ദുരിതക്കടലുകള്‍ താണ്ടി ബിഎ ഫിലോസഫി പരീക്ഷയില്‍ റാങ്ക്; ജീവിതമെന്ന മഹാസാഗരം നീന്തിക്കടക്കാന്‍ കൈത്താങ്ങ് തേടുന്നു അമൃത!
ദുരിതക്കടലുകള്‍ താണ്ടി ബിഎ ഫിലോസഫി പരീക്ഷയില്‍ ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന അമൃത ദശപുത്രന്‍ ഒന്നാം റാങ്ക് നേടി. കോഴ്സിന്റെ അവസാന മാസങ്ങളില്‍ പഠനസ്ഥലം പലപ്പോഴും ആശുപത്രിയിലെ ഒഴിഞ്ഞ കിടക്കകളായിരുന്നു. മത്സ്യത്തൊഴിലാളിയായ അച്ഛന് ആറാട്ടുപുഴ തറയില്‍ക്കടവ് കരിയില്‍ ദശപുത്രന്റെ വൃക്ക, ഹൃദയസംബന്ധ ചികിത്സകളുമായി ബന്ധപ്പെട്ട് ഏറെക്കാലം ആശുപത്രിയിലായിരുന്നു അമൃത. അങ്കണവാടി ഹെല്പറായ അമ്മ പ്രഭയും അമൃതയും മാറിമാറിയാണ് ആശുപത്രിയില്‍ നിന്നിരുന്നത്.
ഇടവിട്ടു ലഭിക്കുന്ന ദിവസങ്ങളിലായിരുന്നു കോളജില്‍ പോകാന്‍ കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ ദശപുത്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൃക്കകള്‍ക്കും തകരാര്‍ ഉണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് മത്സ്യബന്ധനത്തിനു പോകുന്നതും നിലച്ചു. ഇതോടെ അമൃതയുടെ പഠനവും ദശപുത്രന്റെ ചികിത്സയും പ്രതിസന്ധിയിലായി.
അങ്കണവാടി ഹെല്പറായ പ്രഭയുടെ വരുമാനത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ സഹായിച്ചു. എംഎ പൊളിറ്റിക്സിന് ചേരണമെന്നാണ് അമൃതയുടെ ആഗ്രഹം. ഒപ്പം അച്ഛന് മെച്ചപ്പെട്ട ചികിത്സ നല്കാന് കഴിയണമെന്നും.ഫോണ്‍: 8590435317
https://www.facebook.com/Malayalivartha