ലക്ഷങ്ങളുടെ രേഖകള്‍ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി; കണ്ടക്ടര്‍ ജയകുമാരന്‍ ഉടമയെ തേടിപ്പിടിച്ച് അതു കൈമാറി!
കളഞ്ഞുകിട്ടിയ ലക്ഷങ്ങളുടെ രേഖകള്‍ അടങ്ങിയ പേഴ്സിന്റെ ഉടമയെ തേടി കണ്ടെത്തി തിരികെ നല്കി കെ എസ് ആര് ടി സി കണ്ടക്ടര്‍ മാതൃകയായി. വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടര്‍ എസ്.ജയകുമാരന്‍ നായരാണ് കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ എത്തിച്ചത്.
ബസിനുള്ളില്‍ നിന്നും ജയകുമാരന്‍ നായര്‍ക്ക് പേഴ്സ് കിട്ടിയത് കഴിഞ്ഞ 13-ന് കീഴക്കേക്കോട്ടയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നതിനിടയിലാണ്. കിഴക്കേകോട്ടയില്‍ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ഡിപ്പോയ്ക്കുള്ളില്‍ പാര്‍ക്ക് ചെയ്യുവാന്‍ പോകുമ്പോള്‍ ബസിന്റെ സീറ്റിനടിയില്‍ നിന്നുമാണ് പേഴ്സ് കിട്ടുന്നത്.
തുറന്ന് പരിശേധിച്ചപ്പോള്‍ ഇന്ത്യയിലേയും, വിദേശത്തേതുമായ നോട്ടുകള്‍, ബാങ്ക് രേഖകള്‍, വിദേശത്തെ തൊഴില്‍ സംബന്ധമായ രേഖകള്‍, ്രൈഡവിംഗ് ലൈസന്‍സ് തുടങ്ങിയവയാണ് അതിനുള്ളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പരുകള്‍ ഒന്നും പേഴ്സില്‍ ഉണ്ടായിരുന്നില്ല.
എങ്കിലും എറണാകുളം സ്വദേശി അനൂപിന്റേതാണ് പേഴ്സ് എന്ന് ലൈസന്‍സില്‍ നിന്നും മനസിലായി. സര്‍വ്വീസ് തീരുന്നത് വരെ ആരും അന്വേഷിച്ചു വരാതിരുന്നതിനാല്‍ പേഴ്സ് അയാള്‍ ടിക്കറ്റ് ആന്‍ഡ് ക്യാഷ് കൗണ്ടറില്‍ ഏല്പിച്ചു രസീത് വാങ്ങി.
തുടര്‍ന്ന് എറണാകുളത്തെ കെഎസ് ആര്‍ടിസി ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പുകളില്‍ അറിയിപ്പു നല്കി. എന്നാല്‍ 20 ദിവസം പിന്നിട്ടിട്ടും ആരും അന്വേക്ഷിച്ചു വരാതിരുന്നതിനാല്‍ ജയകുമാരന്‍ നായര്‍ രണ്ടു ദിവസം മുമ്പ് ലൈസന്‍സിലെ അഡ്രസില്‍ രജിസ്റ്റേഡ് കത്ത് അയച്ചു.
തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ അനൂപ്, വെഞ്ഞാറമൂട് ഡിപ്പോയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷിജുവിന്റെ സാന്നിധ്യത്തില്‍ ജയകുമാരന്‍ നായര്‍ തന്നെ പേഴ്സ് അനൂപിന് കൈമാറി.
https://www.facebook.com/Malayalivartha