കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഇവാന് വുക്കോമനോവിച്ച് ഒഴിഞ്ഞു
ആരാധകരെ നിരാശരാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന് വുക്കോമനോവിച്ച്. ക്ലബ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ലബ് നല്കുന്ന വിശദീകരണം.2021ല്‍ ക്ലബിനൊപ്പം ചേര്‍ന്ന ഇവാന് വുക്കോമനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങള്‍ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടര്‍ച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫില്‍ എത്തിച്ച ഇവാന് ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിക്കുവാനും സാധിച്ചു.
2021 -22 സീസണില്‍ ക്ലബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ്, ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും അദ്ദേഹത്തിനു കീഴില്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. 2025 മേയ് വരെ ഇവാന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു. 2021 ജൂണിലാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാന് ചേരുന്നത്. 2024 സീസണില്‍ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായതോടെയാണ് 46 വയസ്സുകാരനായ സെര്‍ബിയന്‍ കോച്ചിന്റെ മടക്കം.
സീസണിന്റെ പകുതി വരെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയില്‍ നോക്കൗട്ടിലേക്കു കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. നോക്കൗട്ട് പോരാട്ടത്തില്‍ ഒഡീഷ എഫ്സിയോട് 2-1ന് തോറ്റ് ടീം പുറത്തായി. സൂപ്പര്‍ താരം അഡ്രിയന്‍ ലൂണയുള്‍പ്പെടെ പരുക്കേറ്റു പുറത്തായതാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. 2024ല്‍ 17 മത്സരങ്ങളില്‍ ഏഴു വിജയവും എട്ടു തോല്‍വിയും രണ്ടു സമനിലയുമായാണ് ബ്ലാസ്റ്റേഴ്സ് സീസണ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha