കേരളവികസനവും മാലിന്യ നിര്‍മാര്‍ജനവും-2

മാലിന്യനിര്‍മാര്‍ജന രംഗത്തു കേരളം നേരിടുന്ന വെല്ലുവിളി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നതിന്, അല്ലെങ്കില്‍ വളരെ കുറച്ചുകൊണ്ടുവരുന്നതിന്, താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ അസൂത്രണം ചെയ്യേണ്ടതുണ്ട്.
1. ഒരു പ്രാവശ്യം ഉപയോഗിച്ച കവറുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുക. ഓരോ വീട്ടിലും അടുക്കളയോടനുബന്ധിച്ചു പ്രത്യേക സ്ഥലത്തു ചെറുതും വലുതുമായ രണ്ടു പ്ലാസ്റ്റിക് കവറുകള്‍ തൂക്കിയിടുക. ഓരോ ദിവസവും പുറത്തേക്കു പോകുമ്പോള്‍ ഈ കവറുകള്‍ കരുതുക. സാധനങ്ങള്‍ വാങ്ങി തിരികെ എത്തിയാല്‍ അവ യഥാസ്ഥാനത്തു വീണ്ടും തൂക്കിയിടുക.
2. പ്ലാസ്റ്റികു കവറുകള്‍ക്കു പകരം തുണി, കട്ടിയുള്ള കടലാസ് എന്നിവകൊണ്ട് നിര്‍മിക്കപ്പെട്ടിട്ടുള്ള ബാഗുകള്‍ക്കു വ്യാപക പ്രചാരണം നല്‌കുക, ഇത്തരം ബാഗുകള്‍ നിര്‍മിക്കുന്ന ചെറിയ യൂണിറ്റുകള്‍ കുടുംബശ്രീ പരിപാടിയുടെ ഭാഗമായി ഓരോ ജില്ലയിലും കോര്‍പറേഷന്‍ /മുനിസിപ്പാലിറ്റി/ പഞ്ചായത്തു തലങ്ങളില്‍ ആരംഭിക്കുക. മറ്റു സന്നദ്ധസംഘടനകളുമായി യോജിച്ചു വിപണനവും വ്യാപകമായ പ്രവര്‍ത്തന പരിപാടികളും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുത്തു നടത്താവുന്നതാണ്.
3. വിവിധ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ശക്തമായി ബോധവത്‌കരണവും കൂട്ടായ്‌മയും വളര്‍ത്തി ക്രമേണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുക.
4. കേരളത്തിലെമ്പാടും, സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യേകിച്ചു വളര്‍ന്നുവരുന്ന തലമുറയെ ലക്ഷ്യംവച്ചു വ്യാപകമായ ബോധവത്‌ക്കരണ പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായി ദൃശ്യ- വാര്‍ത്താ മാധ്യമങ്ങളുടെയും, കലാ- സാംസ്‌ക്കാരിക സിനിമ രംഗങ്ങളിലെ നായകന്മാരുടെയും സേവനം ഉപയോഗപ്പെടുത്തണം.
5. നീതിന്യായപീഠങ്ങള്‍ വഴി പ്ലാസ്റ്റികുരഹിത ജീവിത സാഹചര്യത്തിനു വഴി തുറക്കുക. വളരെ വേഗത്തിലും കാര്യക്ഷമതയോടെയും ഈ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാകുവാന്‍ ഇതു സഹായിക്കും. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചും ശിക്ഷാര്‍ഹമാക്കി ക്കൊണ്ടും കോടതി പുറപ്പെടുവിച്ച ഉത്തരവു പ്രായോഗിക തലത്തില്‍ നമ്മുടെ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നമുക്ക് ഏവര്‍ക്കും അറിവുള്ളതാണല്ലോ.
പുനഃചംക്രമണ പ്ലാസ്റ്റിക്, ക്യാരിബാഗ് കണ്ടെയ്‌നര്‍ എന്നിവയുടെ നിര്‍മാണവും ഉപയോഗവും സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ആവിഷ്‌കരിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല മേല്‌നോട്ടം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ്. ഉപയോഗം, വിശ്ലേഷണം, വിനിമയം, വിക്രയം എന്നിവയുടെ കാര്യത്തില്‍ ജില്ലാ കലക്‌ടറാണ് അധികാരി.
ഭക്ഷ്യവസ്‌തുക്കള്‍ ശേഖരിക്കുന്നതിനും, പൊതിയുന്നതിനും പുനഃചംക്രമണ പ്ലാസ്റ്റിക് ബാഗുകളോ കണ്ടെയ്‌നറുകളോ ഉപയോഗിക്കാന്‍ പാടില്ല. പ്ലാസ്റ്റിക് റീസൈക്ലിംങ്ങ് നടത്തേണ്ടതു ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ മാര്‍ഗ നിര്‍ദ്ദേശപ്രകാരമായിരിക്കണം. അപ്രകാരമുള്ള ഉത്‌പന്നങ്ങളില്‍ `റീ സൈക്കിള്‍ഡ്' എന്ന മുദ്ര ഉണ്ടായിരിക്കണം. പുനഃചംക്രമണം നടത്തിയ വസ്‌തുവിന്റെ ശതമാനം കാണിക്കണം. ക്യാരി ബാഗുകളുടെ കനം 20 മൈക്രോണില്‍ കുറയ്‌ക്കാന്‍ പാടില്ല.
ജൈവ മാലിന്യങ്ങള്‍
ജൈവമാലിന്യങ്ങളാണ് ഒട്ടേറെ പരിസര- ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്. ഇവ മണ്ണില്‍ കിടന്നു ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധമുണ്ടാക്കുന്നതു കൂടാതെ ഈച്ച, കൊതുക്, എലി എന്നിവയുടെ വിഹാര കേന്ദ്രങ്ങളാവുന്നു. ഇവയിലൂടെ ജലം കിനിഞ്ഞിറങ്ങി നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാവുകയും ചെയ്യുന്നു.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും, മാലിന്യങ്ങളുടെ ഘടനയും, അളവും അനുസരിച്ച് ഉപയോഗിക്കേണ്ട മാലിന്യ നിര്‍മാര്‍ജന സാങ്കേതികവിദ്യയില്‍ മാറ്റങ്ങളുണ്ടാവാം. എന്നാല്‍, ലോകമെമ്പാടും ഇത്തരം മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനു പൊതുവായി ഉപയോഗപ്പെടുത്തുന്ന ഒരു സാങ്കേതികവിദ്യയാണ് കമ്പോസ്റ്റിംഗ്. അതുവഴി ഇവയെ വളമാക്കി മാറ്റുന്നു.
തുറസ്സായ താഴ്‌ന്ന തരിശു ഭൂമികള്‍ ധാരാളമുള്ള പ്രദേശങ്ങളില്‍ മാത്രം അവലംബിക്കാവുന്ന ഒരു മാര്‍ഗമാണു ഭൂമിനികത്തല്‍. നീളത്തില്‍ തയ്യാറാക്കുന്ന കുഴികളില്‍ ഓരോ ദിവസവും മലിന വസ്‌തുക്കള്‍ നിരത്തി അതിനു മീതെ ചെറിയ കനത്തില്‍ മണ്ണു നികത്തുന്ന രീതിയാണിത്. ഇതുമൂലം സാവകാശം താഴ്‌ന്ന പ്രദേശങ്ങള്‍/ ഗര്‍ത്തങ്ങള്‍ നികത്തിയെടുക്കാം. മാത്രമല്ല, ഇവിടെ നിന്നു ബയോഗ്യാസ്, കമ്പോസ്റ്റ് വളം എന്നിവ ഉണ്ടാക്കുകയും ചെയ്യാം. എന്നാല്‍, കേരളത്തിലെ സ്ഥലപരിമിതിയും ഉയര്‍ന്ന ജനസാന്ദ്രതയും മൂലം ഇതിനു പരിമിതികളുണ്ട്.
ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ചു ``ബയോമെത്തനേഷന്‍'' പ്രക്രിയ വഴി ബയോഗ്യാസും ജൈവവളവും ഉണ്ടാക്കുവാന്‍ സാധിക്കും. ഓഫീസുകള്‍, വലിയ ഹോട്ടലുകള്‍, കല്യാണ മണ്ഡപങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിക്കുക. പച്ചക്കറികളുടെ അവശിഷ്‌ടം, അറവുശാലകളില്‍ നിന്നുള്ള വെള്ളം, അഴുകുന്ന മാലിന്യങ്ങള്‍ എന്നിവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിക്ഷേപിക്കേണ്ട അറയില്‍ ഇടുക. പ്ലാന്റിനുള്ളില്‍ എത്തുന്ന മാലിന്യങ്ങളെ സൂക്ഷ്‌മാണു ജീവികള്‍ വിഘടിപ്പിച്ചു പാചകവാതകവും, ജൈവവളവുമാക്കി മാറ്റുന്നു. പ്ലാന്റില്‍ തന്നെ ശേഖരിക്കപ്പെടുന്ന പാചക വാതകം പ്ലാന്റില്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പുലൈന്‍ വഴി ഗ്യാസ് സ്റ്റൗവില്‍ എത്തിച്ചേരുന്നു. കൂടുതല്‍ അളവില്‍ അഴുകുന്ന മാലിന്യങ്ങള്‍ ഉണ്ട് എങ്കില്‍ അതില്‍ നിന്നു വൈദ്യുതിയും ഉത്‌പാദിപ്പിക്കുവാന്‍ കഴിയും.
വളരെ വലിയ അളവില്‍ ജൈവമാലിന്യങ്ങളെ കൈകാര്യം ചെയ്യാനുതകുന്ന മെക്കാനിക്കല്‍ പ്ലാന്റുകള്‍ ഇന്ത്യയിലെ പല വന്‍ നഗരങ്ങളിലും ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നു നിലവിലുള്ള മെക്കാനിക്കല്‍ പ്ലാന്റുകള്‍ ഏറ്റവും ചുരുങ്ങിയത് 100-150 ടണ്‍ മലിന വസ്‌തുക്കളെ കൈകാര്യം ചെയ്യുന്നവയാണ്. എന്നാല്‍, ദിവസേന 10 ടണ്‍ മുതല്‍ 50 ടണ്‍ വരെ കൈകാര്യം ചെയ്യാനാവുന്ന ചെറിയ മെക്കാനിക്കല്‍ പ്ലാന്റുകളാണ് നമ്മുടെ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനുകള്‍ക്ക് ആവശ്യമുള്ളത്. ഇത്തരം പ്ലാന്റുകള്‍ രൂപകല്‌പന ചെയ്യുവാന്‍ ശ്രമം ഉണ്ടാവണം.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു ജൈവമാലിന്യ നിര്‍മാര്‍ജനത്തിന് ഏറെ അനുയോജ്യമാണു മണ്ണിര കമ്പോസ്റ്റ്. ജൈവമാലിന്യങ്ങളെ കമ്പോസ്റ്റു വളമാക്കി മാറ്റുന്ന ഒരു രീതിയാണിത്. മലിന വസ്‌തുക്കളെ കൂനയാക്കി 10-15 ദിവസം ഇട്ടതിനുശേഷം ഭാഗികമായി ചീഞ്ഞളിഞ്ഞ മലിന വസ്‌തുക്കളിലേക്കു മണ്ണിരകളെ നിക്ഷേപിക്കുക. വീടിനോടു ചേര്‍ന്ന് ഒരു മീറ്ററെങ്കിലും വിസ്‌തീര്‍ണത്തില്‍ സ്ഥലമുള്ളവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. ഇതിനായി 1 മീറ്റര്‍ നീളവും 0.5 മീറ്റര്‍ വീതിയും 0.3. മീറ്റര്‍ ആഴവുമുള്ള കുഴി നിര്‍മിക്കുക. കുഴിയുടെ അടിഭാഗത്തെ മണ്ണു നല്ലതുപോലെ അടിച്ചുറപ്പിച്ചശേഷം കുഴിയുടെ അടിയില്‍ ഒരു വരി തേങ്ങയുടെ തൊണ്ടു മലര്‍ത്തിവയ്‌ക്കുക. വെള്ളക്കെട്ടു തടയുവാനാണിത്. ദിവസേന ഉണ്ടാകുന്ന എല്ലാത്തരം ചീഞ്ഞളിയുന്ന വസ്‌തുക്കളും ഈ കുഴിയില്‍ നിക്ഷേപിക്കാം. 3-4 ദിവസത്തിനുശേഷം 200-250 മണ്ണിരകളെ ഈ കുഴിയില്‍ നിക്ഷേപിക്കണം. മലിന വസ്‌തുക്കള്‍ കുഴിയുടെ അടിയില്‍ നിന്ന് ഒരടിയോളം ഉയരത്തില്‍ നിക്ഷേപിക്കണം. ചൂടിന്റെ കാഠിന്യം കുറയ്‌ക്കുന്നതിനായി ഓല, നനഞ്ഞ ചാക്ക്, ഇവയിലേതെങ്കിലും കൊണ്ടു കുഴി മൂടുക. 40-45 ദിവസത്തിനുള്ളില്‍ മലിന വസ്‌തുക്കള്‍ കമ്പോസ്റ്റായി മാറും. കമ്പോസ്റ്റു ശേഖരിക്കുന്നതിനായി 3-4 ദിവസത്തേക്കു കമ്പോസ്റ്റ് കുഴി നനയ്‌ക്കാതിരിക്കണം. മണ്ണിരയെ മാറ്റുവാനായി കമ്പോസ്റ്റ് വെയിലുള്ള സ്ഥലത്ത് ഒരു കൂനയായിവയ്‌ക്കുക. വെയിലേല്‌ക്കുമ്പോള്‍ വിരകളെല്ലാം കൂനയുടെ അടിയിലേക്കു പോകും. മുകള്‍ ഭാഗത്തുനിന്നും കമ്പോസ്റ്റു നീക്കി ഉണക്കി അരിച്ചെടുക്കാം.
അടിയില്‍ കൂട്ടം കൂടിയിരിക്കുന്ന മണ്ണിരകളെ കുഴിയിലേക്കിട്ടു വീണ്ടും കമ്പോസ്റ്റുണ്ടാകാന്‍ ഉപയോഗിക്കാം. ഓരോ തവണ കമ്പോസ്റ്റ് എടുക്കുമ്പോഴും മണ്ണിരകളുടെ എണ്ണം രണ്ടിരട്ടിയെങ്കിലുമായി വര്‍ധിച്ചിരിക്കും. കൂടുതലുള്ളവ പുതിയ കമ്പോസ്റ്റു കുഴികളില്‍ ഉപയോഗപ്പെടുത്താം.
മൊത്തം നിക്ഷേപിക്കുന്ന മലിനവസ്‌തുക്കളുടെ ഏകദേശം പകുതിയോളം കമ്പോസ്റ്റു ലഭിക്കും. സ്ഥലപരിമിതിയുള്ള വീടുകളില്‍ കമ്പോസ്റ്റുനിര്‍മാണം ചെറിയ പെട്ടികളിലോ, മണ്‍ചട്ടികളിലോ ചെയ്യാവുന്നതാണ്. ഇപ്രകാരം നിര്‍മിക്കപ്പെടുന്ന കമ്പോസ്റ്റില്‍ പോഷക മൂല്യങ്ങളായ നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവക്ക് പുറമേ സസ്യങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും, രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുതകുന്ന ആന്റിബയോട്ടിക്കുകളും അടങ്ങിയിട്ടുണ്ട്.
ഫ്‌ളാറ്റ്, കോളനികള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ജീര്‍ണിക്കുന്ന മലിന വസ്‌തുക്കളെ ഒരുമിച്ചു ശേഖരിച്ച് ഇപ്രകാരം കമ്പോസ്റ്റിന് ഉപയോഗിക്കാം. ഓരോ പ്രദേശത്തും ഉത്‌പാദിപ്പിക്കുന്ന ഖരമാലിന്യങ്ങളില്‍ നല്ലൊരുപങ്കും വീടുകളില്‍ നിന്നാണ്. (ശരാശരി 0.5 കിലോഗ്രാം മുതല്‍ 1 കി.ഗ്രാം വരെ). കുറെ വീടുകളിലെങ്കിലും ജൈവ മാലിന്യങ്ങളെ അവിടെ തന്നെ കമ്പോസ്റ്റു വളമാക്കി മാറ്റുന്ന പ്രക്രിയ നടപ്പിലാക്കുവാന്‍ കഴിയും.
ആശുപത്രികളില്‍ നിന്നുള്ള ഖരമാലിന്യങ്ങളില്‍ നല്ലൊരുപങ്കും രോഗം പരത്തുവാന്‍ സാധ്യതയുള്ള തരം വസ്‌തുക്കളാണ്. അതു കൊണ്ടുതന്നെ ഇവയെ കൈകാര്യം ചെയ്യുന്നതിനു പ്രത്യേക രീതികളും, സാങ്കേതിക വിദ്യകളും ആവശ്യമാണ്. ആശുപത്രി സാനിറ്റേഷന്‍ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കി ആസൂത്രണം ചെയ്യേണ്ടതാണ്.
മാലിന്യത്തോതു കുറയ്‌ക്കുവാന്‍ നമുക്ക് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കും? ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, പെറ്റ് ബോട്ടില്‍, എന്നിവ ഒഴിവാക്കുക. പ്‌ളാസ്റ്റിക് കവറുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനു പകരം ഒരു തുണി സഞ്ചിയില്‍ വാങ്ങുക. 50 മൈക്രോണില്‍ (കനം) കുറഞ്ഞ പ്ലാസ്റ്റികു കവറുകള്‍ ഉപയോഗിക്കാതിരിക്കുക. വളരെ നന്നായി പായ്‌ക്കുചെയ്‌ത വസ്‌തുക്കള്‍ വീണ്ടും പായ്‌ക്കു ചെയ്യുന്നത് ഒഴിവാക്കുക.
ചുരുക്കത്തില്‍ മാലിന്യ നിര്‍മാര്‍ജനം വളരെ വിപുലമായ ഒരു പ്രശ്‌നമാണ്. ഇത് ഏതെങ്കിലും പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യാവുന്ന പ്രശ്‌നമല്ല. കേരളം മുഴുവന്‍ ഒരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ മാലിന്യവിമുക്തമാക്കണമെന്നുണ്ടെങ്കില്‍ കേരളാടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയായി വേണം മാലിന്യ നിര്‍മാര്‍ജനം നാം രൂപകല്‌പന ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha