താരസംഘടനയുടെ അമ്മ എക്‌സിക്യൂട്ടീവില്‍ രമ്യാനമ്പീശന്‍ പങ്കെടുക്കാതിരുന്ന കാരണം...

ചലച്ചിത്ര താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പുരുഷാധിപത്യമെന്ന് ആക്ഷേപം. ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ രമ്യാനമ്പീശന്‍ പങ്കെടുക്കാതിരുന്നത് അതുകൊണ്ടാണെന്ന് ചില വനിതാ താരങ്ങള്‍. ആക്രമണത്തിന് ഇരയായ നടിയുടെ സുഹൃത്തും വിമന്‍ ഇന്‍ കളക്ടീവ് സിനിമയുടെ പ്രവര്‍ത്തകയുമായ രമ്യ എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത് കാര്യങ്ങള്‍ അവതരിപ്പിച്ചാലും ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കില്ലെന്ന് വനിതാ നടിമാരുടെ സംഘടനയില്‍ അഭിപ്രായം ഉണ്ടായി. ഇതേ തുടര്‍ന്നാണ് ചെന്നൈയില്‍ നിന്ന് ഇന്നലെ വരാമായിരുന്നിട്ടും രമ്യ എത്താഞ്ഞതെന്ന് അറിയുന്നു.
രമ്യയെ കൂടാതെ കുക്കുപരമേശ്വരന്‍ മാത്രമാണ് വനിതയായി എക്‌സിക്യൂട്ടീവിലുള്ളത്. മമ്മൂട്ടി, ഇന്നസെന്റ്, മോഹന്‍ലാല്‍, ദിലീപ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ആസിഫ് അലി, ഗണേഷ് കുമാര്‍, പൃഥ്വിരാജ്, നിവിന്‍പോളി, നെടുമുടി വേണു, മുകേഷ്, കലാഭവന്‍ ഷാജോണ്‍, ദേവന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇതില്‍ ഇന്നസെന്റ്, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ഗണേഷ് കുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ദിലീപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അതുകൊണ്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും അമ്മ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും പ്രസിഡന്റ് ഇന്നസെന്റ് ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെയാണ് നേതൃത്വം ചര്‍ച്ചയ്ക്ക് വഴങ്ങിയത്.
ദിലീപാണ് അമ്മയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് പലകാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ പോലും കഴിയില്ലെന്ന് പലര്‍ക്കും അറിയാം. ഇത് മനസിലാക്കിയാണ് മഞ്ജുവാര്യര്‍ പുതിയ സംഘടന രൂപീകരിക്കണമെന്ന ആശയവുമായി രംഗത്തെത്തിയത്. സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയത് അമ്മയില്‍ നിന്ന് പരസ്യമായ എതിര്‍പ്പ് ഉണ്ടാകാതിരിക്കാനാണ്. നടിമാരുടെ മാത്രം സംഘടനയാണെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നു. എന്നിട്ടും പ്രത്യക്ഷത്തിലല്ലാത്ത എതിര്‍പ്പുകളുണ്ട്. പക്ഷെ, നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നായത് കൊണ്ടാണ് താരപ്രമാണിമാര്‍ മൗനം പാലിക്കുന്നത്.
https://www.facebook.com/Malayalivartha























