കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സ് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. പഠന മികവിനോടൊപ്പം മാനസിക ആരോഗ്യവും അതീവ ഗൗരവമായി കാണണം. കുട്ടികളുടെ സ്വാഭാവിക അവകാശങ്ങള്‍ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളെ വര്‍ഗീയ പരീക്ഷണ ശാലകളാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്ത് തന്നെ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഉത്തരേന്ത്യന്‍ മോഡല്‍ അനുവദിക്കില്ല. ഓണവും ക്രിസ്തുമസും പെരുന്നാളും ഒരുപോലെ ആഘോഷിക്കണം. മത നിരപേക്ഷത ഉയര്‍ത്തി പിടിക്കാന്‍ ബാധ്യത ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ കലോത്സവത്തിന്റെ മുദ്രാവാക്യം : ഉത്തരവാദിത്തം ഉള്ള കലോത്സവം എന്നാണ്. മാര്‍ക്ക് വാങ്ങുക ഗ്രെയ്‌സ് മാര്‍ക്ക് വാങ്ങുക എന്നതില്‍ ഉപരി ചില ഉത്തരവാദിത്തം കൂടി കുട്ടികള്‍ നിര്‍വഹിക്കണം. അതുകൊണ്ടാണ് ഉത്തരവാദിത്തം ഉള്ള ഉത്സവം എന്ന ആശയത്തിലേക്ക് എത്തിയത്. വേദികളിലെ ശബ്ദ സംവിധാനം വേദിയില്‍ ഉള്ളവര്‍ക്ക് മാത്രം കേള്‍ക്കുന്ന രീതിയില്‍ ക്രമീകരിക്കണം.
പൊതുജനങ്ങള്‍ക്ക് ശല്യമാകാത്ത വിധത്തിലായിരിക്കണം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. കുട്ടികളുടെ കേള്‍വിയെ ബാധിക്കരുത്. ഭക്ഷണത്തിലും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലോത്സവത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























