ദീപികക്ക് ഐക്യദാർഢ്യവുമായി അമൽ നീരദ്; കരുണയും ധൈര്യവുമുള്ള വ്യക്തി; സംവിധായകന്റെ വാക്കുകൾ വൈറലാകുന്നു

ദില്ലിയിലെ ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായെത്തിയ ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ് ഇപ്പോൾ വാർത്തകളിലെ താരം. ബോളിവുഡ് താരങ്ങളിൽ നിന്നും ഒരുപാട് പ്രശംസകളും ഇതിനെ തുടർന്ന് താരം ഏറ്റുവാങ്ങിയിരുന്നു. മലയാള ചലച്ചിത്രകാരനും ഛായാഗ്രാഹകനും നിർമ്മാതാവുമായ അമൽ നീരദും നടിയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ്. നടിയെ ധൈര്യവും കരുണയുമുള്ള വ്യക്തിയെന്നാണ് അമൽ വിശേഷിപ്പിച്ചത്. ഒരു നിർമ്മാതാവ് അല്ലെങ്കിൽ സംവിധായകൻ എന്നനിലയിൽ, ആദ്യമായി നിർമ്മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎൻയു വിദ്യാർത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ലെന്ന് താൻ മനസ്സിലാക്കുന്നു.അതിന് ചങ്കൂറ്റവും ദയയും വേണം. സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററുകളിലേക്ക് പോയി ഈ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ‘ഛപാക്ക്’ കാണണമെന്നും താൻ അഭ്യർത്ഥിക്കുന്നു. സൗന്ദര്യം നിലനിൽക്കുന്നത് അത് ആധികാരികമായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം നിർവഹിക്കുമ്പോഴാണ്. അതിനാൽ മനുഷ്യാത്മാവിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും അതിന്റെ വിജയം ആഘോഷിക്കുന്നതിനും മേഘ്‌നയ്ക്കും ദീപികയ്ക്കും നന്ദി- അമൽ നീരദ് ഫേസ്ബുക്കിൽ കുറിക്കുന്നു.
ദീപികയുടെ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അനുരാഗ് കശ്യപ്; സോനാക്ഷി സിൻഹ തുടങ്ങി ഒട്ടേറെ താരങ്ങൾ ദീപികക്ക് ആശംസകൾ നേർന്നിരുന്നു . എന്നാൽ ദീപിക ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയായ ചപ്പാക്കിന്റെ പ്രൊമോഷന് വേണ്ടിയാണു താരം ജെ എൻ യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായെത്തിയതെന്നാണ് മറ്റൊരു വാദം. താരത്തിന്റെ ചിത്രങ്ങൾ ബഹിഷ്‌ക്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങളൂം സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha