ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരളത്തിന് തോൽവി; ഹാട്രിക് അടിച്ച് ചർച്ചിൽ താരം ലൂക്കാ

ഐ ലീഗ് ഫുട്ബോളിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരളത്തിന് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചർച്ചിൽ ഗോകുലം കേരളത്തെ പരാജയപ്പെടുത്തിയത്.
ചർച്ചിൽ താരം ലൂക്കാ മജേണിന്റെ ഹാട്രിക്കാണ് ഗോകുലം കേരളത്തെ തകർത്തത്. മുപ്പതാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പത്തുപേരായി ചുരുങ്ങിയ ഗോകുലം കേരളത്തെ ചർച്ചിൽ ബ്രദേഴ്‌സ് നന്നായി മുതലെടുത്തു. ഇരുപത്തിയാറാം മിനിറ്റിൽ ലൂക്കയുടെ ആദ്യഗോൾ ഗോകുലത്തിന്റെ വലയിൽ വീണു.
പിന്നീട് 53,87 മിനിറ്റുകളിലായാണ് ലൂക്കാ ഹാട്രിക് തികച്ചത്. ഗോകുലത്തിന് വേണ്ടി ഫിലിപ്പ് അഡ്ജാഹ് എൺപതാം മിനിട്ടിലും ജിതിൻ എം.എസ് ഇഞ്ചുറി ടൈമിലും ലക്ഷ്യം കണ്ടു.
പെനാൽറ്റിയിലൂടെ തിരിച്ച് വരാൻ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ അഡ്ജാഹ്യ്ക്ക് ആയില്ല.
പത്തുപേരായി ചുരുങ്ങിയെങ്കിലും നന്നായി പൊരുതിയ ശേഷമാണ് ഗോകുലം കേരള തോൽവി ഏറ്റുവാങ്ങിയത്.നിലവിൽ പതിനാറ് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഗോകുലം. 22 പോയിന്റോടെ ചർച്ചിൽ ബ്രദേഴ്‌സ് തന്നെയാണ് ലീഗിൽ ഒന്നാമത്.
https://www.facebook.com/Malayalivartha