നടി ആക്രമിക്കപ്പെട്ട കേസിലെ പുനഃരന്വേഷണം തന്റെ പരാതിയെ തുടര്‍ന്നെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന് പറഞ്ഞ് ദിലീപും നാദിര്‍ഷായും പോലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴുള്ളത്. തന്റെ സിനിമ പുറത്തിറങ്ങാനിരിക്കെ ഇത്തരം വിവാദങ്ങളുണ്ടാകുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ആണ് ദിലീപിനുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഇപ്പോള്‍ വീണ്ടും അന്വേഷണം നടത്തുന്നത് താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് ദിലീപിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം പോലീസ് വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മറ്റു ചിലരുടെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന വാദം തെറ്റാണ്. സത്യം പുറത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.
തന്റെ സഹായിയേയും സംവിധായകന്‍ നാദിര്‍ഷായേയും വിഷ്ണു എന്ന് പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി അറിഞ്ഞു. തന്റെ പേര് പറയാന്‍ പ്രതികള്‍ക്ക് പലഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. ബ്ലാക്ക് മെയില്‍ ചെയ്ത വ്യക്തി തന്നെയാണത്രെ ഇക്കാര്യം പറഞ്ഞത്. പള്‍സര്‍ സുനിയ്ക്ക് ദിലീപുമായി അടുത്ത ബന്ധമാണുള്ളത് എന്ന ആരോപണം സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി തന്റെ പംക്തിയിലൂടെ ഉന്നയിച്ചത്തിനെതിരെ ദിലീപ് രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരുന്നത്. പ്രമുഖ നടന്റേയും സംവിധായകന്റേയും മിമിക്രി താരത്തിന്റേയും പേരുകളാണ് പല റിപ്പോര്‍ട്ടുകളിലും പരാമര്‍ശിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പോലീസ് വീണ്ടും മൊഴി രേഖപ്പെടുത്തിയിരുന്നു. സിനിമ മേഖലയില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ താരത്തെ കുറിച്ച് നടി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നല്‍കിയിരുന്നത്. കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതി നല്‍കിയിരിക്കുന്നത്. തന്റെ സിനിമകള്‍ തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു.
https://www.facebook.com/Malayalivartha























