അവൾ പോയി ചാകട്ടെ... പറഞ്ഞ് പറഞ്ഞ് പുറത്ത് നിന്ന് സഞ്ജിത്ത്: അരമണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ കണ്ടത് ജീവനറ്റ മകളെ:- അപർണയുടെ ഭർത്താവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ ബീന
സിനിമാ- സീരിയൽ താരം അപർണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ മരിച്ച നിലയിൽ കണ്ടത്. ഉടനെ തന്നെ അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ഇപ്പോഴിതാ സഞ്ജിത്തിനെതിരെ ആരോപണവുമായി അപർണയുടെ അമ്മ വീണ്ടും രംഗത്ത് എത്തി. സഞ്ജിത് അപർണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അമ്മ ബീന പറഞ്ഞു. ഇരുവർക്കുമിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു.
മരിക്കുന്നതിനു തൊട്ടുമുൻപ് വിഡിയോ കോൾ വിളിച്ച് പോവുകയാണെന്നു പറഞ്ഞു. ഇക്കാര്യം സഞ്ജിത്തിനെ അറിയിച്ചെങ്കിലും അവൾ പോയി ചാകട്ടെയെന്നു പറഞ്ഞ് പുറത്തുതന്നെ നിൽക്കുകയാണ് ചെയ്തതെന്ന് അമ്മ ആരോപിച്ചു. പറഞ്ഞുപറഞ്ഞ് ഒടുവിൽ അരമണിക്കൂർ കഴിഞ്ഞ് നോക്കുമ്പോഴേയ്ക്കും മകൾ മരിച്ചെന്നും ബീന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കു രണ്ടു പേർക്കും തന്നെ അറിയാം. മരിച്ച അന്നു പോലും രാവിലെ ഇവിടെ വന്നിട്ട് സന്തോഷമായിട്ടു തിരിച്ചു പോയതാണ്. വൈകുന്നേരം ആയപ്പോഴേക്കും എന്നെ വിളിച്ചിട്ട്, അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായി.
ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിക്കും. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും. അവൾക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. കാരണം, അവൻ കാരണം അവൾക്ക് ഒരുപാടു ദുഃഖവും വിഷമവും ഉണ്ടായിട്ടുണ്ട്. ഞാൻ പോകുന്നു എന്നു മാത്രം എന്നോടു പറഞ്ഞു.
വിഡിയോ കോളിലാണ് വിളിച്ചത്. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും ഞാൻ അപ്പോൾത്തന്നെ അവനെ വിളിച്ചു പറഞ്ഞു. അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നാണ് അവൻ പറഞ്ഞത്. അതും പറഞ്ഞ് ഇളയ കുട്ടിയുമായി വെളിയിൽത്തന്നെ നിന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നു’ പൊട്ടിക്കരഞ്ഞ് ബീന പറഞ്ഞു.
അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് അപർണയുടെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജി വച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായും സഹോദരി കരമന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുറച്ചുനാളായി അപർണയും ഭർത്താവ് സഞ്ജിത്തും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സഞ്ജിത് മദ്യപിച്ചെന്നാരോപിച്ച് വ്യാഴാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സഞ്ജിത് മകളെയും കൂട്ടി പുറത്തേക്ക് പോവുകയും ചെയ്തു. അപർണ കിടപ്പുമുറിയിൽക്കയറി അമ്മ ബീനയെ വീഡിയോ കോൾ വിളിച്ച് കുടുംബപ്രശ്നങ്ങൾ അറിയിച്ചു.
മകളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അമ്മ ബീന, അപർണയുടെ സഹോദരി ഐശ്വര്യയെ വിവരങ്ങളറിയിക്കുകയും ഐശ്വര്യ ഉടൻതന്നെ അപർണയുടെ വീട്ടിലെത്തുകയുമായിരുന്നു. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തപ്പോൾ ഇവർ സഞ്ജിതിനെ വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് വാതിൽ തുറന്നുനോക്കി. അപ്പോഴാണ് അപർണയെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയനിലയിൽ കണ്ടത്. കെട്ടഴിച്ച് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha