പൃഥ്വിരാജ് നായകനായ പുതിയ സിനിമയുടെ സെറ്റ് പൊളിച്ചു.....
പൃഥ്വിരാജ് നായകനായ 'ഗുരുവായൂര്‍ അമ്ബലനടയില്‍ 'എന്ന സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്ബാവൂരില്‍ നിര്‍മ്മിച്ച സെറ്റ് നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ച് മാറ്റി. ഗുരുവായൂര്‍ അമ്ബലത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും മാതൃകകളാണ് ഷൂട്ടിംഗിനായി നിര്‍മ്മിച്ചു കൊണ്ടിരുന്നത്. ഈ മാതൃകകളാണ് നഗരസഭ തടഞ്ഞതിനെ തുടര്‍ന്ന് പാതിവഴിയില്‍ പൊളിച്ചുനീക്കേണ്ടി വന്നത്. വയല്‍ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെയാണ് നഗരസഭയുടെ ഈ നടപടി. ഒരുമാസമായി 60ഓളം പേര്‍ ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്ബാവൂര്‍ കാരാട്ട് പള്ളിക്കരയില്‍ 12-ാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സിനിമാ സെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നത്. വയല്‍ നികത്തിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നഗരസഭയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് നഗരസഭ പരിശോധന നടത്തുകയും സെറ്റ് നിര്‍മാണം നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു. ഇതോടെയാണ് സെറ്റ് പൊളിക്കാന്‍ നഗരസഭ മെമോ നല്‍കിയത്.
https://www.facebook.com/Malayalivartha