ബാഹുബലി 2 കണ്‍ക്ലൂഷന്‍ ഒഫീഷ്യല്‍ ട്രെയ്‌ലര്‍

എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്? ബാഹുബലിയുടെ ആദ്യഭാഗം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഏറ്റവുമധികം ചോദിച്ച ചോദ്യമായിരുന്നു ഇത്. മാര്‍ച്ച് 16ന് പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ഈ ചോദ്യത്തിന് ചെറുതായി ഉത്തരം നല്‍കുന്നുണ്ടോ?
ഇതുവരെ സിനിമാചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത അത്ഭുതകരമായ പ്രതികരണമാണ് ട്രെയിലറിനു ലഭിച്ചത്. നാലു ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങിയ ട്രെയിലറിന്റെ തെലുങ്ക് പതിപ്പു പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു കോടിയിലധികം തവണയാണ് ആളുകള്‍ കണ്ടത്. കൂടെ പുറത്തിറങ്ങിയ ഹിന്ദി, മലയാളം, തമിഴ് ട്രെയിലറുകള്‍ക്കും ലഭിച്ചതു മികച്ച പ്രതികരണം തന്നെ.
ബാഹുബലിയുടെ ആദ്യ ഭാഗം സൃഷ്ടിച്ചിരുന്ന ഹൈപ്പ് രണ്ടാം ഭാഗം ദ് കണ്‍ക്ലൂഷന്റെ ട്രെയിലറിനും ലഭിച്ചു. ഒരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം എന്നു വ്യക്തമായി വെളിവാക്കുന്നതായിരുന്നു ട്രെയിലര്‍. ആദ്യ ചിത്രം നിര്‍ത്തിയ ആകാംക്ഷയുടെ മുനമ്പില്‍ നിന്നു തന്നെ രണ്ടാം ചിത്രത്തിന്റെ ട്രെയിലര്‍ തുടങ്ങുമെന്നു പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. മറിച്ച് ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് തിരുത്തിയെഴുതുന്നതു പോലാണ് കണ്‍ക്ലൂഷന്റെ ട്രെയിലര്‍. കട്ടപ്പയല്ല അമരേന്ദ്ര ബാഹുബലിയെ കൊന്നതെന്ന് ചെറുതല്ലാത്തൊരു സൂചനയും ഇതു നല്‍കുന്നു.
ആളിക്കത്തുന്ന അഗ്‌നിയുടെ പശ്ചാത്തലത്തില്‍ ബാഹുബലിയുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന കട്ടപ്പയുടെ രംഗമാണ്, കട്ടപ്പയല്ല ബാഹുബലിയെ കൊന്നതെന്ന സൂചന നല്‍കുന്നത്. രോഷാകുലനായ ബാഹുബലി ദേഷ്യത്തോടെ തന്റെ വാള്‍ ഭൂമിയില്‍ കുത്തിയിറക്കുന്നതും ഈ രംഗത്തു കാണാം.
ബാഹുബലി ബിഗിനിങ്ങിലെ മര്‍മപ്രധാന രംഗം ഇങ്ങനെ. അമരേന്ദ്ര ബാഹുബലിയെ കൊന്നതു താനാണെന്നു കട്ടപ്പ മഹേന്ദ്ര ബാഹുബലിയോട് വെളിപ്പെടുത്തുമ്പോള്‍ ഇതേ പശ്ചാത്തലത്തിലാണ് കട്ടപ്പ ബാഹുബലിയെ പുറകില്‍ നിന്നും കുത്തുന്നത്. മഹേന്ദ്രയുടെ വളര്‍ത്തു മാതാപിതാക്കളും ജനങ്ങളും കേള്‍ക്കെയാണ് കട്ടപ്പയുടെ ഈ വെളിപ്പെടുത്തല്‍. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലറില്‍ കാണുന്നത് ഇരുവരും തമ്മിലുള്ള തീവ്രമായ ഒരു സംഭാഷണമാണ്.
തന്റെ സഹോദരന്‍ ഭല്ലാലദേവയുമായുള്ള യുദ്ധത്തില്‍ മനംമടുത്ത അമരേന്ദ്ര താന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി കള്ളം പറയാന്‍ കട്ടപ്പയോടു നിര്‍ദേശിച്ചിരിക്കാം. ഒരു പക്ഷേ തന്നെ കൊല്ലാനും അമരേന്ദ്ര ബാഹുബലി കട്ടപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കില്‍ ബാഹുബലി മരിച്ചിട്ടില്ല. ആദ്യഭാഗത്തില്‍ 'ഇനിയും എന്റെ കൈ കൊണ്ടു മരിക്കാനാകും ബാഹുബലി വരുക'യെന്ന് തുറങ്കിലടകപ്പെട്ട ദേവസേനയോട് ഭല്ലാലദേവ പറയുന്നുണ്ട്. ഇതിലെ 'ഇനിയും' എന്ന വാക്ക് അമരേന്ദ്ര ബാഹുബലിയെ കൊന്നതു ഭല്ലാല ദേവയാണെന്നു സൂചിപ്പിക്കുന്നു.
എന്തായാലും താനാണു ബാഹുബലിയെ കൊന്നതെന്ന കട്ടപ്പയുടെ കള്ളം മഹിഷ്മതിയിലെ പ്രജകളോടൊപ്പം പ്രേക്ഷകരും വിശ്വസിച്ചിരിക്കുന്നു. ഇതു കണ്ട് രാജമൗലി പോലും ചിരിച്ചുപോയിട്ടുണ്ടാകാം. സത്യത്തില്‍ അമരേന്ദ്ര ബാഹുബലിക്ക് എന്തുപറ്റി? അദ്ദേഹം മരിച്ചോ? മരണത്തെ അതിജീവിച്ചെങ്കില്‍, അത് എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായാകും ബാഹുബലി 2 എത്തുക.
എന്തായാലും കണ്‍ക്ലൂഷനില്‍ ബാഹുബലി ഭല്ലാലദേവയെ നേരിടാന്‍ വീണ്ടും എത്തുമെന്നു പ്രതീക്ഷിക്കുന്നവര്‍ കുറവല്ല. കാരണം ക്ലൈമാക്‌സില്‍ ബാഹുബലിയും ഭല്ലാലദേവയും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം ഭാഗത്തിലെ വമ്പന്‍ രംഗമെന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് മഹേന്ദ്ര ബാഹുബലിയോ അതോ അമരേന്ദ്ര ബാഹുബലിയോ ആകാം.
യുവരാജാവ് മഹേന്ദ്ര ബാഹുബലി ഭല്ലാലദേവയ്ക്ക് പറ്റിയ ഒരു എതിരാളിയല്ലല്ലോ? പ്രായാധിക്യത്തിന്റെ അവശതകള്‍ പേറുന്ന ഭല്ലാലദേവ. തുല്യശക്തികള്‍ പോരാടുന്നതല്ലേ പഞ്ച്, അതല്ലേ നമ്മള്‍ പ്രതീക്ഷിക്കുന്ന ഹീറോയിസം...
https://www.facebook.com/Malayalivartha