തീര്‍ത്തിട്ടും തീരാത്ത കഥകള്‍... ജോളി ജോസഫിന്റെ അതിയായ ആഗ്രഹങ്ങള്‍ പുറത്താകുന്നു; ആഢംബര ജീവിതത്തിനായി നിരവധിയാളുകളില്‍ നിന്നു പണം വാങ്ങി; ലോക്കല്‍ നേതാക്കളും പലരില്‍ നിന്നായി പണം വാങ്ങി ജോളിക്ക് നല്‍കി; ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു; ഒന്നും മറുകര കണ്ടില്ല

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് അടങ്ങാത്ത പല മോഹങ്ങളുമുണ്ടെന്ന് വെളിപ്പെടുത്തല്‍. അതിലേറ്റവും മുന്നേയായിരുന്നു വാഹന ഭ്രമം. വാഹനങ്ങളോട് വല്ലാത്ത ഭ്രമമുണ്ടായിരുന്ന ജോളി പലപ്പോഴും സുഹൃത്തുക്കളുടെ വിലകൂടിയ കാറുകളാണ് സ്വന്തമെന്ന് പറഞ്ഞ് ഓടിച്ചിരുന്നത്. ഇത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. പല സുഹൃത് ബന്ധങ്ങള്‍ അങ്ങനെ വന്നെന്നും കരുതുന്നു. അതുപയോഗിച്ചാകട്ടെ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഇതിന് പിന്നാലെ നിരവധിയാളുകളില്‍ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. തിരുവമ്പാടിയിലെ വ്യാപാരി, കോടഞ്ചേരിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, കൂടത്തായിയിലെ വാഹന ഇടപാടുകാരന്‍ എന്നിവരുമായി ലക്ഷങ്ങളുടെ കൈമാറ്റമുണ്ടായി. റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിനെന്നാണു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു പണം ഉപയോഗിച്ചിരുന്നതിനൊപ്പം ജോളി ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
പണം തിരികെ കിട്ടുന്നതിനു പലപ്പോഴായി ഇടനിലക്കാര്‍ വഴി സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തുവും, വീടും, കടമുറികളും വിറ്റാണ് തിരുവമ്പാടിയിലെ വ്യവസായി ജോളിക്ക് നല്‍കിയ പണത്തിന്റെ ബാധ്യത തീര്‍ത്തത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പലരില്‍ നിന്നായി പണം വാങ്ങി ജോളിക്ക് കൈമാറിയിയിട്ടുണ്ടെന്നും വ്യക്തമായി.
അതേസമയം കൂടത്തായി കൊലപാതക പരമ്പരയിലൂടെ കേരളത്തെയാകെ ഞെട്ടിച്ച ജോളി ജോസഫിനെതിരേ നിര്‍ണായക മൊഴിയുമായി ഷാജുവിന്റെയും സിലിയുടെയും മകനും രംഗത്തെത്തി. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായുമാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി മൊഴി നല്‍കിയത്. കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും മൊഴിയിലുണ്ട്. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്.
സിലി മരിക്കുന്നതിനു മുമ്പുതന്നെ ഷാജുവും ജോളിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനെ ജോളി വിവാഹം കഴിക്കുകയായിരുന്നു.സ്ഥിര വരുമാനമുള്ള ആളെ സ്വന്തമാക്കാനായിരുന്നു ഷാജുവുമായി ജോളി അടുത്തത്. 2016 ജനുവരി 11 നാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലി കുഴഞ്ഞുവീണ് മരിക്കുന്നത്. ഈ സമയത്ത് സിലിയോടൊപ്പം കുട്ടിയും ഉണ്ടായിരുന്നു. ആ സംഭവം കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ജോളിയുടെ ബാഗിലുണ്ടായിരുന്ന വെള്ളം കുടിച്ചതോടെയാണ് അമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടത്.
ഇതിന് ശേഷമാണ് സിലിക്ക് ഗുളിക നല്‍കിയതെന്നും കുട്ടി പറഞ്ഞു. സിലിക്ക് ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ മൊഴി അനുസരിച്ച് വെള്ളത്തിലും സയനൈഡ് ചേര്‍ത്തിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സിലിയുടെ മരണശേഷം രണ്ടാനമ്മയായ ജോളിയില്‍ നിന്നും കടുത്ത പീഡനമാണ് നേരിട്ടത്. വലിയ വേര്‍തിരിവാണ് ജോളി തന്നോട് കാണിച്ചിരുന്നതെന്നും കുട്ടി പറഞ്ഞു. സിലി കൊല്ലപ്പെട്ട കേസില്‍ സിലിയുടെ മകന്റെ മൊഴി ഏറെ നിര്‍ണായകമാകും.
മാത്രമല്ല ജോളി കൊലപ്പെടുത്തിയ ആദ്യ ഭര്‍ത്താവ് റോയിയുടെ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ജോളിയുടെ കാമുകനായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സനാണ്. ബിഎസ്എന്‍എല്‍ സ്വാധീനം വച്ചാണോ ജോണ്‍സണ്‍ ഈ നമ്പര്‍ സ്വന്തമാക്കിയെന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
തെളിവെടുപ്പിനായി ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതോടെ കൂടത്തായി കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha