വാദി പ്രതിയായി ; ഫെയ്‌സ്ബുക്കിലൂടെ അശ്ലീലം, പരാതികൊടുത്തപ്പോള്‍ ഗായിക 'പ്രതി'

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പദങ്ങള്‍ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ഏറിവരികയാണ്. സൈബര്‍ നിയമങ്ങള്‍ ശക്തമാണെങ്കിലും ഇത്തരം ചെയ്തികള്‍ക്ക് അറുതിയില്ലെന്നതാണ് വാസ്തവം. ഇതിനിരയായ സ്ത്രീകള്‍ പലപ്പോഴും ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ് പൊലീസിന്റെ നിസ്സഹരണവും പൊതുസമൂഹത്തിന്റെ ചോദ്യംചെയ്യലും. അവര്‍ നേരിട്ട അപമാനത്തേക്കാളും ഭീകരമാണ് ഈ അവസ്ഥ. ഇതേ അനുഭവമാണ് ഗായിക ഗൗരി ലക്ഷ്മിയും നേരിട്ടത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗായിക ഗൗരി ലക്ഷ്മി തന്റെ അനുഭവം പറഞ്ഞത്.
ഫെയ്‌സ്ബുക്കിലൂടെയാണ് ഒരാള്‍ ഗൗരിയോട് അശ്ലീലം പറഞ്ഞത്. എതിര്‍ത്തപ്പോള്‍ അസഭ്യമായിരുന്നു മറുപടി. ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ ഗൗരിയെ ഫോണ്‍ വിളിക്കാനുള്ള ശ്രമവും അയാള്‍ നടത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗായിക പൊലീസില്‍ പരാതി നല്‍കിയെങ്കിലും എന്തോ തെറ്റു ചെയ്‌തെന്ന മട്ടിലാണ് പൊലീസ് വിഷയത്തെ കൈകാര്യം ചെയ്തത്. സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ച് അന്വേഷിച്ചു. അപ്പോഴും പരാതിക്കാരിയുടെ ഭാഗത്തു തെറ്റുണ്ടെന്ന നിലയിലായിരുന്നു സംസാരം. പീഡനമോ അപമാനശ്രമമോ ഉണ്ടായാല്‍ സ്ത്രീകള്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് ഗൗരി കുറിപ്പില്‍ പറയുന്നു.
പൊലീസിന്റെ മാത്രമല്ല, പൊതു സമൂഹത്തിലെ ഒരു വിഭാഗത്തിന്റെയും നിലപാട് ഇതുതന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ പോസ്റ്റിനു താഴെ വന്ന ചില കമന്റുകള്‍. അതിലൊരെണ്ണം ഇങ്ങനെയായിരുന്നു: 'എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചെയ്യുന്ന കാര്യം തന്നെയാണിത്. പെണ്‍കുട്ടികള്‍ മാത്രം അതെല്ലാം പരസ്യമാക്കി പ്രശ്‌നമാക്കും. പ്രശ്‌നങ്ങള്‍ക്കു കാരണവും പെണ്‍കുട്ടികള്‍ തന്നെയാണ്. പെണ്‍കുട്ടികള്‍ അവരവര്‍ക്ക് അറിയാവുന്നവരെ മാത്രമേ കൂട്ടുകാരായി ഫെയ്‌സ്ബുക്കില്‍ ചേര്‍ക്കാന്‍ പാടുള്ളൂ. അറിയാത്തവരെ കൂട്ടുകാരാക്കുന്നത് എന്തിനാണ്? നമ്മളിടുന്ന പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും ലൈക്ക് കിട്ടാന്‍ വേണ്ടി മാത്രം കൂട്ടുകാരാക്കുന്നത്' ഇങ്ങനെ പോകുന്നു ആ കമന്റ്. ചിരിച്ചുകൊണ്ടാണ് ഈ പ്രതികരണത്തെ ഗായിക നേരിട്ടതും.
ഗൗരി ലക്ഷ്മി പൊലീസില്‍ നല്‍കിയ പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. അറിയപ്പെടുന്ന ഒരു ഗായികയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്ന സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥയെന്താവുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha


























