താന്‍ ചെയ്ത കൊലപാതകത്തെക്കുറിച്ച് വിവരിച്ച് ഗുണ്ടാത്തലവന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ
പട്ടാപ്പകല്‍ കൊലപാതകം നടത്തിയ ശേഷം കുറ്റകൃത്യത്തെപ്പറ്റി വിവരിച്ച് കൊലയാളിയുടെ ഫേസ്ബുക് ലൈവ്. കൊലപാതകത്തിന്റെ വീമ്പ് പറഞ്ഞും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം വിവരിച്ചുമായിരുന്നു തത്സമയ പ്രത്യക്ഷപ്പെടല്‍. സാംഗ്രൂരിലെ ലോങ്കോവാളിലെ ഗുണ്ടാ സംഘത്തലവന് ഡല്വിന്ദര് സിംഗ് ആണ് ഫേസ്ബുക് ലൈവ് നടത്തിയത്.
പര്ദേവ് സിംഗ് എന്ന 25കാരനാണ് നഗരമധ്യത്തില്‍ കൊല്ലപ്പെട്ടത്. ദല്‍ബീന്ദര്‍ സിങ് എന്ന ബബ്ലി രന്ദാവയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗുണ്ടാ സംഘം വളഞ്ഞശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. തലയിലേക്ക് തുരുതുരാ നിറയൊഴിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിനരികില്‍ ബബ്ലി നൃത്തം ചെയ്തു.പറ്റുമെങ്കില്‍ പിടികൂടൂ എന്ന് പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. കൊലപാതകം ആഘോഷിച്ചു കൊണ്ടുള്ള പാട്ടുകളും കൊലപാതകി ഫെയ്സ്ബുക്കിലൂടെ പാടി. കൊലപാതകം സംബന്ധിച്ച കാര്യങ്ങള്‍ വിവരിച്ച് നാല് വീഡിയോകളാണ് ബബ്ലി പുറത്തുവിട്ടത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഗുണ്ടാതലവന്റെ വീഡിയോയ്ക്ക് ഇതിനോടകം നൂറുകണക്കിന് ലൈക്കുകളാണ് ലഭിച്ചത്. കൊലപാതക ശേഷം ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ എണ്ണവും കൂടി. 2,000ത്തിലധികം പേരാണ് ഗുണ്ടാത്തലവനുമായി പുതുതായി കൂട്ടുകൂടിയത്. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു ബബ്ലി. പരോള്‍ നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കൊലപാതകം നടത്തിയത്.ബബ്ലിക്കൊപ്പം ഉണ്ടായിരുന്നത് അമന് സിങ്, നാന്‍സി, വരീന്ദര്‍ സിങ് സുര്‍ജ എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യും വരെ കൊല്ലപ്പെട്ട മകന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ട് നല്‍കില്ലെന്നാണ് അച്ഛന് സജന് സിംഗിന്റെ നിലപാട്. പ്രതിയെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha