സ്റ്റീവന് സ്പില്‍ബെര്‍ഗ്: സിനിമ പോലെ അവിശ്വസനീയമായ ട്വിസ്റ്റുകളുള്ള ഒരു ജീവിതകഥ

സ്റ്റീവന് സ്പില്‍ബെര്‍ഗ് എന്ന പേര് കേട്ടിട്ടില്ലാത്ത സിനിമാസ്വാദകര്‍ ഉണ്ടാകാനിടയില്ല. ഹോളിവുഡാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയെങ്കിലും ഇങ്ങ് ഈ കൊച്ചുകേരളം വരെയും അറിയപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ് അദ്ദേഹം. എന്നാല്‍ ഡിസ് ലെക്‌സിയ എന്ന പഠനവൈകല്യം മൂലം മണ്ടന്‍ വിദ്യാര്‍ഥി എന്ന വിളിപ്പേരുമായി ദു:ഖത്തോടെ സ്‌കൂള്‍ ജീവിതം ഉപേക്ഷിക്കാന്‍ മോഹിച്ച ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന് എന്നറിയാമോ? ആദ്യത്തെ രണ്ട് വര്‍ഷം അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പോലും സ്റ്റീവന്റെ ബാല്യത്തിനായില്ല. വായിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനും എഴുതാനും സാധാരണ ഒരാളെടുക്കുന്നതിന്റെ ഇരട്ടി സമയം വേണമായിരുന്നു സ്റ്റീവന്!
1964-ല്‍ സിനിമാ മോഹവും തലയില്‍ നിറച്ച് ആ യുവാവ് സതേണ്‍ കലിഫോര്‍ണിയയിലെ സ്‌കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്‌സിന്റെ സര്‍വകലാശാല പ്രവേശന പരീക്ഷയ്‌ക്കെത്തി. വളരെ താഴ്ന്ന മാര്‍ക്കാണ് ലഭിച്ചത്. പക്ഷേ, തോറ്റു പിന്‍മാറാന്‍ ആ ചെറുപ്പക്കാരന്‍ ഒരുക്കമല്ലായിരുന്നു.അടുത്ത വര്‍ഷം വരെ കാത്തിരുന്നു.ആ കൊല്ലവും പുറത്തായി. മൂന്നാം വര്‍ഷം കൂടുതല്‍ ഒരുക്കത്തോടെ പരീക്ഷയെഴുതി. ഇത്തവണയും ഗ്രേഡ് സി തന്നെ. സിനിമ പഠിക്കാനോ, സിനിമ പിടിക്കാനോ യാതൊരു യോഗ്യതയും ഇയാളില്‍ കാണുന്നില്ല എന്നാണ് അവിടുത്തെ ഒരു അധ്യാപകന്‍ ഉപദേശിച്ചത്.
1946 ഡിസംബര്‍ 18-ന് ഓഹിയോവിലെ സിന്‍സിനാറ്റില്‍ ഒരു യാഥാസ്ഥിതിക ജൂതകുടുംബത്തിലാണ് സ്പില്‍ബെര്‍ഗ് ജനിച്ചത്. അമ്മ ലിയ പോസ്‌നെര്‍ ഒരു പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആര്‍നോള്‍ഡ് സ്പില്‍ബെര്‍ഗ് ഇലക്ട്രിക്കല്‍ എന്‍ജിനിയറും.
വളരെ ചെറുപ്പത്തില്‍ തന്നെ സിനിമ എന്ന അത്ഭുതം സ്റ്റീവനെ ആകര്‍ഷിച്ചിരുന്നു. എങ്ങനെയും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനും സിനിമാ സംവിധാനം പഠിക്കാനും സ്റ്റീവന്‍ തീരുമാനിച്ചു. അങ്ങനെയാണു സതേണ്‍ കാലിഫോര്‍ണിയയിലെ സിനിമാറ്റിക് ആര്‍ട്‌സ് സര്‍വകലാശാലയുടെ പടിക്കലെത്തുന്നത്. അവിടെയും വില്ലനായി നിന്നത് ഡിസ്ലെക്‌സിയയാണ്.
1966-ല്‍ സ്റ്റീവ് കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ ചേര്‍ന്ന് ഇംഗ്ലീഷ് സാഹിത്യ പഠനം ആരംഭിച്ചു. പഠന കാലം യൂണിവേഴ്‌സല്‍ സ്റ്റുഡിയോയിലെ എഡിറ്റിങ് ഡിപ്പാര്‍ട്ടുമെന്റില്‍ സഹായിയായി സ്റ്റീവന് ജോലി ലഭിച്ചു. 1968-ല്‍ സ്റ്റുഡിയോ അധികൃതര്‍ ഒരു ഹ്രസ്വ ചലച്ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ആ ദൗത്യം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ഏറ്റെടുത്തു. ആംബ്ലിന്‍ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. അതോടെയാണ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ ജീവിതം മാറിമറയുന്നത്. അദ്ദേഹത്തിന് ഒരു സിനിമ സംവിധാനം ചെയ്യാന്‍ സ്റ്റുഡിയോ അനുമതി നല്‍കി. ഏഴു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു കരാര്‍. അതോടെ ബിരുദ പഠനം ഉപേക്ഷിച്ച് സ്പില്‍ബെര്‍ഗ് സിനിമാ ജീവിതത്തിലേക്കു കാല് കുത്തി. അങ്ങനെ 1974-ല്‍ ആദ്യ ചിത്രം ഷുഗര്‍ലാന്‍ഡ് എക്‌സ്പ്രസ് വെളിച്ചംകണ്ടു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ലോകം അറിയുന്ന സിനിമാ സംവിധായകനായപ്പോഴും ഡിസ്ലെക്‌സിയ എന്ന രോഗം തന്നെ വിടാതെ പിന്‍തുടരുന്നുണ്ടായിരുന്നുവെന്നു 2017-ല്‍ അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെയാണ് ആരാധകര്‍ ആ സത്യത്തിനു കാതോര്‍ത്തത്.തന്റെ മുന്നിലെത്തുന്ന തിരക്കഥകളും നോവലുകളും വായിക്കാനും മനസിലെ കഥകള്‍ എഴുതാനും ഇപ്പോഴും സാധാരണ ഒരാളെടുക്കുന്നതിന്റെ ഇരട്ടി സമയം വേണം സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്.
പരിമിതികളോടു നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സ്റ്റീവനെ 2006-ല്‍ പ്രീമിയര്‍ മാസിക ആധുനിക സിനിമാലോകത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുത്തു. ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട 100 വ്യക്തികളില്‍ ഒരാളായി ടൈം മാസികയും നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ലൈഫ് മാസികയും സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനെ തിരഞ്ഞെടുത്തു. ഡ്രീംവര്‍ക്ക്‌സ് എന്ന ചലച്ചിത്ര സ്റ്റുഡിയോയുടെ ഉടമയാണ് ഇദ്ദേഹം. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് , സേവിംഗ് പ്രൈവറ്റ് റയാന്‍ എന്നീ ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹത്തിന് ഓസ്‌കര്‍ ലഭിച്ചു.
https://www.facebook.com/Malayalivartha