ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരം ഇന്ന്

ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരം ഇന്ന് വിശാഖപട്ടണത്ത്. പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യയെ സംബന്ധിച്ച് മത്സരത്തിൽ ടോസ് നിർണായകമാണ്. കഴിഞ്ഞ 20 മത്സരങ്ങളിൽ ഇന്ത്യക്ക് ടോസ് കിട്ടിയിട്ടില്ല. മഞ്ഞുവീഴ്ച രണ്ടാമത് പന്തെറിയുന്ന ടീമിനെ ബാധിക്കാനായി സാധ്യതയുണ്ട്. റായ്പുരിൽ നടന്ന രണ്ടാം മത്സരത്തിൽ 358 റണ്ണടിച്ചിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല.
മഞ്ഞുവീഴ്ച ഒരു ഘടകമാണെങ്കിലും ബൗളർമാരുടെയും -ഫീൽഡർമാരുടെയും മോശം പ്രകടനമാണ് പ്രധാന കാരണം. ആദ്യ ഏകദിനത്തിൽ ഇന്ത്യ പരാജയത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പരമ്പരയിൽ കോഹ്ലി തുടരെ രണ്ട് സെഞ്ച്വറികൾ അടിച്ചു നിൽക്കുന്നതിനാൽ ആരാധകർ ഹാട്രിക്ക് ശതകമാണ് സൂപ്പർ താരത്തിൽ നിന്നു പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ കോഹ്ലി 135 റൺസെടുത്തു. രണ്ടാം മത്സരത്തിൽ 102 റൺസുമാണ് കോഹ്ലി കണ്ടെത്തിയത്. രോഹിത് ശർമ, കന്നി സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാദ്, ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്തുനൽകുന്നു. അതേസമയം, യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന് രണ്ട് കളിയിലും തിളങ്ങാനായില്ല.
അതേസമയം ഇന്ത്യൻ മണ്ണിൽ അപൂർവ നേട്ടം ലക്ഷ്യമിടുകയാണ് ദക്ഷിണാഫ്രിക്ക. ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് അവർ.
"
https://www.facebook.com/Malayalivartha






















