ഇത് വീടോ സ്വർഗ്ഗമോ; ആഡംബര ബംഗ്ലാവിൽ കണ്ണഞ്ചിപ്പിക്കും അകകാഴ്ചകൾ; അമ്പരപ്പിച്ച് ബിഗ് ബോസ് വീട്; വീടിനകത്ത് 'പൂട്ടാൻ' ജയിലും

പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് വീണ്ടുമെത്തിയിരിക്കുകയാണ്. ബിഗ് ബോസിന്റെ വീടിനുള്ളിലെ മത്സരാർത്ഥികളുടെ ജീവിതം വളരെ കൗതുകത്തോടെയാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്. വീടിനുള്ളിലെ അടിയും വഴക്കും കുശുമ്പും കുന്നായ്മയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരം തന്നെയാണ്. ബിഗ് ബോസ് സീസൺ ഒന്നിലുടെ ഒരു വിവാഹവും നടന്നു. മത്സരാർത്ഥികളായിരുന്ന പേർളിയും ശ്രീനിഷുമാണ് ബിഗ് ബോസിലൂടെ പ്രണയിച്ച് വിവാഹിതരായത്. ഇപ്പോഴിതാ ആരാധകരെ ത്രസിപ്പിക്കാൻ ബിഗ് ബോസ് സീസൺ ടു എത്തിയിരിക്കുകയാണ്. സിനിമ സീരിയൽ താരങ്ങൾ മുതൽ ടിക് ടോക് താരങ്ങൾ വരെയുണ്ട് ബിഗ് ബോസ്സിൽ അംഗം കുറിക്കാൻ. മോഹൻ ലാൽ അമരക്കാരനായ ബിഗ് ബോസിന്റെ രണ്ടാം വരവിലെ വീട് പ്രേക്ഷകരെ അമ്പരപ്പിക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. തികച്ചും കേരളത്തനിമയോടും മനോഹരങ്ങളായ പെയിന്റിംഗുകളോടും കൂടിയാണ് ബിഗ് ബോസ് ഹൗസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
പോർച്ചുഗീസ് പര്യവേക്ഷകനയാ വാസ്കോഡ ഗാമയിലൂടെയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് സീസൺ ടൂവിൽ യാത്ര തുടങ്ങുന്നത്. എൻട്രി കഴിഞ്ഞ് മത്സരാർത്ഥികൾ വീടിനുള്ളിലേക്ക് കടക്കുന്ന ഭാഗത്ത് വാസ്കോഡ ഗാമയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ചിത്രത്തിന് തൊട്ടുതാഴേ വീട്ടിലെ അംഗങ്ങൾക്ക് ഇരിക്കാനായി ഒരു കുഞ്ഞ് ബോട്ടുമുണ്ട്.തൊട്ടടുത്ത് രണ്ട് കണ്ണാടികളും ക്യാമറകളും. അതിനടുത്തായി ഒരു ലൈറ്റ് ഹൗസും അതിനോട് ചേര്‍ന്ന് ഇന്ത്യൻ ഭൂപടവും ആലേഖനം ചെയ്തിരിക്കുന്നു. മത്സരാർത്ഥികൾക്കായി ഒരു മൾട്ടി ജിമ്മും സജ്ജീകരിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ 100 ദിവസം കഴിയേണ്ട ആഡംബര ബംഗ്ലാവ്, ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 24 മണിക്കൂറും മത്സരാർത്ഥികളെ വീക്ഷിക്കുന്നതിനായി അറുപതിലധികം ക്യാമറകണ്ണുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. നമുക്കിനി ബിഗ് ബോസ് 2 വീടിന്റെ അകകാഴ്ചകളിലൂടെ ഒന്ന് സഞ്ചരിക്കാം.
ഇതാണ് ബിഗ് ബോസിന്റെ വീട്ടിലേക്കുള്ള പ്രവേശന കവാടം. ഇത് കടന്ന് അകത്തെത്തിയാല്‍ നിങ്ങളെ വരവേൽക്കുന്നത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. ഇത് വീടോ സ്വർഗ്ഗമോ എന്ന് നിങ്ങൾ അമ്പരന്നേക്കാം. ബിഗ് ബോസ്സിന്റെ മത്സരാർത്ഥികൾക്കായി വിപുലമായ സ്വിമ്മിങ് പൂളാണ് ഒരുക്കിയിരിക്കുന്നത്. 8 എന്ന അക്കത്തിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ഇത് മത്സരാർത്ഥികൾക്ക് എട്ടിന്റെ പണി കൊടുക്കാനാണോ എന്ന് കണ്ടറിയാം. കഴിഞ്ഞ തവണ സ്വിമ്മിങ് പൂളിൽ നിരവധി ടാസ്ക്കുകൾ മത്സരാർത്ഥികൾക്കായി നൽകിയിരുന്നു.
കഴിഞ്ഞ തവണത്തേതിന് വ്യത്യസ്തമായി ബിഗ് ഹവ്‌സിൽ ഒരു ജയിൽ നിർമ്മിച്ചിട്ടുണ്ട്. നീലയും കറുപ്പും പശ്ചാത്തല നിറത്തില്‍ നിര്‍മ്മിച്ച ഈ സെല്ലിനകത്ത് ഒരു ടോയ്‌ലറ്റ് ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ സെല്ലിനകത്തായി ഒരു കട്ടിലും ഒരു മൺ കുജയുമുണ്ട്. തെറ്റ് ചെയ്യുന്നവർക്ക് അഴിയെണ്ണാമെന്നു സാരം.
ഇത്തവണത്തെ ബിഗ് ബോസ് വീട്ടിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും കിടപ്പറകൾക്ക് വലിയ വേർതിരിവില്ല. വലിയ പാർട്ടീഷനുകളൊന്നും മുറികൾക്കിടയിൽ നൽകിയിട്ടില്ല. രണ്ടു റൂമുകളുടെയും കളർ തീമും ഒന്ന് തന്നെ.
സ്ത്രീകളുടെ കിടപ്പുമുറിയിൽ മയിലിന്‍റെയും പുരുഷന്മാരുടെ വശത്ത് മൂങ്ങയുടെ പെയിന്റിംഗുമാണ് ഉള്ളത്. വെള്ളയും കറുപ്പും നിറങ്ങളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. തുണികൾ തേയ്ക്കാനുള്ള സജ്ജീകരണങ്ങളും കിടപ്പുമുറികളിൽ ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് നിന്നും വരാന്തയിൽ നിന്നും കയറാവുന്ന രീതിയിൽ ജിം ഏരിയയ്ക്ക് അടുത്തായാണ് ശുചിമുറികൾ. ബിഗ് ബോസ് വീട്ടിൽ ക്യാമറക്കണ്ണുകളില്ലാത്ത രണ്ടിടങ്ങളിൽ ഒന്ന് ശുചിമുറിയാണ് മറ്റൊന്ന് ഡ്രസിങ് റൂമും.
ചെറുതെങ്കിലും അതിമനോഹരമായ അടുക്കളയാണ് വീട്ടിലെ മറ്റൊരു ആകർഷണം. ഫ്രിഡ്ജ്, ഓവൻ, മിക്സി, പ്ലേറ്റുകൾ, തുടങ്ങി നിരവധി സാധനങ്ങൾ ഈ കുഞ്ഞൻ അടുക്കളയിലുണ്ട്. ആനയുടെ രൂപമാണ് അടുക്കളക്ക്. പെട്ടികളുടെ രൂപമാണ് ഓരോ കബോർഡിനും. പച്ച, നീല, ഓറഞ്ച് എന്നിവയാണ് അടുക്കളയുടെ പശ്ചാത്തല നിറം. വാഴ ഇലയുടെ രൂപത്തിലുള്ള തീൻ മേശയാണ് മറ്റൊരു പ്രത്യേകത. മേശയുടെ മധ്യത്തായി ഒരു ക്യാമറയുമുണ്ട്. മലയാള തനിമയുള്ള രീതിയിലാണ് അടുക്കള ക്രമീകരിച്ചിരിക്കുന്നതെങ്കിലും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളും അടുക്കളയുടെ മാറ്റ് കൂട്ടുന്നു. അടുക്കളയുടെ ഒരു വശത്തെ ചുമരിൽ ഹിറ്റ് സിനിമ ഡയലോഗുകളും ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനോട് ചേർന്നാണ് സ്റ്റോർ റൂം.
കേരള തനിമ വിളിച്ചോതുന്ന മനോഹരമായ പെയിന്റിങ്ങുകൾ ആണ് കാണികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. ചുമരിലെ തോണിയുടെ ചിത്രത്തിലും അമരക്കാരൻ മോഹൻ ലാലാണ്. മനോഹരമായ ഇന്‍റീരിയര്‍ വർക്കുകളാണ് വീടിനകത്തെ മറ്റൊരു ആകർഷണം. മത്സരാർത്ഥികളുടെ ഓരോ ചലങ്ങളും ഒപ്പിയെടുക്കാൻ 60 ഓളം ക്യാമറകളാണ് വീടിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്.
കടലിന്‍റെ അന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന വാഷിംഗ് റൂമാണ് ബിഗ് ബോസ് സീസൺ ടൂവിലെ മറ്റൊരു അമ്പരപ്പിക്കുന്ന കാഴ്ച. മീനുകൾ, നക്ഷത്ര മത്സ്യങ്ങൾ, തുടങ്ങി കടലിലെ എല്ലാ ജീവജാലങ്ങളേയും ഈ റൂമിൽ വരച്ചുകാട്ടിയിട്ടുണ്ട്.തറയില്‍ പതിപ്പിച്ചിരിക്കുന്ന ടൈലുകളിലും ഭിത്തിയിലെ ലൈറ്റുകളിലുമെല്ലാം കടലിന്റെ സാന്നിധ്യമുണ്ട്.
പുരുഷൻമാരുടെ ഡ്രസിങ് റൂമിൽ കാവൽക്കാരനായി ഒരു കൊള്ളക്കാരനും സ്ത്രീകളുടെ റൂമിൽ കാവലിനായി ഒരു മത്സ്യകന്യകയുമുണ്ട്.പനം പായയിലാണ് വാഷിങ് റൂമുകളുടെ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്.
വീട് മുഴുവനും കണ്ടു കഴിഞ്ഞു.ഇനി ഈ മനോഹര വീടിലെ മത്സരാർത്ഥികളുടെ ജീവിതം എങ്ങനെയാണെന്ന് കുടി മാത്രമേ അറിയേണ്ടതുള്ളൂ. ഇനിയുള്ള 100 ദിവസങ്ങൾ ഇവർ ചിലവഴിക്കുന്നതീ ആഡംബര സൗധത്തിനുള്ളിലാണ്. ഇനിയുള്ളത് ചെറിയ കളികൾ അല്ല, കളികൾ വേറെ ലെവൽ.
https://www.facebook.com/Malayalivartha
























