മാധ്യമങ്ങള്‍ കണ്ടത് 'ചൂടന്‍' ശാസ്ത്രിയേയും 'തണുപ്പന്‍' കോലിയേയും!

വിന്‍ഡീസ് പര്യടനത്തിനു മുന്നോടിയായുള്ള ക്യാപ്റ്റന്റെ വാര്‍ത്താ സമ്മേളനത്തെ മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ ആവേശത്തോടെ ഉറ്റുനോക്കുകയായിരുന്നു. ലോകകപ്പ് മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന വിരാട് കോലി - രോഹിത് ശര്‍മ പിണക്കത്തെക്കുറിച്ച് ആദ്യമായി ഇവരിലൊരാളോടു നേരിട്ട് ചോദിക്കാനുള്ള അവസരമായിരുന്നു മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ആ വാര്‍ത്താസമ്മേളനം.
അതുകൊണ്ടു തന്നെയാണ് വിദേശ പര്യടനങ്ങള്‍ക്കു മുന്‍പ് മാധ്യമങ്ങളെ കാണുന്ന പതിവ് വിന്‍ഡീസ് പര്യടനത്തിന്റെ കാര്യത്തില്‍ കോലി തെറ്റിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പതിവിലും വലിയ വാര്‍ത്തയായത്. ഇവരുടെ പിണക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഭാര്യമാരിലേക്കു വരെ ചെന്നെത്തിയ സാഹചര്യത്തില്‍ 'പൊട്ടിത്തെറിക്കുന്ന' കോലിയെയാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതീക്ഷിച്ചത്. പക്ഷേ സംഭവിച്ചത് മറിച്ചാണ്.
അര മണിക്കൂറോളം നീണ്ടു നിന്ന മാധ്യമസമ്മേളനത്തിലെ ചോദ്യങ്ങള്‍ക്കെല്ലാം കോലി പ്രസന്നവദനനായി ഉത്തരം പറഞ്ഞപ്പോള്‍ ചോദ്യങ്ങള്‍ക്കിടെ ഇടപെട്ട പരിശീലകന്‍ രവി ശാസ്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്. മൂന്നാം വട്ടവും കോലി-രോഹിത് പിണക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ശാസ്ത്രി ഇടയ്ക്കു കയറി പ്രതികരിച്ചു: 'ഇവരുടെ ഭാര്യമാര്‍ തമ്മില്‍ ബാറ്റിങ്ങും ബോളിങ്ങുമാണ് എന്നതും നിങ്ങള്‍ ഉടനെ പലയിടത്തും വായിക്കും..'. നിരന്തരമായി വരുന്ന വാര്‍ത്തകളോടുള്ള നീരസം പത്രസമ്മേളനത്തിലുടനീളം ശാസ്ത്രിയുടെ മുഖത്തു കാണാമായിരുന്നു. ലോകകപ്പ് നേടിയിരുന്നെങ്കില്‍ കഴിഞ്ഞ കുറച്ചു കാലമായുള്ള ടീമിന്റെ മികച്ച പ്രകടനത്തിനുള്ള കിരീടധാരണമായിരുന്നേനെ അതെന്നും ശാസ്ത്രി പറഞ്ഞു. എന്നാല്‍ സെമിയില്‍ തോറ്റത് ടീമിന്റെ മികവിനെക്കുറിച്ചുള്ള അഭിപ്രായം ഒട്ടും കുറയ്ക്കുന്നില്ലെന്നും പരിശീലകന്‍ പറഞ്ഞു.
'മനസ്സിലുള്ളത് മുഖത്തു കാണിക്കുന്ന ആളാണ് ഞാന്‍. ടീമില്‍ ആരെങ്കിലുമായി ഇഷ്ടക്കേടുണ്ടെങ്കില്‍ അതു പ്രകടമായിത്തന്നെ എന്റെ മുഖത്തു കാണും' - രോഹിത് ശര്‍മയുമായി രസക്കേടുണ്ടെന്ന വാര്‍ത്തകള്‍ ശക്തമായി നിഷേധിച്ച കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനും ചില വാര്‍ത്തകള്‍ കേട്ടു. ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കില്‍ ഇത്രയും സ്ഥിരതയോടെ കളിക്കാന്‍ ടീമിനു സാധിക്കുമോ?' ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉജ്വലമായി കളിച്ച ടീമാണ് ഇന്ത്യ. ഇത്തരം കാര്യങ്ങള്‍ക്കു നേരെ കണ്ണടച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. വ്യക്തിപരമായ കാര്യങ്ങള്‍ പൊതു വേദിയിലേക്ക് വലിച്ചിഴയ്ക്കുന്നതും തെറ്റുതന്നെ.'
രോഹിത് ശര്‍മയുമായുള്ള ബന്ധത്തെക്കുറിച്ച് മൂന്നു വട്ടമാണ് കോലിക്കു നേരെ ചോദ്യങ്ങളുയര്‍ന്നത്. എല്ലാ തവണയും ക്ഷമയോടെ, വിശദമായാണ് കോലി മറുപടി പറഞ്ഞത്.
'11 വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കുന്നയാളാണ് ഞാന്‍, രോഹിത് പത്തു വര്‍ഷത്തോളവും. ഇതുവരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. രോഹിത്തിന്റെ മികച്ച പ്രകടനങ്ങളെയെല്ലാം ഞാന്‍ ആത്മാര്‍ഥമായി പ്രശംസിക്കാറുണ്ട്. കാരണം അദ്ദേഹം അത്ര മികച്ച കളിക്കാരനാണ്. ടീമിന് എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്നും എനിക്കറിയാം..'
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നു ഫോര്‍മാറ്റുകളിലും താന്‍ കളിക്കാന്‍ തീരുമാനിച്ചത് രോഹിത് ശര്‍മ ക്യാപ്റ്റനാകുമോയെന്ന് പേടിച്ചിട്ടാണോയെന്ന പ്രചാരണത്തോടും കോലി വിശദമായി പ്രതികരിച്ചു. 'ഏതെങ്കിലും കളിക്കാരന്‍ വിശ്രമം എടുക്കണമെന്ന് ബിസിസിഐ തീരുമാനിക്കുന്നത് ടീമിന്റെ ട്രെയ്‌നറോടും ഫിസിയോയോടും കൂടി അഭിപ്രായം തേടിയിട്ടാണ്. എനിക്ക് അധ്വാനം കൂടുതലാണ് എന്ന് ട്രെയ്‌നര്‍ക്കോ ഫിസിയോയ്‌ക്കോ തോന്നിയിട്ടില്ല. അതു കൊണ്ടു തന്നെ മാറിനില്‍ക്കണം എന്ന് ബോര്‍ഡ് എന്നോടു പറഞ്ഞിട്ടുമില്ല..'
ബിസിസിഐ പുതിയ പരിശീലകനെ തേടി അപേക്ഷ ക്ഷണിച്ചിരിക്കുകയാണല്ലോ; ഇക്കാര്യത്തില്‍ കപില്‍ദേവ് അധ്യക്ഷനായ ഉപദേശക സമിതി അഭിപ്രായം ചോദിച്ചാല്‍ ശാസ്ത്രിയെ പിന്തുണയ്ക്കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോഴത്തെ ടീമിലെ എല്ലാവര്‍ക്കും രവി ഭായിയുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം തന്നെ പരിശീലക സ്ഥാനത്തു തുടര്‍ന്നാല്‍ വലിയ സന്തോഷം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉപദേശക സമിതിയാണ്. എന്നോട് ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ല' എന്നായിരുന്നു കോലിയുടെ മറുപടി.
https://www.facebook.com/Malayalivartha