ബംഗാളില്‍ പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു
ബംഗാളില്‍ ഭൂമി തട്ടിയെടുക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടാക്കിയ ഗ്രാമീണര്‍ക്കും കൃഷിക്കാര്‍ക്കും നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് നടത്തിയ അക്രമത്തില്‍ നിരവധി വീടും കടകളും തകര്‍ന്നു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഭാന്ഗറിലാണ് സംഭവം.
കോളേജ് വിദ്യാര്‍ഥിയായ അലംഗീര്‍ മൊള്ള (22), കൃഷിക്കാരനായ മഫിജുള് അലിഖാന്(26) എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടുഗ്രാമീണരെ കാണാതായി. ഇവരെ അര്ബാവുള് ഇസ്ലാം എന്ന തൃണമൂല്‍ മാഫിയ തലവനും സംഘവും തട്ടിക്കൊണ്ടുപോയാതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമാസക്തമായ ജനം ഗ്രാമത്തിലേക്കുള്ള എല്ലാ റോഡും ഉപരോധിച്ചു. നിരവധി പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം സ്ഥലം എംഎല്‍എയും മന്ത്രിയുമായ റസാക്ക് മൊള്ള സ്ഥലത്തെത്തിയെങ്കിലും ഗ്രാമത്തിലേക്ക് കടക്കാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. വെടിവെപ്പില്‍ പ്രതിഷേധിച്ച് അരലക്ഷം പേര് പങ്കെടുത്ത പ്രതിഷേധ റാലിയും നടന്നു.
മമത ബാനര്‍ജി അധികാരത്തില്‍ വന്നശേഷം പവര്‍ഗ്രിഡ് സ്ഥാപിക്കാന്‍ ഏറ്റെടുത്ത കൃഷിഭൂമി തൃണമൂല്‍ പ്രവര്‍ത്തകരും അവരുടെ ആശ്രിതരായ ഭൂമാഫിയകളും തട്ടിയെടുത്തിരുന്നു. ഇതിനെതിരെ കൃഷിക്കാര്‍ സംഘടിക്കുകയും പൊതു ആവശ്യത്തിന് ചെറുവിലയ്ക്ക് സര്‍ക്കാരിന് നല്കിയ ഭൂമി മാഫിയകള്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും അവ കൃഷിക്കാര്‍ക്ക് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha