ചെകുത്താന്റെ പാചകപ്പുരയില്‍ ഒന്ന് എത്തിനോക്കാം

ഇന്ത്യയിലെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ് കൊടൈക്കനാൽ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട് കൊടൈക്കനാലിനു. നക്ഷത്രരൂപത്തിലുള്ള നീലത്തടാകവും വെയില്‍ നിറം മാറി കളിക്കുന്ന പൈന്‍മരക്കാടുകളും പച്ചകംബളം നീട്ടിവിരിച്ചതുപോലുള്ള ഗോള്‍ഫ് മൈതാനങ്ങളും കുതിര സവാരിയും സൈക്ലിങും മനോഹരമായ പൂന്തോട്ടവും പിന്നെ, ആരെയും പേടിപ്പിക്കുന്ന സൂയിസൈഡ് പോയന്റും ഇതൊക്കെ ചേർന്നതാണ് നമ്മുടെ കൊടൈക്കനാൽ. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് കൊടൈ.
എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. ഇനി വേറെയുമുണ്ട് കഥകൾ ഈ പേരിനു പിന്നിൽ. കാടിന്റെ വരദാനം എന്നാണ് തമിഴില്‍ കൊടൈക്കനാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സാഹസിക പ്രിയര്‍ക്കും, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് പ്രിയര്‍ക്കും ഇഷ്ടമാകുന്ന സ്ഥലമാണ് കൊടൈക്കനാല്‍ എന്നതില്‍ സംശയം വേണ്ട.
എന്നാല്‍ കൊടൈക്കനാലിന് മറ്റൊരു മുഖമുണ്ട്. അധികമാരും കാണാത്ത, ഇരുണ്ടമുഖം. ആരും അങ്ങോട്ടു പോകാറില്ല. പോകുന്നവര്‍ മരിയ്ക്കാന്‍ വേണ്ടിയാണ് പോകുന്നത്. അവിടെ എപ്പോഴും ഇരുട്ടാണ്, പിന്നെ പേടിെപ്പടുത്തുന്ന ഏകാന്തതയും. ചുരുക്കത്തിൽ അവിടുത്തെ പേരിനെ അന്വർത്ഥമാക്കുന്ന ചുറ്റുപാടാണ് അവിടെയുള്ളത്. പേര് എന്താണെന്നല്ലേ. ഡെവിൾസ് കിച്ചൻ അഥവാ ചെകുത്താന്റെ പാചകപ്പുര എന്നാണ്. ഈ അധോലോകം കൂടി കണ്ടാല്‍ മാത്രമേ കൊടൈക്കനാലിലെ കാഴ്ചകള്‍ പൂര്‍ണ്ണമാവൂ. ഇന്ന് ഈ ഗുഹ ഗുണ ഗുഹ എന്നും അറിയപ്പെടുന്നു.
കറുത്ത മണ്ണില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍മരക്കാടുകള്‍ കടന്ന് വേണം ഡെവിള്‍സ് കിച്ചനിലേക്ക് പോകാന്‍. പരസ്പരം പിണഞ്ഞു കിടക്കുന്ന വേരുകള്‍, ഇടയ്ക്ക് കൂറ്റന്‍ മരങ്ങള്‍, അവയുണ്ടാക്കുന്ന ഇരുട്ട്, അങ്ങേയറ്റത്ത് വേലികെട്ടിത്തിരിച്ച കൂറ്റന്‍ പാറത്തുഞ്ചാണ്. അതുവരെയേ അന്വേഷികളായ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു. എന്നാൽ അതിനും അപ്പുറത്തെ ആഴങ്ങളിലായിരുന്നു കാഴ്ച; അനുഭവവും. പിണഞ്ഞ് കിടക്കുന്ന വേരുകള്‍ പിടിച്ചു പിടിച്ചു വേണം ചെങ്കുത്തായ ഇറക്കം ഇറങ്ങാന്‍. കണ്ണൊന്നു തെറ്റിയാൽ കാലൊന്നു ഇടറിയാൽ പതിക്കുന്നത് അഗാധമായ കൊക്കയിലേക്കാണ്. അത്രയധികം പേരാണ് കാറ്റ് ചൂളം കുത്തുന്ന ആ കൊക്കയിലേക്ക് ചാടി ജീവനൊടുക്കുന്നത്. കൊല ചെയ്യപ്പെടുന്നവര്‍ വേറെയും. വീണാല്‍ പിന്നെ തിരിച്ചെടുക്കലുകളില്ല. ആരും അറിയുകയുമില്ല.
വലതുവശത്ത് കൊടുംകാട് നിറഞ്ഞ ആഴങ്ങള്‍. അടിയില്‍ നിന്നും പൊന്തി അതിന്റെ ഉച്ചിയിലേക്ക് പറന്ന് പരക്കുന്ന മഞ്ഞുപുക. കൊടും തണുപ്പ്. ഇടതു വശത്തു കൃത്യമായി മുറിച്ചു വച്ചതു പോലുള്ള പാറകള്‍. ഇടക്കിടെ പാഞ്ഞ് വന്ന് അസ്ഥിയില്‍ വരെ സ്പര്‍ശിച്ചു പോകുന്ന തണുത്ത കാറ്റ്. ആഴത്തിലുള്ള ഒരു ഗുഹയും അതില്‍ നിന്നും നീണ്ടുപോകുന്ന ഇരുട്ടിന്റെ തുരങ്കങ്ങളും വീണ്ടും വീണ്ടും വരുന്ന ഗുഹകളും ചേര്‍ന്നതായിരുന്നു ചെകുത്താന്റെ പാചകപ്പുര.
തികഞ്ഞ നിശബ്ദത. വല്ലപ്പോഴും ഒരു മഞ്ഞുതുള്ളി മുകളില്‍ നിന്നും അടര്‍ന്ന്, വിടവിലൂടെ പാഞ്ഞുവന്ന് പാറയുടെ കൂര്‍ത്ത പ്രതലത്തില്‍ വീണ് ചിതറുന്നതിന്റെ ശബ്ദം പോലും നമുക് കേൾക്കാനാകും. ആഴങ്ങളില്‍ നിന്നും പെട്ടെന്ന് വമിക്കുന്ന മഞ്ഞുപുകയാണ് ഈ ഗുഹയ്ക്ക് മായികമായ സൗന്ദര്യം നല്‍കുന്നത്. നിരന്തരം കോടമഞ്ഞിന്‍ പുക തുപ്പുന്നതു കൊണ്ടാണ് ഈ ഗുഹയ്ക്ക് സായ്പ് ചെകുത്താന്റെ പാചകപ്പുര എന്നു പേരിട്ടത്. പേര് എന്തുകൊണ്ടും യോജിക്കുന്നത് തന്നെ.
ഇവിടെ വീണാല്‍ മരണം മാത്രമേ വഴിയുള്ളൂ. മരിച്ചു കിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല. കാലങ്ങളോളം അവ നശിക്കാതെ തന്നെ കിടക്കും എന്നാണ് സ്ഥലവാസികൾ പറയുന്നത്. എന്തായാലും കൊടൈക്കനാൽ പ്രകൃതിയുടെ ഒരു അത്ഭുത വരദാനം തന്നെയാണ്.
https://www.facebook.com/Malayalivartha