ട സ്വര്‍ണവും മറ്റും തിരിച്ചു കിട്ടിയത്. ഇതു സംബന്ധിച്ച് ഇന്നലെ ഒരു പ്രമുഖ ദിനപത്രത്തില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ, സ്വര്‍ണം കളഞ്ഞുകിട്ടിയ താജുദ്ദീന് വിവരമറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം ജലീലിനെ വിളിക്കുകയായിരുന്നു.
പ്രളയത്തില്‍ അബ്ദുല്‍ ജലീലിന്റെ വീട്ടില്‍ വെള്ളം കയറി. കിടപ്പുരോഗിയായ ഭാര്യയെ സുരക്ഷിതമായി മാറ്റുന്നതിനിടെ വീട്ടിലുണ്ടായിരുന്ന പത്തു പവന് സ്വര്‍ണവും വീടിന്റെയും കടയുടെയും മറ്റും താക്കോല്‍ക്കൂട്ടവും ഒരു പ്ലാസ്റ്റിക് കവറിലാക്കി മറ്റു തുണികളോടൊപ്പം കയ്യില്‍പ്പിടിച്ചു. വഞ്ചിയില്‍ ഭാര്യയെ കയറ്റി ആലുവയിലേക്കു പോകുന്നതിനു ദേശീയപാതയില്‍ പറമ്പയത്ത് വാഹനം കാത്തു നിന്നു.
ഈ സമയത്താണ് ഊബര്‍ ടാക്സി ഡ്രൈവറായ പറമ്പയം തലക്കാട്ട് താജുദ്ദീന് കോട്ടായി ഭാഗത്തുള്ള ബന്ധുക്കളെയും കുടുംബാംഗങ്ങളെയും പ്രളയത്തില്‍ നിന്നു രക്ഷിക്കുന്നതിനായി മിനി ലോറിയില്‍ ആ വഴിയില്‍ എത്തിയത്. രക്ഷിക്കണമെന്ന് അയാളോട് ജലീല്‍ അഭ്യര്‍ഥിച്ചപ്പോള്‍ വാഹനം നിര്‍ത്തി ഇവരെയും കയറ്റി. ആലുവയെത്തിയപ്പോള് ജലീലും ഭാര്യയും ഇറങ്ങിയെങ്കിലും ബാഗുകള്‍ എടുക്കാന്‍ മറന്നു.
ജലീല്‍ ബന്ധുവിന്റെ വീട്ടിലെത്തി ഏറെ സമയം കഴിഞ്ഞപ്പോഴാണ് ബാഗിന്റെ കാര്യമോര്‍ത്തത്. മിനി ലോറിയില്‍ വച്ചു മറന്നതായി ഓര്‍മ്മ വന്നെങ്കിലും പ്രളയദിനങ്ങളില്‍ പുറത്തിറങ്ങാനായില്ല. വാഹനത്തിന്റെ നമ്പറോ ഡ്രൈവറെയോ, യാത്രക്കാരെയോ അറിയാതിരുന്നതും വിനയായി. വെള്ളക്കെട്ട് ഒഴിഞ്ഞശേഷം ദിവസങ്ങളോളം ജലീല്‍ വാഹനം കണ്ടെത്താനായി നടന്നെങ്കിലും വിവരമൊന്നും ലഭിക്കാതായതോടെയാണ് മലയാള മനോരമയില്‍ വിവരം അറിയിച്ചത്.
വെള്ളമിറങ്ങിയ ശേഷം താജുദ്ദീന് വാഹനം പരിശോധിക്കുന്നതിനിടെ വണ്ടിയിലുള്ള പരിചിതമല്ലാത്ത ബാഗുകള്‍ കണ്ടിരുന്നു. ലോറിയില്‍ കൂടെയുണ്ടായിരുന്നവരുടേതാണെന്ന് ബോധ്യമായതോടെ പലരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചു. സുഹൃത്തുക്കളോടു സമൂഹമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനും പറഞ്ഞിരുന്നു.
മനോരമയില്‍ വന്ന വാര്‍ത്ത നെടുമ്പാശേരിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഗ്രീന്‍ ബ്രിഗേഡ്സ്, വാട്ട്സ് ആപ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്തു. അതോടെ താജുദ്ദീനും വിവരമറിയുകയായിരുന്നു. ഉച്ചയോടെ ജലീല്‍ താജുദ്ദീന്റെ വീട്ടിലെത്തി സ്വര്‍ണം കൈപ്പറ്റി.
https://www.facebook.com/Malayalivartha