കോവിഡ് കാലത്ത് ഒരു ഓണ്‍ലൈന്‍ മിന്നുകെട്ട്... ലക്നൗവിലുള്ള അഞ്ജനയെ പള്ളിപ്പാട്ടെ വീട്ടില്‍വച്ചു ശ്രീജിത്ത് താലികെട്ടും!
കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത അകലത്തെ മറികടന്ന് ഉത്തര്‍പ്രദേശിലെ ലക്നൗവിലുള്ള അഞ്ജനയെ പള്ളിപ്പാട്ടെ അവരുടെ വീട്ടില്‍വച്ചു ശ്രീജിത്ത് താലികെട്ടും. ഓണ്‍ലൈനിലൂടെയാണ് വിവാഹം. വിവാഹ മുഹൂര്‍ത്തം 26-ന് 12.15-നും 12.45-നും മധ്യേ. മൊബൈല്‍ ഫോണില്‍ വധൂവരന്മാരും ബന്ധുക്കളും പരസ്പരം കണ്ടാണു ചടങ്ങുകള്‍.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ലക്നൗവിലുള്ള അഞ്ജനയ്ക്കും കുടുംബാംഗങ്ങള്‍ക്കും നാട്ടില്‍ എത്താന്‍ കഴിയാതായി. പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ ജി.പങ്കജാക്ഷന് ആചാരിയുടെ മകള്‍ പി.അഞ്ജനയുടെയും ചങ്ങനാശേരി പുഴവാത് കാര്‍ത്തികയില്‍ എന്‍.ശ്രീജിത്തിന്റെയും വിവാഹം നേരത്തേ നിശ്ചയിച്ചതാണ്. എങ്കിലും നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം നടക്കട്ടെ എന്നാണു തീരുമാനം.
വരനും അടുത്ത ബന്ധുക്കളായ 5 പേരും 26-ാം തീയതി വധുവിന്റെ പള്ളിപ്പാട്ടെ വീട്ടിലെത്തും. മുഹൂര്ത്തത്തിനു തൊട്ടു മുന്‍പ് വരനും വധുവും മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനിലെത്തും. ഇരു വീട്ടുകാരും ഓണ്‍ലൈനില്‍ വിവാഹ സമ്മതം പരസ്പരം അറിയിക്കും. മുഹൂര്‍ത്ത സമയത്ത് മൊബൈലില്‍ തെളിയുന്ന വധുവിന്റെ ചിത്രത്തില്‍ വരന് താലി ചാര്‍ത്തും.
ലക്നൗവിലെ വീട്ടില്‍ ബന്ധുക്കളെ സാക്ഷിയാക്കി ഈ സമയം വധു സ്വയം താലി ചാര്‍ത്തും. വിവാഹത്തിനു മുന്നോടിയായുള്ള പൊന്നുരുക്ക് നാളെ 11.30-ന് വരന്റെ വീട്ടില്‍ ലളിതമായ ചടങ്ങായി നടക്കും. ലക്നൗവില്‍ എച്ച്എഎല്‍ ഉദ്യോഗസ്ഥനായിരുന്ന പങ്കജാക്ഷന് ആചാരിയും കുടുംബവും വര്‍ഷങ്ങളായി അവിടെയാണു താമസം. ബാങ്ക് ജീവനക്കാരനാണു ശ്രീജിത്ത്.
https://www.facebook.com/Malayalivartha