വീണവൻ വാണാലും വാണവൻ വീണാലും ജയം ഫുട്ബോളിന്

അർജന്‍റീന ആദ്യകളിയിൽ തോറ്റു. ഫുട്ബോൾ ലോകം ഞെട്ടി. ആരാധകർ കരഞ്ഞു. സത്യം. എങ്കിലും എഴുതിത്തള്ളാനാവില്ലല്ലോ ആ ടീമിനെയും ലയണൽ മെസിയുടെ സുവർണപാദത്തെയും. കാരണം ടീം അർജന്‍റീനയാണ്. മെസി മെസിയും. എപ്പോഴും ലോകോത്തര നിലവാരത്തിലുള്ള കളി പുറത്തെടുക്കാൻ ശേഷിയുള്ളവർ.
ഹെർവെ റെയ്നാർഡ് എന്ന കോച്ചിന്‍റെ തന്ത്രങ്ങൾ മൈതാനത്ത് അറബിമാന്ത്രികം പോലെ നടപ്പാക്കിയ സൗദി അറേബ്യയെ വിലകുറച്ചു കാണാനാവില്ല. ഒരുപക്ഷേ ലോകകപ്പിന്‍റെ തന്നെ തുലനം തെറ്റച്ചേക്കാവുന്ന പ്രകടനമായിരുന്നു അത്. തോൽവി സ്വപ്നങ്ങൾക്കുള്ളിലെ ദുസ്വപ്നം പോലെ വിദൂരമായ കാലത്തിലൂടെ നടന്ന അവർക്ക് ഒടുവിൽ അടിതെറ്റിയത് ലോകം മുഴുവൻ നോക്കിനിൽക്കെ.
എതിരാളികളുടെ മധ്യനിരയ്ക്കും മുന്നേറ്റക്കാർക്കുമിടയിലുള്ള ഒരുമ തെറ്റിച്ചതാണ് സൗദിയുടെ മിടുക്ക്. രണ്ടാം പകുതി തുടങ്ങിയപ്പോൾ അർജന്‍റീന കോച്ച് സ്കലോണി ഈ പിഴവ് തീർക്കാൻ മെസിയെ അൽപം പിറകിലേക്കു വലിച്ച് മധ്യനിരയേയും ആക്രമണത്തേയും സമന്വയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സൗദിയുടെ ദിവസമെന്നുറപ്പിച്ചുകൊണ്ട് അവർ ഗോളടിക്കുകയാണുണ്ടായത്. അഞ്ചുമിനിറ്റിനകം ആരാധകരുടെ നെഞ്ചിൽ തീ കോരിയിട്ട രണ്ടാം ഗോളും വന്നു.
പിന്നെ സൗദിയുടെ ഉറച്ചുനിന്നുള്ള പോരാട്ടമാണു കണ്ടത്. കിട്ടിയ അർധ അവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാനാവാതെ അർജന്‍റീന ദിവസത്തെ പഴിച്ച് കൂടാരം കയറി. ഇനി മെക്സിക്കോയും പോളണ്ടുമാണ് എതിരാളികൾ. എളുപ്പമല്ല മുന്നോട്ടുള്ള വഴി. പോളണ്ട് ഒരുങ്ങിത്തന്നെയാണ് വന്നിരിക്കുന്നത്. പോളിഷ് കോച്ച് ചെസ്ലോ മിക്ക്നിവിച്ച് അർജന്‍റീനക്കാരനായ സൂപ്പർ പരിശീലകൻ മാഴ്സലോ ബിയൽസയുടെ പാഠങ്ങളാണ് ഖത്തറിൽ പുറത്തെടുക്കാൻ പോകുന്നത്. ഗൂഢരഹസ്യങ്ങളുടെ ആശാണ് ബിയൽസ.
ചുക്കി എന്നറിയപ്പെടുന്ന ഹിർവിങ് ലൊസാനോയാണ് മെക്സിക്കോയുടെ തുരുപ്പുശീട്ട്. അവരെയും നിസാരരായി കണക്കാക്കാനാവില്ല.
അർജന്‍റീനയുടെ ലോകനിലവാരവും ആരാധകരുടെ പ്രതീക്ഷയും തകരാതെ കാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മെസിക്കും കൂട്ടർക്കും വരും കളികളിൽ.
ഇന്നലെ അടുത്ത അട്ടിമറി മണത്തതാണ്. നിലവിലെ ചാന്പ്യൻ ഫ്രാൻസ്. ചരിത്രവും അവർക്കനുകൂലമായിരുന്നില്ല. ഒന്പതാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്‌വിന്‍റെ ഗോളിൽ ഓസ്ട്രേലിയ അവരെ ഞെട്ടിച്ചു. അർജന്‍റീനയുടെ വഴിയെ ഇതാ...എന്നൊക്കെ സംശയിച്ചു.
പക്ഷേ , ഫ്രാൻസ് ആ വഴി പോയില്ല. ലോകചാന്പ്യൻമാരുടെ കളി കെട്ടഴിച്ച് 4-1ന്‍റെ തകർപ്പൻ ജയത്തോടെ അരങ്ങേറി.
അഞ്ചുമിനിറ്റേ ഓസീസ് മുന്നേറ്റം നിലനിന്നുള്ള. തുടരെത്തുടരെ രണ്ടു ഗോൾ. രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടി. സൗദിയാകാൻ കൊതിച്ച ഓസ്ട്രേലിയ തരിപ്പണമായി. 36 വയസു പിന്നിട്ട ഒലിവർ ജിറൂദിന്‍റെ ഇരട്ടഗോൾ എടുത്തുപറയേണ്ടതാണ്. രാജ്യത്തിനുവേണ്ടി ഗോളടിയിൽ അരസെഞ്ചുറി കടന്ന ജിറൂദ് ഫ്രഞ്ച് ഗോളടിയന്ത്രമായിരുന്ന തിയറി ഒ ഹെന്‍റിക്കൊപ്പമെത്തുകയും ചെയ്തു. ലോകകപ്പിൽ ഗോൾ നേടുന്ന് ഏറ്റവും പ്രായംകൂടിയ താരവും ജിറൂദാണ്. സൂപ്പർതാരം എംബാപ്പെയും സ്കോറിംഗ് തുടങ്ങിയത് ഫ്രാൻസിന് ശുഭലക്ഷണമാണ്.
പ്രതീക്ഷിക്കുന്നതു പോലെ എല്ലാം നടന്നാൽ ഏതു കളിയും ബോറാകും. അട്ടിമറികളും വീഴ്ചകളുമാണ് ഏതു ടൂർണമെന്‍റിന്‍റേയും ജീവൻ. ആ അർത്ഥത്തിൽ അർജന്‍റീനയുടെ തോൽവി ഈ ലോകകപ്പിനെ സജീവമാക്കുകയാണു ചെയ്തത്. ഇനി ഓരോ കളിയിലും എന്തും പ്രതീക്ഷിക്കാം. വീണവൻ വാഴാം. വാണവൻ വീഴാം. അപ്പോഴെല്ലാം ജയിക്കുന്നത് ഫുട്ബോളാണ്. ഫുട്ബോളിനെ ആരാധിക്കുന്ന ദശലക്ഷങ്ങളാണ്.
https://www.facebook.com/Malayalivartha