സാദാ സുനി പള്‍സര്‍ സുനിയായതെങ്ങനെ...
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോകുകയൂം ആക്രമിക്കുകയും ചെയ്ത കേസില്‍ പോലീസ് തെരയുന്ന പ്രധാന പ്രതി പള്‍സര്‍ സുനിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെറുപ്പം മുതല്‍ മോഷണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന കൊടും വില്ലനാണ് സുനിയെന്ന് വ്യക്തമാകുന്നു. സുനി മുതിര്‍ന്നപ്പോള്‍ മോഷണത്തിനൊപ്പം ക്വട്ടേഷന്‍ പണികള്‍ കൂടി ഏറ്റെടുത്തു. പൊതുവേ ആഡംബരപ്രിയന്‍ കൂടിയായിരുന്നു ഇയാള്‍.
മോഷ്ടിച്ച പണം ഉപയോഗിച്ച് പള്സ' ബൈക്ക് വാങ്ങിയതോടെയാണ് മോഷ്ടാവ് സുനി പള്‍സര്‍ സുനിയായത്. വീട്ടുകാരുമായി വലിയ അടുപ്പമൊന്നും കാട്ടാത്ത ഇയാള്‍ വീട്ടിലേക്ക് പണമോ സഹായമോ നല്‍കാറുമില്ല. കുട്ടിക്കാലത്തേ മോഷണം പതിവാക്കിയിരുന്ന സുനിയുടെ സ്വഭാവം മോശമായതോടെ മാതാപിതാക്കള്‍ മകനെ തള്ളുകയും വീട്ടില്‍ കയറ്റാതാകുകയുമായിരുന്നു. മകന്റെ ദുഷ്പ്രവര്‍ത്തി മൂലം പിതാവ് സുരേന്ദ്രന് മകനോട് സംസാരിക്കാറ് പോലും ഇല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ വീടു വിടുകയും ചെയ്തിരുന്നു.
2010 ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാനും ഇതുപോലെ സുനി നോക്കിയതായി നിര്‍മ്മാതാവ് സുരേഷ്കുമാര്‍ ആരോപിക്കുന്നു. തന്റെ ഭാര്യ മേനകയെയായിരുന്നു ഈ രീതിയില്‍ ആക്രമിച്ചത്. മേനകയ്ക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയായിരുന്നു ലക്ഷ്യമെങ്കിലും ആ നടി അന്നു കാറില്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. പിന്നീട് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമാക്കിയില്ല.
കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവനടിയെ ഇയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആക്രമിച്ചത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ അങ്കമാലിയില്‍ വെച്ച് സംഘം നടിയെ ആക്രമിക്കുകയായിരുന്നു. അത്താണിക്ക് സമീപം നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തുകയും അതിക്രമിച്ച് അകത്തുകയറുകയും പാലാരിവട്ടം വരെ ആക്രമിക്കുകയുമായിരുന്നു. മുന്‍ ഡൈവ്രറുടെ നേതൃത്വത്തിലുള്ള സംഘം അപകീര്‍ത്തി പരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും തുടര്‍ന്ന് പാലാരിവട്ടത്ത് വെച്ച് മറ്റൊരു കാറില്‍ കയറി പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha