പാമ്പ് കടി, കോവിഡ് പോസിറ്റീവ് ഇവയെ എല്ലാം തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി ഒരു ഒന്നര വയസ്സുകാരി!
കാസര്‍കോഡ് ജില്ലയില്‍ രാജപുരം പാണത്തൂര്‍ വട്ടക്കയത്തെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേ പാമ്പ് കടിയേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഒന്നര വയസ്സുകാരി കൊറോണ ഐസിയുവില്‍ നിന്നും ജീവിതത്തിലേക്കു തിരിച്ചെത്തി.
അപകടനില തരണം ചെയ്ത കുട്ടിയെ ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു റൂമിലേക്ക് മാറ്റിയത്. പാമ്പ് കടിയേറ്റതിന്റെ ചികിത്സയ്ക്കിടെ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മാതാവിനോടൊപ്പമാണു കുട്ടി ആശുപത്രിയിലുള്ളത്. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ പാമ്പ് കടിച്ചത്.
മറ്റുള്ളവര്‍ കുട്ടിയോട് അടുക്കാന്‍ ഭയന്നപ്പോള്‍ അയല്‍വാസിയായ ജിനില്‍ മാത്യു മുന്നോട്ടുവരികയായിരുന്നു. ജിനിലിനോടൊപ്പം പാണത്തൂരിലെ സന്നദ്ധ പ്രവര്‍ത്തകരായ പെരുമാലില്‍ ജോമോനും ആംബുലന്‍സില്‍ പോയി. പിന്നാലെ യുവാക്കളായ വിശാഖ്, ആല്ബിന് റിക്സന് എന്നിവര്‍ സ്വകാര്യ വാഹനം തരപ്പെടുത്തി കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവരും ഇപ്പോള്‍ ക്വാറന്റീനിലാണ്.
ജിനില്‍ മാത്യുവിനെ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി ഇ.ചന്ദ്രശേഖരന് എന്നിവര്‍ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha