ഈ അനുഭവം ഞാന്‍ പ്രതിക്ഷിച്ചിരുന്നില്ല; തുറന്നു പറഞ്ഞ് ലെന

ലെന ആദ്യമായി നായികയായ രണ്ടാംഭാവം എന്ന സിനിമ റിലീസിനു തയാറെടുക്കുമ്പോഴായിരുന്നു ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജി പഠിക്കാനായി മുംബൈയിലേയ്ക്കു പോയത്. ആ കാലഘട്ടത്തില്‍ മുംബൈല്‍ വച്ച് ഉണ്ടായ ഒരു തട്ടിപ്പിന്റെ അനുഭവത്തെ കുറിച്ച് ലെന കന്യകയില്‍ എഴുതുന്ന കോളത്തില്‍ വിശദീകരിച്ചത് ഇങ്ങനെ.
മുംബൈയിലേക്കുള്ള യാത്രയില്‍ അറിയാവുന്നവര്‍ പറഞ്ഞു തന്നത് അവിടെ നടക്കുന്ന മോഷണ ശ്രമങ്ങളെക്കുറിച്ചാണ്. ട്രെയിനിലും മറ്റും പേഴ്‌സും മൊബൈലും മോഷണം പോകുന്നത് ഉടമസ്ഥരുടെ കണ്ണു തെറ്റുമ്പോഴാണ്. അതുകൊണ്ടു അതൊക്കെ വിദഗ്ധമായി ഞാന്‍ സൂക്ഷിച്ചിരുന്നു. എനിക്ക് പക്ഷേ അബദ്ധം പറ്റിയത് അങ്ങനെയൊന്നുമല്ല. എനിക്ക് പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടി. ക്ലാസില്ലാത്ത ദിവസം ഷൂട്ട് ചെയ്യാമെന്ന ഉറപ്പില്‍ ബി.എസ്.എന്‍.എല്ലിന്റെ ഒരു പരസ്യചിത്രം. ഞാനതു കൊണ്ട് നിരസിച്ചില്ല.
പെട്ടെന്നുള്ള യാത്രയായതിനാല്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടുക അത്ര എളുപ്പമല്ല. തത്കാല്‍ ടിക്കറ്റെടുക്കാന്‍ ഞാന്‍ വി.ടി റയില്‍വേ സ്‌റ്റേഷനില്‍ എത്തി. തത്കാല്‍ കൗണ്ടര്‍ മുകളിലാണെന്ന് പറഞ്ഞപ്പോള്‍ അവിടേക്ക് ചെന്നു. ഒഫീഷ്യല്‍ ഡ്രസ്സില്‍ ഐ.ഡി കാര്‍ഡ് ഇട്ടു വന്ന ഒരാള്‍ കാര്യം തിരക്കി. പണം കൂടുതലാകുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒ.കെ പറഞ്ഞു. സ്‌റ്റേഷനിനുള്ളില്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്നതു കൊണ്ടു യാതൊരു സംശയവും തോന്നിയില്ല. 3000 രൂപ കൊടുത്ത് പ്രിന്റഡ് എ.സി. കോച്ച് ടിക്കറ്റുമായി ഞാന്‍ മടങ്ങി. സീറ്റ് നമ്പര്‍ ടി.ടി.ആര്‍ തരുമെന്ന് അയാള്‍ നേരത്തെ പറഞ്ഞിരുന്നു.
പിറ്റേന്ന് ലഗേജുമായി ട്രെയിനില്‍ കയറി. ട്രെയിന്‍ വിട്ട് പത്തു മിനിറ്റായതും ടി.ടി.ആര്‍. എത്തി. ഞാന്‍ ടിക്കറ്റ് നീട്ടി. അപ്പോഴാണ് അബദ്ധമറിയുന്നത്. സംഗതി വ്യാജനാണ്. ഫേക്ക് ടിക്കറ്റായതു കൊണ്ടും സീറ്റൊന്നും ഒഴിവില്ലാത്തതു കൊണ്ടും ഇറങ്ങിയേ പറ്റൂ എന്ന അവസ്ഥ വന്നു. അങ്ങനെ പനവേലില്‍ ലഗേജുമായി ഇറങ്ങി, തിരിച്ച് മുംബൈയിലേക്ക് വണ്ടി കയറി. സ്‌റ്റേഷനില്‍ തിരക്കിയപ്പോള്‍ അങ്ങനൊരു ടിക്കറ്റും ഉദ്യോഗസ്ഥനും അവരുടെ അറിവില്‍ അവിടെയില്ലെന്നറിയിച്ചു. പിറ്റേന്ന് ഫ്‌ളൈറ്റ് ടിക്കറ്റെടുത്താണ് ഞാന്‍ നാട്ടിലെത്തിയത്.
മുംബൈയില്‍ പലതരം തട്ടിപ്പുകള്‍ നടക്കാറുണ്ടെന്നറിയാവുന്നതു കൊണ്ട് ഞാന്‍ ശ്രദ്ധാലുവായിരുന്നു, പക്ഷേ നേം ടാഗ് വച്ച്, റെയില്‍വേ സ്‌റ്റേഷനിനുള്ളില്‍ വച്ച് അങ്ങനൊരു തട്ടിപ്പ് പ്രതീക്ഷിച്ചില്ല.ഏതായാലും അതോടെ ഞാന്‍ അലര്‍ട്ടായി. എന്തു കാര്യമുണ്ടെങ്കിലും രണ്ടാമതൊന്നു കൂടി ക്രോസ് ചെക്ക് ചെയ്തു തുടങ്ങി. ഒറ്റയ്ക്കുള്ള ജീവിതം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു, ഞാന്‍ കുറച്ചു കൂടെ സ്മാര്‍ട്ടായി.
https://www.facebook.com/Malayalivartha

























