മലയാള സിനിമയിലെ ബിനാമി ഇടപാടുകളുടെ തെളിവ് പോലീസിന്; പരസ്യ പ്രതികരണം നടത്തിയാല്‍ നടനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത

പന്ത്രണ്ട് മണിക്കൂര്‍ പിന്നിട്ട പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പതറി മലയാള സിനിമാ ലോകം. സിനിമാ രംഗത്തെ പലരുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അടക്കം അറിയാവുന്ന ദിലീപിനെയും നാദിര്‍ഷായെയും പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ പുറത്തുവരുമെന്ന ഭീതിയും ഇതിനു കാരണമായി. അമ്മ സംഘടനയുടെ ട്രഷററായ ദിലീപ് പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ എത്തുമെന്ന പ്രതീക്ഷയില്‍ രാത്രി പത്തര വരെ മുന്‍നിര താരങ്ങള്‍ കാത്തിരുന്നെങ്കിലും അതുണ്ടായില്ല.
എട്ടു മണിയോടെ ആരംഭിച്ച 'അമ്മ' യോഗം ഇതിനാല്‍ രാത്രി വൈകിയാണ് അവസാനിപ്പിച്ചത്. ഇത്തരം ആശങ്കകള്‍ക്കിടയിലാണ് നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരന്‍ സമദും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ദിലീപും നാദിര്‍ഷയും പുറത്തിറങ്ങിയ ശേഷം അവരെയും കൊണ്ടുപോവാനാണ് എത്തിയതെന്നും അതുവരെ അവിടെയുണ്ടാകുമെന്നും ഇരുവരും അറിയിച്ചു. ഇതിനിടെ സമദിനെ പൊലീസ് ക്‌ളബിനകത്തേക്കു കയറ്റി. പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ താക്കീത് ചെയ്താണ് പൊലീസ് ദിലീപിനേയും നാദിര്‍ഷായേയും വിട്ടയച്ചത്. നാദിര്‍ഷായുടെ സഹോദരന്‍ സമദിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപും നാദിര്‍ഷയും ഇനി അഞ്ചു ദിവസത്തെ നോട്ടീസ് പിരീഡിലാണ്. മാധ്യമങ്ങളോട് ഇതുസംബന്ധിച്ച് പരസ്യ പ്രതികരണം നടത്തരുതെന്നും പൊലീസ് താക്കീത് നല്‍കിയിട്ടുണ്ട്. ഫെഡറല്‍, യൂണിയന്‍, എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി ബാങ്കുകളിലെ അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ ദിലീപും എസ്ബിഐ അക്കൗണ്ട് വിവരങ്ങള്‍ നാദിര്‍ഷയും ഈ ദിവസങ്ങളില്‍ ഹാജരാക്കണം. കൂടാതെ ഐടി റിട്ടേണ്‍ രേഖകളും ഇരുവരും ഹാജരാക്കണം. അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. ദിലീപിന്റേയും നാദിര്‍ഷയുടേയും അപ്പുണ്ണിയുടേയും മൊഴികള്‍ പൊലീസ് വിശകലനം ചെയ്യുകയാണ്.
ഇതോടൊപ്പം നടന്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജാമ്യാപേക്ഷയുമായി മുന്നോട്ട് പോയാല്‍ തിരിച്ചടിയാകുമെന്നാണ് ലഭിച്ച നിയമോപദേശം. ഇതിനെ പൊലീസ് എതിര്‍ക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകുന്നതാണ് നല്ലതെന്നാണ് അഭിഭാഷകര്‍ തന്നെ അറിയിക്കുന്നത്.
ഒന്നാം പ്രതി സുനില്‍ കുമാറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിക്കപ്പെട്ട നടിയുടെ കൂടുതല്‍ മൊഴിയെടുത്തപ്പോള്‍ നിലവില്‍ വന്ന ഐപിസി 467, 469, 471 എന്നിവയ്‌ക്കൊപ്പം ഐപിസി 506, 384 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. 467, 469, 471 വകുപ്പുകള്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. 506, 384 എന്നിവ വധഭീഷണി, നഗ്‌നത ചിത്രീകരിച്ച് ബ്ലാക്ക്‌മെയിലിങ്ങ്, ഭീഷണിപ്പെടുത്തി എഴുതി വാങ്ങല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുടെ പിന്നിലെ തെളിവുകള്‍ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഗൗരവമേറിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഇത് കേസിലെ നിര്‍ണായക തെളിവുകളാകും. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം തുടരുന്ന സ്ഥിതിക്ക് ബിനാമി ഭൂമി ഇടപാടുകളിലേക്ക് അന്വേഷണം എത്തും. ഇത് മലയാള സിനിമയിലെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്നാണ് സൂചന. അങ്ങനെയുണ്ടായാല്‍ മലയാള താര സംഘടനയില്‍ തന്നെ പിളര്‍പ്പുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
സുനില്‍ കുമാറിന്റെ വെളിപ്പെടുത്തലും നടിയുടെ മൊഴിയും അടിസ്ഥാനപ്പെടുത്തി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യലിന് പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസാണ് നേതൃത്വം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ എഡിജിപി ബി സന്ധ്യ, കൊച്ചി റേഞ്ച് ഐജി പി വിജയന്‍ ഐപിഎസ്, ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha























