ഈ ജര്‍മന്‍ ദമ്പതികള്‍ക്ക് പ്രത്യേക വിമാനത്തിലും തിരികെ പോകാനായില്ല!

തിരുവനന്തപുരത്തുനിന്ന് 220 ജര്‍മന്‍ പൗരന്‍മാരെയും 30 യൂറോപ്യന്‍ പൗരന്‍മാരെയുംകൊണ്ട് 31-ന് പ്രത്യേകവിമാനം പുറപ്പെട്ടങ്കിലും ജര്‍മന്‍ ദമ്പതികളായ പീറ്റര്‍ മുള്ളറിനും മലയാളിയായ ഭാര്യ ഏലിയാമ്മ മുള്ളറിനും അതില്‍ പോകാനായില്ല. കേരളത്തിലുള്ള ജര്‍മന്‍ പൗരന്‍മാരെ തിരികെക്കൊണ്ടുപോകാനായി സജ്ജീകരിച്ച വിമാനത്തില്‍ മടങ്ങാനായി വൈറ്റിലയില്‍ നിന്നും ഇവര്‍ തിരുവനന്തപുരത്തേയ്ക്ക് എത്തിയിരുന്നു.
എന്നാല്‍ ഗുരുതര ശ്വാസകോശരോഗമായ സിഒപിഡി ഉള്ളതിനാല്‍ പ്രത്യേക ഓക്‌സിജന്‍ സൗകര്യമുള്ള വിമാനത്തില്‍ മാത്രമേ പീറ്ററിനു സഞ്ചരിക്കാനാകൂ. അധികൃതരെ പീറ്ററും ഏലിയാമ്മയും ഇക്കാര്യം നേരത്തെ അറിയിച്ച ശേഷമാണ് പ്രത്യേക വിമാനത്തില്‍ പോകാനായി തിരുവനന്തപുരത്ത് എത്തിയത്.
പക്ഷേ, ഓക്‌സിജന്‍ സൗകര്യമില്ലാത്തതിനാല്‍ ഇരുവര്‍ക്കും പോകാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ഇന്നലെ പുലര്‍ച്ചെ ഇവര്‍ വൈറ്റിലയിലെ ഫ്‌ലാറ്റില്‍ തിരികെയെത്തി.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ജര്‍മനിയിലേക്കു തിരിച്ചുപോകണമെന്നാണ് ഏലിയാമ്മയുടെയും പീറ്ററിന്റെയും ആഗ്രഹം. രോഗാതുരനായ പീറ്ററുമൊത്ത് തിരുവനന്തപുരത്തേക്കു വീണ്ടുമൊരു യാത്രയെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല, അവര്‍ക്ക്. 2000 മുതല്‍ എല്ലാ വര്‍ഷവും ഈ ദമ്പതികള്‍ കേരളത്തിലെത്താറുണ്ട്. ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് വരെയാണ് കേരളത്തില്‍ തങ്ങുന്നത്. ജര്‍മനിയിലെ തണുപ്പുകാലം കഴിഞ്ഞാണ് മടക്കം.
50 വര്‍ഷം മുന്‍പാണ് പിറവം സ്വദേശിയായ ഏലിയാമ്മ ജര്‍മനിയിലെത്തിയത്. നഴ്‌സായിരുന്നു. 2002-ലാണ് ഇവര്‍ വിവാഹിതരായത് . വൈറ്റിലയിലെ സ്വന്തം ഫ്‌ലാറ്റില്‍ കഴിയുന്ന അറുപത്തൊന്‍പതുകാരനായ പീറ്ററിനും എണ്‍പതുകാരിയായ ഏലിയാമ്മയ്ക്കും എയര്‍ ഇന്ത്യയ്ക്ക് തങ്ങളെ സഹായിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. അല്ലെങ്കില്‍ കോവിഡ് ഭീഷണി അവസാനിച്ച് വ്യോമഗതാഗതം പൂര്‍വസ്ഥിതിയിലാകുന്നതുവരെ കാത്തിരിക്കണം.
https://www.facebook.com/Malayalivartha