ആശ്വസിക്കാന്‍ വരട്ടെ; ഒന്നും തീര്‍ന്നിട്ടില്ല, ആവശ്യമെങ്കില്‍ ദിലീപിന്റെ മൊഴി വീണ്ടും പരിശോധിക്കും

ആക്രമിക്കപ്പെട്ട നടിയുമായി ഇപ്പോള്‍ സൗഹൃദത്തിലല്ലെന്ന് നടന്‍ ദിലീപ് പൊലീസിനോട് വെളിപ്പെടുത്തി. നടിയുമായി അകലാനുള്ള കാരണങ്ങള്‍ പൊലീസ് ചോദിച്ചതായി സൂചന. ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി എന്നിവരുടെ മൊഴികള്‍ പൊലീസ് ഒത്തുനോക്കുന്നു. വൈരുദ്ധ്യം കണ്ടെത്തിയാല്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെ പറ്റിയും ചോദിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം ദിലീപിനെതിരെ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന.
ദിലീപിനെ ബന്ധപ്പെടുത്താനാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ട്. ചോദ്യം ചെയ്യല്‍ നടന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പിന്നീട് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരേയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കേസില്‍ ആവശ്യമെങ്കില്‍ ദിലീപിന്റെ മൊഴി വീണ്ടും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മൊഴിനല്‍കാന്‍ ഇന്നലെ ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബിലെത്തിയ ദിലീപും നാദിര്‍ഷയും ഇന്നുപുലര്‍ച്ചെ ഒരുമണിക്കാണ് മടങ്ങിയത്. കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പൊലീസ് വിശദീകരണം തേടി. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഇന്ന് അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു.
ഒരു പകല്‍ കടന്ന് അര്‍ധരാത്രിവരെ പതിമൂന്നുമണിക്കൂര്‍ നേരമാണ് പൊലീസ് ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴിയെടുത്തത്. പള്‍സര്‍ സുനിയും സംഘവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മൊഴി എടുക്കാന്‍ പൊലീസിന് മുന്നില്‍ ഹാജരാകുന്നുവെന്നായിരുന്നു ദിലീപിന്റെ നിലപാട്. എന്നാല്‍ ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പൊലീസ് ഇത് തള്ളി.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിഷയമാണെന്നും കൂടുതല്‍ ചോദിച്ചറിയേണ്ടതുണ്ടെന്നും പൊലീസ് വിശദീകരിച്ചു. കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം തേടി. ആക്രമിക്കപ്പെട്ട നടിയും ദിലീപുമായി ഉണ്ടായെന്ന് പറയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, പള്‍സര്‍ സുനിയുടെ ഭീഷണിക്കത്തിലെയും ഫോണ്‍വിളികളിലെയും ആരോപണങ്ങള്‍, ദിലീപ് നടിയുടെ അവസരം നിഷേധിച്ചതായുള്ള ആരോപണങ്ങള്‍ തുടങ്ങിവയെല്ലാം പൊലീസിന്റെ ചോദ്യങ്ങളില്‍ കടന്നുവന്നു.
ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കാനല്ല അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്ന് റൂറല്‍ എസ്പി എ.വി.ജോര്‍ജ് പ്രതികരിച്ചു. ആവശ്യമെങ്കില്‍ ദിലീപിന്റെ മൊഴി വീണ്ടും പരിശോധിക്കും. ഇത്രയധികം നേരം ചോദ്യംചെയ്തെങ്കിലും തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ കേസെടുക്കുന്നകാര്യത്തില്‍ പൊലീസ് തീരുമാനമെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha























