എന്തിനാണ് ഇടതുപക്ഷം ഇത്തരം വെള്ളിമൂങ്ങകളെ താങ്ങുന്നത് തോമസ്ചാണ്ടിക്കെതിരെ ജോയ്മാത്യു

തോമസ് ചാണ്ടിക്കും എന്‍സിപിക്കുമെതിരെ രൂക്ഷമായ പരാമര്‍ശങ്ങളോടെ ഇന്നലെയാണ് പ്രമുഖ ചലച്ചിത്രകാരന്‍ ജോയ്മാത്യു രംഗത്തെത്തിയത്. വെള്ളിമൂങ്ങയായാണ് എന്‍സിപിയെ ജോയ്മാത്യു വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുവൈറ്റില്‍ വിദ്യാഭ്യാസസ്ഥാപനത്തിലെ തട്ടിപ്പിന്റെ പേരില്‍ തോമസ്ചാണ്ടി ശിക്ഷിക്കപ്പെട്ട പത്രവാര്‍ത്ത സഹിതമാണ് ജോയ്മാത്യുവിന്റെ മുന്നറിയിപ്പ്. തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള എന്‍സിപി തീരുമാനത്തിന് പിന്നാലെയാണ് ജോയ്മാത്യുവിന്റെ പോസ്റ്റ് എത്തിയത്.
ദേശീയതലത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി അക്ഷരാഭ്യാസമില്ലാത്ത വടക്കേ ഇന്ത്യക്കാരെ എളുപ്പത്തില്‍ പറ്റിച്ച് ജാതിയുടെയോ മതത്തിന്റെയോ പേര് പറഞ്ഞ് അധികാരത്തിലേറുന്ന ചില പാര്‍ട്ടികളുണ്ട് . ഇങ്ങിനെയുള്ള പാര്‍ട്ടികളുടെ വാലുകളായി നമ്മുടെ കേരളത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രത്യേകതരം പക്ഷികളാണല്ലോ വെള്ളിമൂങ്ങകള്‍ എന്ന് ചോദിച്ചാണ് ജോയ്മാത്യുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ദേശീയതലത്തില്‍ നടക്കുന്ന നീക്കുപോക്കുകള്‍ക്കനുസരിച്ച് സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഇവര്‍ ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റി ഒന്നോ രണ്ടോ സീറ്റുകള്‍ കരസ്ഥമാക്കുമെന്നും അദ്ദേഹം പറയുന്നു. എങ്ങിനെയെങ്കിലും അധികാരത്തിലെത്തണം എന്ന് മാത്രം ചിന്തയുള്ള ഇടത്/വലത് പക്ഷങ്ങള്‍ ഇവര്‍ക്ക് സീറ്റുകൊടുക്കുകയും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച പണം പോലും കിട്ടാത്തത ഇവര്‍ മുന്നണിയിലെ പ്രവര്‍ത്തകരുടെ വോട്ടുകൊണ്ട് ജയിച്ച് വരികയും മന്ത്രിയാവുകയും ചെയ്യും.ഒരു ജോലിയും ചെയ്യാനറിയാത്ത ഇവര്‍ ചാനലില്‍ കയറിയിരുന്നു ചീപ്പ് കോമഡി പറഞ്ഞ് നമ്മളെ സുഖിപ്പിക്കും. ചാനലിലൂടെ പറയാന്‍ പറ്റാത്തത് ഫോണിലൂടെ പറഞ്ഞെന്ന് ഏതോ ഒരു ചാനലുകാരന്‍ പറഞ്ഞപ്പഴേ രാജിവെക്കാനും അല്‍പബുദ്ധികളായ ഇത്തരം വെള്ളി മൂങ്ങകള്‍ ഉഷാറാണെന്നും ജോയ്മാത്യു പറഞ്ഞുവെക്കുന്നു.
എന്തിനാണ് ഇടതുപക്ഷം ഇത്തരം വെള്ളിമൂങ്ങകളെ താങ്ങുന്നത് എന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഇവര്‍ ഇല്ലെങ്കില്‍ ഈ ഭരണം മറിഞ്ഞു വീഴുമോയെന്നും അദ്ദേഹം ചോദിക്കുന്നു. ഇതേ വെള്ളി മൂങ്ങകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ആരൊക്കെയായിട്ടാണ് കൂട്ട് കൂടുന്നത് എന്ന് ശരിയായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ചോദിക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഗോവയിലെ എന്‍സിപിബിജെപി കൂട്ടുകെട്ടിനെക്കുറിച്ചാകാം ജോയ്മാത്യുവിന്റെ ഈ പരാമര്‍ശം.
ഇതൊക്കെ പറയാന്‍ താനാരാണെന്ന് ചോദിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഗള്‍ഫ്‌ന്യൂസിന്റെ വാര്‍ത്താലിങ്ക് ഒപ്പം ചേര്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. 2004 ല്‍ ഗള്‍ഫ്‌ന്യൂസില്‍ വന്ന കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പ് കേസിന്റെ വിശദാംശങ്ങളാണ് അതിലുള്ളത്. രാജിവെച്ച ശശീന്ദ്രന്‍ എന്ന മന്ത്രിയുടെ കസേര ലക്ഷ്യംവെച്ച് വിമാനമിറങ്ങുന്ന വെള്ളിമൂങ്ങയാരാണെന്ന് വായനക്കാര്‍ തന്നെ മനസിലാക്കാനാണ് ജോയ്മാത്യുവിന്റെ നിര്‍ദേശം. ഇങ്ങിനെയാണ് ഇടതുപക്ഷം വിപ്ലവകരമായി വെള്ളിമൂങ്ങകളെ വളര്‍ത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാസിലോകത്ത് മാധ്യമപ്രവര്‍ത്തനമുള്‍പ്പെടെ നടത്തിയിട്ടുള്ള വ്യക്തിയാണ് ജോയ്മാത്യു. പ്രവാസി വ്യവസായിയാണ് തോമസ്ചാണ്ടി.
മന്ത്രിയായി തോമസ് ചാണ്ടിയെ നിശ്ചയിച്ച എന്‍സിപി തീരുമാനം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. നാളെ വൈകിട്ട് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എകെ ശശീന്ദ്രന്‍ തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ജുഡീഷ്യല്‍ അന്വേഷണം നടത്തി, കുറ്റവിമുക്തമായ ശേഷം ശശീന്ദ്രന്‍ തിരിച്ചെത്തട്ടെ എന്നാണ് പൊതുവേ ഉയര്‍ന്ന അഭിപ്രായം. എന്‍സിപി കേന്ദ്രനേതൃത്വവും സംസ്ഥാനനേതൃത്വവും ഈ തീരുമാനമാണ് മുന്നോട്ടുവെച്ചത്. ഇത് എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. നാളെയാകും പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ. കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി
https://www.facebook.com/Malayalivartha


























