ഖത്തർ! ഖത്തർ! ഖത്തർ! കാല്പന്തിന്റെ മായാജാലം... ഇത്തവണത്തെ വിജയി?

ഓരോ ഫുട്ബോൾ പ്രേമിയും കാത്തിരിക്കുകയാണ്. അവരുടെയെല്ലാം മനസിൽ ഒരു ഹീറോ. അവൻ ലോകം കീഴടക്കുകയാണ്. മന്ത്രമൊളിപ്പിച്ച കാലു കൊണ്ട് തുകൽപ്പന്തിന്‍റെ ജാതകമെഴുതുകയാണ്.
ഖത്തർ! ഖത്തർ! ഖത്തർ!
മനസിലും നഭസിലും ഇഹത്തിലും പരത്തിലും നിറയുകയാണ്. അതെ...നാൽവർഷ മാമാങ്കത്തിന് ചാവേറുകൾ ഒരുങ്ങിക്കഴിഞ്ഞു. ഇനിയോരോ ഹൃദയമിടിപ്പിലും ഫുട്ബോൾ. ഓരോ ശ്വാസത്തിലും ഫുട്ബോൾ. ചിന്തിക്കുന്നതെല്ലാം ഫുട്ബോൾ. കാണുന്നതെല്ലാം ഫുട്ബോൾ. പറയുന്നതെല്ലാം ഫുട്ബോൾ. സൈക്കഡലിക് ദൃശ്യം പോലെ പ്രപഞ്ചമൊരു കൂറ്റൻ പുൽമൈതാനമാകുന്നു. യക്ഷ, കിന്നര, ഗന്ധർവൻമാർ മധുരഗാനം പൊഴിക്കുന്ന രാവുകളിൽ, കന്നി പ്രണയം പോലെ ഓരോ അണുവും ത്രസിപ്പിക്കുന്ന ഫുട്ബോൾ.
ആദ്യമായി ഗൾഫ് ലോകകപ്പിന്‍റെ ആവേശം നിയന്ത്രിക്കുന്ന നിമിഷം. പ്രധാനവേദിയായ അൽതുമാമ സ്റ്റേഡിയം തലയുയർത്തി നിൽക്കുന്നു. ഭാഗ്യചിഹ്നമായ ലഈബ് കളിപ്രേമികളുടെ ഹൃദയത്തിൽ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. "പ്രതിഭയുള്ള കളിക്കാരൻ'എന്ന അർഥം വരുന്നതാണ് മുദ്ര. യുവത്വത്തിന്‍റെ ചുറുചുറുക്കും ഉന്മേഷവും ആഹ്ലാദവുമെല്ലാം ഇതിലുണ്ട്. അറബ് പൈതൃകത്തിന്‍റെയും പാരന്പര്യത്തിന്‍റെയും സമ്പന്നതയും.
ഖത്തറിലും അറബ് ലോകത്തും അലയടിക്കുന്ന ഫുട്ബോൾ അഭിനിവേശത്തിന് ലോകം സാക്ഷ്യം വഹിക്കുമ്പോൾ ഇതിനു മാറ്റുകൂട്ടാൻ പോസ്റ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു. ഗോളിന്‍റെ ആവേശത്തിൽ അറബികളുടെ പരമ്പരാഗത ശിരോവസ്ത്രം മുകളിലേക്കുയർത്തുന്ന ചിത്രീകരണം. കുടുംബങ്ങളെ കൂട്ടിയിണക്കുന്ന കളിയെന്ന കാഴ്ചപ്പാടും ഖത്തർ മുന്നോട്ടു വയ്ക്കുന്നു.
1930 ജൂലൈ 13. ഉറുഗ്വേ. അവിടെയാണു തുടക്കം. ഫ്രഞ്ചുകാരൻ യൂൾറിമെയുടെ സ്വപ്നം സാക്ഷാത്കരിച്ച നിമിഷം. രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന്‍റെ മൂന്നാമത്തെ പ്രസിഡന്‍റായിരുന്ന യൂൾറിമെയുടെ പേരിൽ തന്നെ ആദ്യകപ്പ്. 13 ടീമുകൾ. ഭാഗ്യനമ്പറായി മാറിയ 13.
മോണ്ടി വിഡിയോയിലെ സെന്‍റിനേറിയോ സ്റ്റേഡിയം.
ഫൈനൽ. ആതിഥേയർക്ക് അർജന്‍റീനയുടെ വെല്ലുവിളി. കടലല പോലെ ഇരച്ചു വന്ന് പാബ്ലോ അർജന്‍റീന വലയിൽ ആദ്യ ഗോൾ നിറച്ചപ്പോൾ ലോകം വിറകൊണ്ടു. ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ കന്നിഗോളിന്‍റെ ഉജ്വലമുഹൂർത്തം. കാർലോസ് പ്യൂസയിലൂടെ അർജന്‍റീനയുടെ മറുപടി.
പക്ഷേ രണ്ടാംപകുതി ഉറുഗ്വേയുടേത്. സിയ, ഇറിയാത്ര, കാസ്ട്രോ... ഗോളുകൾ കുമിഞ്ഞു. 4-1 എന്ന ചരിത്രം. ഉറുഗ്വേ ആദ്യലോക കപ്പ് സ്വന്തമാക്കി. അവിടെ തുടങ്ങിയതാണ് ഈ ഹൃദയവികാരം. മറക്കാനാവാതെ..മറക്കാനാവാതെ...തലമുറകൾ ഏറ്റുവാങ്ങിയ മാസ്മരപ്രണയം.
ഫുട്ബോൾ ആഗോള ഗെയിമാണ്.
അമേരിക്കൻ ഫുട്ബോളാണ്, ബാസ്കറ്റ്ബോളാണ് മികച്ച കളിയെന്നു വാദിക്കുന്നവരുണ്ട്. അവരെ നിഷ്പ്രഭരാക്കുന്ന പിന്തുണയാണ് ഫുട്ബോളിന്. ലോകത്തിന്‍റെ ഏതുഭാഗത്തായാലും ഫുട്ബോൾ നൽകുന്ന ആവേശം, ആനന്ദം സമാനമാണ്. വലിപ്പച്ചെറുപ്പങ്ങളില്ല. പ്രായഭേദമില്ല. ഒരോ മത്സരത്തിലും മൈതാനത്തു കാണുന്ന ത്രിൽ സ്റ്റേഡിയത്തിലും ഫുട്ബോൾ പ്രേമികളുടെ വീടുകളിലും മനസ്സിലും രോമാഞ്ചമുണർത്തുന്നതാണ്.
നമുക്കറിയാം ക്ലബ് ഫുട്ബോൾ പകരുന്ന ആവേശം. ലോകകപ്പിലേക്കുള്ള അതിസാഹസികമായ ഊടുവഴികളാണ് ഓരോ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളും. ആഴ്ചയവധികളിൽ നിറയുന്ന സ്റ്റേഡിയം. സ്വന്തം ക്ലബിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കാണികൾ. ക്ലബിനുവേണ്ടി കളിയുടെ അങ്ങേയറ്റം പുറത്തെടുക്കുന്ന കളിക്കാർ. അതാണ് ലോകകപ്പിന്‍റെ മൂലധനം.
ക്ലബ് ഫുട്ബോളായാലും ലോകകപ്പായാലും ചില ഐതിഹാസിക പോരാട്ടങ്ങളുണ്ട്. പരന്പരാഗത വൈരികളുണ്ട്. അവരുടെ ഓരോ പോരാട്ടവും തീപാറുന്നത്. ത്രസിപ്പിക്കുന്നത്. ലോകകപ്പിന്‍റെ ഫൈനൽ എന്നാൽ ഫുട്ബോൾ പ്രേമിയെ സംബന്ധിച്ചിടത്തോളം വിധിദിനമാണ്. ഒരുപാടു സന്തോഷങ്ങൾക്കും നിരാശകൾക്കും നഷ്ടപ്പെടലുകൾക്കും കണ്ണീരിനും ശേഷം വരുന്ന വിധിയെഴുത്തിന്‍റെ ദിനം. അതുവരെ നടന്ന കളികളെല്ലാം അവർ താത്കാലികമായി മറക്കും.
വരാനിരിക്കുന്ന ആ നിർണായകമായ തൊണ്ണൂറു മിനിറ്റിനായി കാത്തിരിക്കും. പ്രപഞ്ചമരത്തിലെ ഒരില വീഴുന്നത് കേൾക്കാൻ തക്ക ശ്രദ്ധയോടെ. റഷ്യൻ വോഡ്കയുടെ വീര്യവും ഫ്രഞ്ച് കോഞ്ഞ്യാക്കിന്‍റെ വിശുദ്ധിയും സ്കോട്ടിഷ് വൈനിന്‍റെ പുണ്യവും കലർന്ന നിമിഷം. ലാറ്റിനമേരിക്കൻ സൗന്ദര്യവും യൂറോപ്യൻ ബുദ്ധിയും കരുത്തും ഏഷ്യൻ പോരാട്ടവീറും മാറ്റുരച്ച് ഒട്ടേറെ സൂചിക്കുഴകളിലൂടെ കടന്നെത്തിയ ഒട്ടകങ്ങൾ വിരചിക്കുന്ന കഥ!
ഈ വിധി നിർണായക ദിവസത്തിനായി നമുക്കു കാത്തിരിക്കാം... കണ്ണും കരളും തുറന്ന്...
https://www.facebook.com/Malayalivartha