ഒരുമരത്തിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 500കായ്കൾ... സീസണിൽ ഒരു നാരങ്ങയ്ക്ക് അഞ്ചുരൂപയിലധികം വില കിട്ടും.... അങ്ങനെ നോക്കുമ്പോൾ ഒരു ചെടിയിൽ നിന്നുതന്നെ ഒരു വർഷം 2500രൂപ കിട്ടും...

മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഫലവർഗമാണ് നാരങ്ങ. പ്രത്യേകിച്ചും വേനൽക്കാലത്ത്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളവ് തരുമെങ്കിലും നമ്മുടെ നാട്ടിൽ നാരങ്ങാകൃഷി വളരെ കുറവാണ്. ഇത് ആദായകരമായ ഒരു വിളയാണെന്ന് കൂടുതൽപേർക്കും അറിയാത്തതാണ് ഇതിന് പ്രധാന കാരണം. ചെടിനട്ടാൽ മൂന്നുവർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങും. പത്തുവർഷം വരെ ക്രമമായി വിളവെടുക്കാം. ഒരുമരത്തിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 500കായ്കൾ വരെ ലഭിക്കും. സീസണിൽ ഒരു നാരങ്ങയ്ക്ക് അഞ്ചുരൂപയിലധികം വില കിട്ടും. അങ്ങനെ നോക്കുമ്പോൾ ഒരു ചെടിയിൽ നിന്നുതന്നെ ഒരു വർഷം 2500രൂപ കിട്ടും. പത്തുമൂട് നാരകമുണ്ടെങ്കിൽ ഒരുവർഷം 25000 രൂപ പോക്കറ്റിലെത്തും. ജൈവ വളങ്ങൾ മാത്രം നൽകിയാൽ മതിയെന്നതും അധികം കീടരോഗബാധ ഉണ്ടാകാത്തതിനാലും ചെലവ് ഒട്ടും ഇല്ലെന്നുതന്നെ പറയാം. വീടിന് തൊട്ടടുത്ത കടകളിൽ കായ്കൾ മുഴുവൻ വിൽക്കാം എന്നതിനാൽ വിപണിയെക്കുറിച്ചുള്ള ആശങ്കയും വേണ്ട.
എവിടെയും വളരും
മറ്റ് വിളകൾക്ക് യോജിക്കാത്ത സ്ഥലങ്ങളിലും നാരകം നന്നായി വളരുകയും വിളവ് നൽകുകയും ചെയ്യും. 'കാഗ്സി നിമ്പു' എന്ന ഇനമാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. കുറ്റിച്ചെടിയായി വളരുന്ന ഈ ഇനം വിളവിലും നീരിലും മറ്റിനങ്ങളെ കവച്ചുവയ്ക്കും. നഴ്സറികളിൽ നിന്ന് ഈ ഇനത്തിന്റെ തൈകൾ വാങ്ങാൻ കിട്ടും. ചെടിയിൽ മുള്ളില്ലാത്ത ഇനങ്ങളുടെയും വിത്തില്ലാത്ത ഇനങ്ങളുടെയും തൈകളും വാങ്ങാൻ കിട്ടും. ഇതൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. കടയിൽ നിന്ന് വാങ്ങുന്ന നല്ല പഴുത്തുനാരങ്ങയുടെ കുരുമുളപ്പിച്ച് ആവശ്യത്തിന് തൈകൾ ഉദ്പാദിപ്പിക്കാം.
https://www.facebook.com/Malayalivartha
























