പിടിച്ചുകയറാൻ മെസിയും നെയ്മറും... മരണ ഗ്രൂപ്പുകളിൽ ആവേശം മാനം മുട്ടെ.... ആദ്യ റൗണ്ടിൽ പടയൊരുക്കം ഇങ്ങനെ" ഖത്തറിലെ ഗ്രൂപ്പുകൾ

ഖത്തറിൽ കൊടുമുടി കയറിയ ആവേശം നാളെ മുതൽ സ്റ്റേഡിയങ്ങളിൽ തിളയ്ക്കുന്പോൾ ഈ കൊച്ചുരാജ്യത്ത് അരങ്ങേറുന്ന ഫുട്ബോൾ ഗ്രൂപ്പിസത്തെ ഒന്നു വിലയിരുത്താം. ആറു ഫുട്ബോൾ ഫെഡറേഷനുകളിൽ നിന്നായി 32 ടീമുകൾ. A മുതൽ H വരെ എട്ടു ഗ്രൂപ്പ്.
ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കയിൽ നിന്നുള്ള ഇക്വഡോറും ആഫ്രിക്കൻ കരുത്തുമായി
സെനഗലും ലോകഫുട്ബോളിലേയും ലോകകപ്പിലേയും ശക്തിയായ ഹോളണ്ടുമാണ് എ ഗ്രൂപ്പിൽ. തോൽവിടെ അടക്കാനാവാത്ത വേദന മൂന്നുതവണ അനുഭവിച്ചവരാണ് ഡച്ചുകാർ. കപ്പിനും ചുണ്ടിനുമിടയിലാണ് മൂന്നുതവണ കപ്പ് വഴുതിയത്. ഗ്രൂപ്പിൽ ഒന്നാമതെത്തുക ഹോളണ്ടിന് അത്ര എളുപ്പമല്ല.
ഖത്തറും സെനഗലും ഇക്വഡോറും പ്രഹരശേഷിയിൽ മുന്നിൽത്തന്നെ. ഏഷ്യൻ ചാന്പ്യൻമാരെന്ന മികവും ആതിഥേയരെന്ന ആവേശവും ഒത്തുചേർന്നാൽ ഖത്തറിനെ മറികടക്കുക ദുഷ്കരമാകും. സ്റ്റാർ താരം മാനേയുടെ പരിക്ക് സെനഗലിനെ അലട്ടുമെങ്കിലും ഒട്ടും വിട്ടുകൊടുക്കാനിടയില്ല. ഇക്വഡോറാണെങ്കിൽ ലാറ്റിനമേരിക്കയുടെ സ്വതസിദ്ധമായ പോരാട്ടവീര്യം കൈവിടില്ല.
ഇംഗ്ളണ്ടും വെയിൽസും അമേരിക്കയും ഇറാനുമാണ് ഗ്രൂപ്പ് ബിയിൽ. ഇംഗ്ലണ്ട് 1966ലെ ചാന്പ്യൻ. എങ്കിലും പിന്നീട് ഫൈനൽ കണ്ടിട്ടില്ല. ലോകഫുട്ബോളിലെ വൻശക്തികളിലൊന്നെങ്കിലും ലോകകപ്പി ൽ പിഴയ്ക്കാറാണ് പതിവ്. 2018ലെ നാലാം സ്ഥാനമാണ് അവരുടെ ലോകകപ്പ് കിരീടം കഴിഞ്ഞാൽ പ്രധാനനേട്ടം. ആ വർഷം സുവർണപാദുകം നായകൻ ഹാരി കെയ്ൻ സ്വന്തമാക്കിയതും.
64 വർഷത്തിനു ശേഷമാണു വെയിൽസ് യോഗ്യത നേടുന്നത്. ക്യാപ്റ്റൻ ഗാരത് ബെയ്‌ലും സംഘവും കാത്തിരുന്നെത്തുന്നത് വെറുതെ മടങ്ങാനാവില്ല. അലി ദേയിയുടെ പാരന്പര്യമുള്ള ഇറാനും വെറുതെ വിട്ടുകൊടുക്കാൻ ഇഷ്ടപ്പെടുന്നവരല്ല. ചരിത്രത്തിലെ ആദ്യ ലോകകപ്പിൽ സെമിയിലെത്തിയവരാണ് അമേരിക്ക. പിന്നീട് പുറകോട്ടുപോയി. പഴയ പ്രതാപം ആവർത്തിക്കുകയാകും അവരുടെ ലക്ഷ്യം. ഇംഗ്ളണ്ടിനാണ് മുൻതൂക്കമെങ്കിലും അട്ടിമറി സാധ്യതയുണ്ടെന്നു ചുരുക്കം.
ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന കളികളാണ് ഗ്രൂപ്പ് സി യിൽ. അർജന്‍റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്. ഏറ്റവുമധികം ആരാധകരുള്ള അർജന്‍റീനയ്ക്കു ഒന്നാം സ്ഥാനക്കാരായി മുന്നേറാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. മെസ്സിയുടെ അവസാനലോകകപ്പ് എന്ന വൈകാരികത കൂടിയുള്ളതുകൊണ്ട് ആവേശം കൊടുമുടി കയറും.
രണ്ടു ലോകകപ്പ് കീശയിലുള്ള അർജന്‍റീനയ്ക്ക് ഇത്തവണത്തെ കോപ അമേരിക്ക ജേതാക്കളെന്ന പെരുമയുമുണ്ട്. തോൽക്കാതെ 36 കളിയെന്ന മിടുക്കിലാണ് സ്കലോണിയുടെ കുട്ടികൾ. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഗോളടിമികവാണ് പോളണ്ടിന്‍റെ കുന്തമുന. ലെവൻ ഫോമിലായാൽ എതിരാളികൾ പാടുപെടും. സൗദിയും മെക്സിക്കോയും അട്ടിമറിക്കു മടിക്കാത്തവരും.
നിലവിലെ ചാന്പ്യൻമാരായ ഫ്രാൻസ് പടയോട്ടം നടത്തുന്ന ഗ്രൂപ്പാണ് ഡി. ഡെൻമാർക്കും ഓസ്ട്രേലിയയും ടുണീഷ്യയുമാണ് എതിരാളികൾ. മുൻതൂക്കം ഫ്രാൻസിനു തന്നെ. എങ്കിലും എതിരാളികളെ വിലകുറച്ചു കണ്ടാൽ പണി പാളും. നിലവിലെ ചാന്പ്യൻമാർ ഗ്രൂപ്പിൽ തന്നെ അസ്തമിക്കുന്നതിനു തുടക്കമിട്ടവരാണ് ഫ്രഞ്ച് ടീം.
1998ൽ ആദ്യകപ്പ് നേടിയ ശേഷം 2002ൽ ആദ്യ റൗണ്ടിൽത്തന്നെ അവർ പുറത്തായതാണ്. 98 ൽ ക്വാർട്ടറിലെത്തിയ പോരാട്ടം ആവർത്തിക്കാനാവും ഡെൻമാർക്കിന്‍റെ ശ്രമം. ഏഷ്യൻ ഗ്രൂപ്പിൽ നിന്നു വന്ന ഓസ്ട്രേലിയയും ആഫ്രിക്കൻ കരുത്തരായ ടുണീഷ്യവും പൊരുതിത്തന്നെയേ പോകൂ.
തങ്ങൾ തുടങ്ങിവച്ച ശീലം ഫ്രാൻസ് മാറ്റുമോ എന്നാണറിയാനുള്ളത്. അട്ടിമറിയൊന്നും നടന്നില്ലെങ്കിൽ ആദ്യ നാലു ഗ്രൂപ്പിൽ നിന്ന് ഹോളണ്ട്, ഇംഗ്ലണ്ട്, അർജന്‍റീന, ഫ്രാൻസ് ടീമുകളാവും നോക്കൗട്ടിലേക്കെത്തുക. പ്രവചനങ്ങൾ തെറ്റിക്കുക എന്ന കളിയുടെനിഗൂഢതയിലാണല്ലോ ഫുട്ബോളിന്‍റെ ആനന്ദം.
മരണഗ്രൂപ്പാണ് ഇ. യൂറോപ്യൻ വന്പൻമാരായ സ്പെയിനും ജർമനിയും പരസ്പരം കടിച്ചുകീറുന്പോൾ ആരവശേഷിക്കും എന്നത് ഈ ലോകകപ്പിന്‍റെ ആവേശമാണ്. രണ്ടു ടീമിലുമുണ്ട് ലോകഫുട്ബോളിലെ മിന്നുംതാരങ്ങൾ. 2020 യൂറോകപ്പിലൂടെ ഒരു പിടി യുവരക്തങ്ങളെ അവതരിപ്പിച്ച സ്പെയിൻ പഴയ പ്രതാപം തിരിച്ചെടുക്കാമെന്ന സ്വപ്നത്തിലാണ്. ബയേൺ മ്യൂണിക്കിന്‍റെ പരിശീലകനായിരുന്ന ഹൻസി ഫ്ലിക്കിന്‍റെ കീഴിൽ ജർമനിയുടേത് ഒരു വരവാകും.
പെദ്രി, ഫെറാൻ ടോറസ്, ഗാവി തുടങ്ങിയ യുവതാരങ്ങളാണ് സ്പെയിനിന്‍റെ കരുത്ത്. ലൂയിസ് എന്‍റിക്കെ പരിശീലകൻ. യോഷ്വ കിമിഷാണ് ജർമനിയുടെ സൂപ്പർതാരം. തിമോ വെർണർ, സെർജ് സാബ്രി, തോമസ് മ്യൂള്ളർ, ലെറോയ് സെനെ തുടങ്ങിയ ഒരുപറ്റം മിടുക്കരായ കളിക്കാരും പിന്തുണയ്ക്കാനുണ്ട്. നവംബർ 28 നു നടക്കുന്ന സ്പെയിൻ-ജർമനി പോരാട്ടമാണ് ഗ്രൂപ്പിലെ ഹൈലൈറ്റ്. കെയ്‌ലർ നവാസ് ഗോൾവലയം കാക്കുന്ന കോസ്റ്റാറിക്കയും ഡെയ്ചി കമാഡയെന്ന മിഡ്ഫീൽഡ് ജനറൽ നയിക്കുന്ന ജപ്പാനും വന്പൻമാരെ വീഴ്ത്തുന്ന ദാവീദുമാരാകാൻ കൊതിക്കുന്നവരും.
മറ്റൊരു മരണഗ്രൂപ്പ് തന്നെ എഫ്. കെവിൻ ഡിബ്രൂയിന്‍റെ ബെൽജിയം. ലൂക്ക മോഡ്രിച്ചിന്‍റെ ക്രോയേഷ്യ. മറ്റെന്തു വേണം? 2018ൽ രണ്ടു ടീമുകളും തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ബെൽജിയം മൂന്നാംസ്ഥാനം നേടിയപ്പോൾ ക്രോയേഷ്യ ഫൈനലിലാണ് വീണത്. സുവർണതലമുറയെന്ന പേരിൽ ഒരു ലോകകപ്പിലും യൂറോകപ്പിലും ഇറങ്ങിയ ബെൽജിയത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ബെൽജിയത്തിന്‍റെ കെവിൻ ഡി ബ്രൂയിൻ, ഏഡൻ ഹസാർഡ് എന്നിവർക്കു പുറമെ ക്രോയേഷ്യയുടെ ലൂക്ക മോഡ്രിച്ചും ചേരുന്പോൾ ഗ്രൂപ്പിലെ സൂപ്പർ താരനിരയായി.
റാങ്കിംഗ് അനുസരിച്ചു ബലവാൻ ബെൽജിയമാണ്. 86നു ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന കാനഡയും പ്രതീക്ഷ വിടുന്നില്ല. ബയേൺ മ്യൂണിക്കിന്‍റെ അൽഫോൻസ് ഡേവിസ് ആണ് അവരുടെ സൂപ്പർതാരം. ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ ഡിഫൻഡർ അക്രാഫ് ഹക്കീമിനെ ആശ്രയിച്ചാണ് ആഫ്രിക്കൻ കരുത്തുമായെത്തുന്ന മൊറോക്കോയുടെ ഗെയിം പ്ലാൻ. ബെൽജിയവും ക്രോയേഷ്യയും ഗ്രൂപ്പിൽ നിന്നു മുന്നേറുമെന്നാണു കരുതുന്നത്.
ലോകമെങ്ങും മഞ്ഞക്കടലല തീർക്കുന്ന ബ്രസീലിന്‍റെ ഗ്രൂപ്പാണ് ജി. നെയ്മറും വിനീഷ്യസ് ജൂണിയറുമെല്ലാം നിയന്ത്രിക്കുന്ന ഗ്രൂപ്പിൽ നിന്നു കരകയറുക എന്ന ഹെർക്യൂലിയൻ ദൗത്യമാണ് യാൻ സോമ്മറിന്‍റെ സ്വിറ്റസർലൻഡിനും ഫിലിപ് കോസ്റ്റിക്കിന്‍റെ സെർബിയയ്ക്കും ആന്ദ്രെ ഒനാനയുടെ കാമറൂണിനും. നെയ്മർ തന്നെ ഗ്രൂപ്പിലെ സൂപ്പർ താരം.
കിരീടസാധ്യതയിൽ ഏറെമുന്നിലുള്ള ടീമാണു ബ്രസീൽ. ആറാം കിരീടമാണ് കാനറികളുടെ ലക്ഷ്യം. 2002 നു ശേഷം കപ്പിൽ മുത്തമിടാൻ കഴിയാത്തതിന്‍റെ വിഷമം ബ്രസീൽ ആരാധകർക്കുമുണ്ട്. ഫിഫ റാങ്കിംഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാർ. ലാറ്റനമേരിക്കൻ യോഗ്യതാറൗണ്ടിൽ ഒരു തോല്‌വിയുമില്ലാതെയാണവർ ഖത്തറിലേക്കു ടിക്കറ്റെടുത്തത്. യോഗ്യതാ റൗണ്ടിൽ ചിരവൈരികളായ അർജന്‍റീനയേക്കാൾ മികച്ച പ്രകടനമായിരുന്നു മഞ്ഞപ്പടയുടേത്. ഇനിയൊരു ലോകകപ്പിനു നെയ്മറുണ്ടാകുമോ എന്നുറപ്പില്ല. അപ്പോൾ കിരീടം സൂപ്പർതാരത്തിന്‍റെ സ്വകാര്യ സ്വപ്നവുമാണ്.
സ്വിറ്റ്സർലൻഡ് 2006 മുതൽ എല്ലാ ലോകകപ്പിലേയും സാന്നിധ്യമാണ്. 34, 38, 54 വർഷങ്ങളിൽ ക്വാർട്ടറിലെത്തിയതാണ് അവരുടെ മികച്ച പ്രകടനം. സെർബിയ 98നു ശേഷം പ്രീക്വാർട്ടറിൽ കടന്നിട്ടില്ല. എങ്ങിനെയെങ്കിലും ഒരു നോക്കൗട്ട്. അതാണവരുടെ ലക്ഷ്യം. 2014 ലോകകപ്പിലാണ് കാമറൂൺ അവസാനമായി മുഖം കാണിച്ചത്. 90ലെ ക്വാർട്ടർ പ്രവേശനമാണ് ആഫ്രിക്കൻ സംഘത്തിന്‍റെ മികച്ച പ്രകടനം.
2018ലെ പ്രീക്വാർട്ടറിൽ ഉറുഗ്വെയുടെ എഡിസൻ കവാനിക്കു പരിക്കേറ്റപ്പോൾ പോർച്ചുഗലിന്‍റ ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തെ ചേർത്തുപിടിച്ചു മൈതാനത്തിന്‍റെ പുറത്തേക്കു നടക്കാൻ സഹായിച്ചത് അന്നേറെ ശ്രദ്ധേയമായ ചിത്രമായിരുന്നു. ആ കളിയിൽ 2-1 ന് ഉറുഗ്വേയാണു ജയിച്ചത്. കണക്കു തീർക്കാൻ പോർച്ചുഗലിന് ഇത്തവണ ഗ്രൂപ്പിൽ തന്നെ അവസരമുണ്ട്.
ഗ്രൂപ്പ് എച്ചിലെ സൂപ്പർ പോരാട്ടവും ഇവർ തമ്മിലുള്ളതാവും. സൂപ്പർതാരം റൊണാൾഡോയുടേയും അവസാന ലോകകപ്പാകും ഇത്. അതുകൊണ്ട് ലോകകിരീടത്തിൽ കുറഞ്ഞതൊന്നും സിആർ 7 ഉം പോർച്ചുഗലും ലക്ഷ്യം വയ്ക്കുന്നില്ല. രാജ്യാന്തര ഫുട്ബോളിലെ ഗോൾവേട്ടക്കാരനെ ഖത്തറിൽ കാത്തിരിക്കുന്നത് എന്താവുമെന്നതും ഇത്തവണത്തെ കെടാത്ത ആവേശം. 2006ൽ നാലാം സ്ഥാനത്ത് എത്തിയതാണ് പോർച്ചുഗലിന്‍റെ ലോകകപ്പ് ചരിത്രത്തിലെ മികച്ച നേട്ടം. ഗ്രൂപ്പിൽ നിന്നവർ നോക്കൗട്ടിൽ എത്തുമെന്നാണു പ്രവചനം.
റിയൽ മാഡ്രിഡിനെ ചാന്പ്യൻസ് ലീഗ് കിരീടത്തിലെത്തിക്കുന്നതിൽ നിർണായകപങ്കു വഹിച്ച മധ്യനിരതാരം ഫെഡറിക്കോ വാൽവെർഡെയാണ് ഉറുഗ്വേയുടെ ശ്രദ്ധാകേന്ദം. ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഹോട്ട്സ്പറിന്‍റെ സൺ ഹ്യൂങ് മിൻ ആണ് ദക്ഷിണകൊറിയയുടെ സൂപ്പർതാരം. കഴിഞ്ഞ ലോകകപ്പിൽ ഇല്ലാതിരുന്ന ആഫ്രിക്കൻ ടീം ഘാന ആന്ദ്രേ അയുവിന്‍റെ കരുത്തിലാണു പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
സ്പെയിനിൽ കളിച്ച ഇനാകി വില്യംസ് ഘാനയ്ക്കായി ലോകകപ്പ് കളിക്കാൻ സ്വയം മുന്നോട്ടു വന്നതും ശ്രദ്ധേയമായി. വിശകലനങ്ങളും പ്രവചനങ്ങളും എന്തായാലും ഖത്തറിനെ മൈതാനങ്ങളിലാണ് അന്ത്യവിധി. ഓരോദിവസത്തിന്‍റെ ഭാഗ്യരേഖയും കളിക്കാരുടെ മികവിന്‍റ ഔന്നത്യവുമെല്ലാം ചേർന്നൊരുക്കുന്ന ഫുട്ബോൾ വിരുന്നിന് ഇനി മണിക്കൂറുകൾ മാത്രം. കാത്തിരിക്കാം.
https://www.facebook.com/Malayalivartha