കണ്ടല്‍കാടുകളും ചതുപ്പു നിലവും ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് ആകര്‍ഷിക്കപ്പെടുന്ന പക്ഷികളെ കാണണ്ടേ...?

ദേശീയ പക്ഷിനിരീക്ഷണ ദിനം കഴിഞ്ഞിട്ട് അധികനാളായില്ല. ചിറകടിച്ചുയരുന്ന പക്ഷികള്‍ക്കായുള്ള ദിനമാണ് നവംബര്‍ 12. കേരളത്തിലെ പ്രധാനപ്പെട്ട പക്ഷിസങ്കേതങ്ങളില്‍ ഒന്നാണ് കുമരകം ബേഡ് സാങ്ച്വറി. കണ്ടല്‍കാടുകളും ചതുപ്പു നിലവും ഉള്‍പ്പെടുന്ന പ്രദേശമെന്നതാണ് പക്ഷിക്കൂട്ടത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ജലപ്പക്ഷികളുടെയും ദേശാടനപ്പക്ഷികളുടെയും ആവാസ കേന്ദ്രമായ ഇവിടെ വംശനാശ ഭീഷണി നേരിടുന്ന നാല് ഇനം പക്ഷികള്‍ കൂടുകൂട്ടി പ്രജനനം നടത്തുന്നുണ്ട് എന്നതാണ് പ്രധാന്യമര്‍ഹിക്കുന്നത്. പെലിക്കന്‍, വര്‍ണക്കൊക്ക്, കഷണ്ടിക്കൊക്ക്, ചേരക്കോഴി എന്നിവയാണ് വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലുള്ളത്.
ഇന്ത്യന്‍ ബേഡ്‌സ് എരിയ (ഐബിഎ) പ്രദേശമെന്ന പ്രത്യേകത കൂടിയുണ്ട് കുമരകം ബേഡ് സാങ്ച്വറിക്ക്. എണ്‍പതിലധികം ഇനം പക്ഷികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. പത്ത് ഏക്കറില്‍ പരന്നുകിടക്കുന്ന പക്ഷിസങ്കേതത്തില്‍ പക്ഷിനിരീക്ഷണത്തിനായി മൂന്നു ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതില്‍ കായല്‍ തീരത്തെ പക്ഷി നിരീക്ഷണ ഗോപുരത്തിലാണ് വിനോദസഞ്ചാരികള്‍ പക്ഷിനിരീക്ഷണത്തിനു കയറുന്നത്. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നിയന്ത്രണത്തിലാണ് പക്ഷി സങ്കേതം. പക്ഷിനിരീക്ഷണത്തിനായി സ്വദേശികള്‍ക്ക് 50 രൂപയും വിദേശികള്‍ക്ക് 150 രൂപയുമാണ് ചാര്‍ജ്.
https://www.facebook.com/Malayalivartha