ഐ പി എല്‍: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ജയം

സൂപ്പര്‍ ഓവറിലേക്കു നീണ്ട മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ജയം.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 201- റണ്‍സിലെത്തി. ദേവ്ദത്ത് പടിക്കല്‍ (40 പന്തില്‍ 54 5 ഫോര്‍, 2 സിക്‌സ്), ആരോണ്‍ ഫിഞ്ച് (35 പന്തില്‍ 52 7 ഫോര്‍, ഒരു സിക്‌സ്), എബി ഡിവില്ലിയേഴ്‌സ് (24 പന്തില്‍ 55 4 ഫോര്‍, 4 സിക്‌സ്) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. അവസാനം ഇറങ്ങിയ ശിവം ദുബെയും (10 പന്തില്‍ 27 ഒരു ഫോര്‍, 3 സിക്‌സ്) മോശമാക്കിയില്ല. കോലി 11 പന്തില്‍ 3 റണ്‍സ് മാത്രമെടുത്തു പുറത്തായി.
ട്രെന്റ് ബോള്‍ട്ടിന്റെ 3-ാം ഓവറിലെ 4-ാം പന്ത് സിക്‌സിനു പറത്തിയ ഫിഞ്ച് പാറ്റിന്‍സന്റെ 5-ാം ഓവറില്‍ തുടരെ 3 ഫോറും നേടിയതോടെ ദേവ്ദത്ത് സ്‌ട്രൈക് റൊട്ടേറ്റ് ചെയ്ത് സപ്പോര്‍ട്ടിങ് റോളിലേക്ക് മാറി. ഇരുവരും പരസ്പര ധാരണയോടെ മുന്നേറിയപ്പോള്‍ ബാംഗ്ലൂരിന്റെ തുടക്കം അസ്സല്‍; ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ്. ഫിഞ്ച് പുറത്തായതിനു ശേഷം ക്രീസിലെത്തുമ്പോള്‍ കോലിക്കു സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നു. എന്നാല്‍, രാഹുല്‍ ചാഹറിനെതിരെ പാടുപെട്ട കോലി ഒടുവില്‍ 13-ാം ഓവറില്‍ മുംബൈ സ്പിന്നര്‍ക്ക് വിക്കറ്റും സമ്മാനിച്ചു.
മറുപടിയില്‍ ഇഷന്‍ കിഷന്റെയും (58 പന്തുകളില്‍ 99) കീറോണ്‍ പൊള്ളാര്‍ഡിന്റെയും (24 പന്തുകളില്‍ 60) മാസ്മരിക ബാറ്റിങ്ങാണു മുംബൈയ്ക്കു ജീവന്‍ നല്‍കിയത്. മുംബൈ 5ന് 201-ല്‍ എത്തിയതോടെ മത്സരം ടൈ ആയി. പിന്നീടു സൂപ്പര്‍ ഓവര്‍. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 7 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കീറോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റെടുത്ത് നവ്ദീപ് സൈനി തിളങ്ങി. ബാംഗ്ലൂരിനായി ഇറങ്ങിയതു ക്യാപ്റ്റന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും. ജസ്പ്രീത് ബുമ്രയുടെ ഓവറിലെ അവസാന പന്തില്‍ ഫോറടിച്ച് കോലി ബാംഗ്ലൂരിനു ജയം സമ്മാനിച്ചു.
https://www.facebook.com/Malayalivartha