മരണത്തിന്റെ മല എന്നറിയപ്പെടുന്ന കൊല്ലിമല

കൃഷിയും ഗ്രാമജീവിതവുമായി ശാന്തജീവിതം നയിക്കുന്ന ഒരു തമിഴ്നാടന്‍ മലമുകളിലേക്ക് ഒരു യാത്ര പുറപ്പെട്ടാലോ. ഊട്ടിയ്കും കൊടൈക്കനാലിനുമൊപ്പം തന്നെ മനോഹരമായ ഒരു സ്ഥലം ആണ് നാമക്കൽ. ഈ സ്ഥലത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? കേരളത്തിലേക്ക് കോഴിയും കോഴിമുട്ടയുമെല്ലാം വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇത്. ഇപ്പോൾ ഓർമ വന്നുകാണും അല്ലെ. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. റെയില്‍വഴിയാണ് യാത്രയെങ്കില്‍ സേലത്തിറങ്ങി ബസ്സിനുപോവാം. ചിലപ്പതികാരം, മണിമേഖല പോലുള്ള പഴയകാല കൃതികളിൽ കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
നാമക്കലില്‍ നിന്ന് എഴുപത് ഹെയർപിൻ വളവുകള്‍ കയറി 62 കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ കൊല്ലിമലയായി. അപകടം നിറഞ്ഞ എഴുപത് വളവുകൾ ഉള്ളതിനാൽ ചിലരീ മലയെ മരണത്തിന്റെ മലയെന്നും വിളിക്കാറുണ്ട്. പകലായാലും രാത്രിയായാലും യാത്ര മനോഹരമായിരിക്കും. കാരണം പകലാണ് യാത്രയെങ്കില്‍ താഴെ പച്ചപുതച്ച തോപ്പുകള്‍ കാണാം. രാത്രിയില്‍ ദീപാലംകൃതപട്ടണങ്ങളും മലനിരകളും കാണാം. ഇവിടെയെത്തികഴിഞ്ഞാല്‍ മലയുടെ സ്വന്തം വാഹനമായ ജീപ്പുകളാണ് ധാരാളം. തൊഴിലാളികലെയുംകൊണ്ട് കൃഷിയിടങ്ങളിലേക്ക് പോവുന്ന വണ്ടികള്‍. കാപ്പി, കുരുമുളക്, മരച്ചീനി, പൈനാപ്പിള്‍, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍.
സീക്കുപാറ വ്യൂപോയന്റുകാണാം, എവിടെ നിന്നുനോക്കിയാലും കാണുന്നത് പച്ചമലകളും. കൊല്ലിമലയെ ചുറ്റിപ്പിണഞ്ഞുവരുന്ന വഴിയും വാഹനങ്ങളുമാണ് കാണുക. കൊല്ലിമലയിലെ ബോട്ടിങ് കേന്ദ്രമാണ് മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ട്. തടാകവും പൂന്തോപ്പും ബോട്ടിങ്ങുമെല്ലാം ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. സഞ്ചാരികളില്‍മിക്കവരും എഴുപതു ഹെയര്‍പിന്‍വളവുകളിലൂടെയുള്ള സഞ്ചാരത്തിന്റെ സാഹസികത അനുഭവിക്കാനായാണ് വരുന്നത്. അതിനായി ബൈക്കില്‍ വരുന്ന അതിസാഹസികരെയും കാണാം.
ആകാശഗംഗ വെള്ളച്ചാട്ടം കൊല്ലിമലയിലെ ഒരു പ്രധാന ആകർഷണമാണ്. രണ്ട് വൻമലകൾക്കിടയിൽ മലകളുടെ ഏകദേശം നടുവിലായി ഇതു സ്ഥിതി ചെയ്യുന്നു. വെള്ളച്ചാട്ടത്തിലേക്ക് പോകുംവഴിയാണ് അരപാളീശ്വരക്ഷേത്രം. ഇവിടെനിന്ന് രാശിപുരത്തെ ശിവക്ഷേത്രത്തിലേയ്ക്ക് രഹസ്യപാതയുണ്ടെന്നു ഇവിടുള്ളവർ വിശ്വസിക്കുന്നു. വെള്ളച്ചാട്ടത്തിനു കീഴിൽ നിന്നും കുളിക്കുന്നവർക്ക് ശിവകാരുണ്യത്താൽ സർവരോഗശമനം ഉണ്ടാവുമെന്ന വിശ്വാസം കൊല്ലിമലനിവാസികൾക്കിടയിൽ ഉണ്ട്. മലമുകളിൽ നിന്നും വരുന്ന വെള്ളത്തിൽ ഔഷധമൂല്യം ഉണ്ടെന്നവർ വിശ്വസിക്കുന്നു. വഴിയുടെ ആയിരംപടവുകള്‍ താണ്ടിവേണം ആകാശഗംഗയിലെത്താന്‍. വഴിയിലും ചില വ്യൂപോയന്റുകളുണ്ട്. അതിമനോഹരവും ആരെയും ആകര്ഷിക്കുന്നതുമായ കാഴ്ചകൾ കണ്ടുകൊണ്ട് നമുക് പടവുകൾ കയറാം. കൊല്ലിമലയില്‍ ഇരുന്ന് രാത്രി ആസ്വദിക്കുന്നതും മറക്കാൻ പറ്റാത്ത ഒരനുഭവമായിരിക്കും.
ഇവിടുത്തെ അതിമനോഹരമായ മറ്റൊരു വെള്ളച്ചാട്ടമാണ് മസില വെള്ളച്ചാട്ടം. ഒരു ഇടത്തരം വെള്ളച്ചാട്ടമാണ് ഇതെങ്കിലും ചുറ്റുമുള്ള പ്രകൃതി ഭംഗി സന്ദര്‍ശകരെ ആകര്‍ഷിക്കത്തക്കതാണ്. സില വെള്ളച്ചാട്ടത്തിന് മുകളിലായാണ് മസി പെരിയസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെയും ചുറ്റുമുള്ള പ്രകൃതിയുടേയും കാഴ്‌ച അവര്‍ണനീയമാണ്. വളരെ മനോഹരമെങ്കിലും കൊല്ലി മലയിലെ അധികം അറിയപ്പെടാത്ത വിനോദ സഞ്ചാകേന്ദ്രങ്ങളില്‍ ഒന്നാണിത്. രാമായണത്തിൽ പറഞ്ഞിരിക്കുന്ന സുഗ്രീവന്റെ മധുവനം കൊല്ലിമല തന്നെയാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. ചുരുക്കത്തിൽ കൊല്ലിമല സഞ്ചാരികൾക്കു വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.
https://www.facebook.com/Malayalivartha