പത്തരമാറ്റുള്ള ഫുള്‍ എ-പ്ലസ്! കെട്ടിടനിര്‍മാണ പണിക്ക് പോകുന്നതിനൊപ്പം പഠിച്ച് ജയസൂര്യ നേടിയ വിജയം
സേലം സ്വദേശിയായ രാജകണ്ണനും ഭാര്യ ഗോവിന്ദമ്മയും മലപ്പുറത്ത് കോട്ടയ്ക്കലില്‍ എത്തുന്നത് 20 വര്‍ഷം മുന്‍പാണ് അന്ന് മകന് ജയസൂര്യയ്ക്ക് ഒന്നര വയസ്സാണ് പ്രായം. കൂലിവേല ചെയ്ത് കുടുംബത്തെ പോറ്റുന്നതിനിടെ രാജകണ്ണന്‍ 17 വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു കിടപ്പിലായി. തുടര്‍ന്ന് ഭാര്യ ഗോവിന്ദമ്മ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന ജോലി തുടങ്ങി.
വീട്ടുവാടക, അച്ഛന്റെ ചികിത്സച്ചെലവ്, എല്ലാത്തിനുമായി ഓടിത്തളരുന്ന അമ്മയെ കണ്ടപ്പോള്‍ ജയസൂര്യ കെട്ടിടനിര്‍മാണ ജോലിക്കു പോയിത്തുടങ്ങി. ക്ലാസുകള്‍ മുടക്കാതെ തന്നെ. ജീവിതത്തിന്റെ അക്കൗണ്ടെടുത്താല്‍ നഷ്ടക്കണക്കു മാത്രമേ ഉള്ളുവെങ്കിലും പ്ലസ് ടു കൊമേഴ്സില്‍ ജയസൂര്യ പൊന്നുവാരി. കെട്ടിടനിര്‍മാണത്തിന് സിമന്റും മണലും കൂട്ടുന്നതിനിടെയാണ് പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ വിവരം ജയസൂര്യ അറിയുന്നത്.
ഒന്നാംക്ലാസ് മുതല്‍ 7 വരെ ആട്ടീരി സ്കൂളിലാണ് ജയസൂര്യ പഠിച്ചത്. 8 മുതല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും. അവധിദിവസങ്ങളില്‍ പണിക്ക് പോയും പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടും ആരെയും അതിശയിപ്പിക്കുന്ന വിജയസൗധം പടുത്തുയര്‍ത്തിയ ഈ വിദ്യാര്‍ഥിയ്ക്ക് തുടര്‍ന്ന് പഠിക്കണമെന്നും അധ്യാപകന് ആകണമെന്നുമാണ് ആഗ്രഹം.
https://www.facebook.com/Malayalivartha