ദിലീപിന്റെ ചാനല്‍ വെളിപ്പെടുത്തല്‍ എന്നെ ഞെട്ടിച്ചു; ലാല്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഈ സൗഹൃദമാണ് എല്ലാത്തിനും കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ വിവരങ്ങള്‍ തന്നോട് സംവിധായകന്‍ ലാല്‍ പറഞ്ഞെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാല്‍ താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംവിധായകന്‍ ലാല്‍. തന്റെ മകന്റെ സിനിമയിലാണ് നടി അഭിനയിച്ചിരുന്നത്. അതു മാത്രമാണ് ബന്ധം.
നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നാണ് സംവിധായകന്‍ ലാലിന്റെ നിലപാട്. ദിലീപിന്റെ ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയെന്നും ലാല്‍ സുഹൃത്തുക്കളോട് പറഞ്ഞു.
എനിക്ക് താല്‍പ്പര്യം സിനിമയോട് മാത്രമാണ്. എന്റെ മകനും സിനിമയിലാണ്. മകന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നടി കാറു ചോദിച്ചപ്പോള്‍ നല്‍കി. അത്രമാത്രം. തന്റെ വീട്ടിലേക്കാണ് ആ കുട്ടി ആദ്യം എത്തിയത്. എല്ലാ പ്രശ്നവും എനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു. ഇപ്പോള്‍ എന്റെ മകനും നടിയുമായി ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നു.

ഇത് തീര്‍ത്തും അടിസ്ഥാന രഹതിമാണ്. നടിക്കും പള്‍സര്‍ സുനിക്കും ബന്ധമുണ്ടെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ ഏത് സാഹചര്യത്തിലാണെന്നും അറിയില്ല. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയോ ലക്ഷ്യമോ ഉണ്ടോയെന്നും തനിക്ക് അറിയില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ തീര്‍ത്തും തെറ്റാണെന്നും ലാല്‍ പറയുന്നു. ഇതോടെ സിനിമയില്‍ ദിലീപ് ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ഉണ്ടാകുന്നത്.
അമ്മയുടെ യോഗം ചേരാനിരിക്കെ സിനിമയില്‍ പുതിയതായി രൂപപ്പെട്ട വനിതാ സംഘടന സംഭവം ചര്‍ച്ച ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളതായിട്ടാണ് വിവരം. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള വരുടെ അഭിപ്രായങ്ങള്‍ നിര്‍ണ്ണായകമാകുമെന്നും സൂചനയുണ്ട്. നടിമാരുടെ നിരയില്‍ നിന്നും രമ്യാ നമ്പീശനും കുക്കു പരമേശ്വരനും ആണ് അമ്മയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലുള്ളത്. ദിലീപിനെതിരേ പള്‍സര്‍ സുനി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരുന്നത്.

ഇതിനിടെയാണ് നടിയെ കടന്നാക്രമിച്ച ദിലീപിന്റെ പരാമര്‍ശം എത്തുന്നത്. നേരത്തെ സലിം കുമാറും സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പിന്നീട് മാപ്പു പറഞ്ഞ് ഫെയ്സ് ബുക്കില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തു. വിവാദമായതോടെ വേണമെങ്കില്‍ താന്‍ നുണപരിശോധനയ്ക്ക് വരെ തയ്യാറാണെന്നും ചിലര്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു. സംഭവത്തില്‍ ആക്രമണത്തിന് ഇരയായ നടി ഇതുവരെ ഒരു പരസ്യപ്രസ്താവനയും നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha























