ഒന്നും മിണ്ടാതെ താരരാജാക്കന്മാര്‍!

നടി ആക്രമിക്കപ്പെട്ട സംഭവം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സൂപ്പര്‍ താരങ്ങളും അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും ഒരക്ഷരം പോലും മിണ്ടിയില്ല. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് പ്രസിഡന്റ് ഇന്നസെന്റും മറ്റൊരു വൈസ് പ്രസിഡന്റായ കെ.ബി.ഗണേശ് കുമാറുമായിരുന്നു. ഇതിനിടെ രണ്ടു ചോദ്യങ്ങള്‍ നേരിട്ട മുകേഷ് എം.എല്‍.എ അത്യധികം ക്ഷുഭിതനാവുകയും അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് മാദ്ധ്യമ പ്രവര്‍ത്തകരെ താക്കീതും ചെയ്തു. ഇതിനിടെ നടന്‍ ദേവന്‍ ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും മൈക്കില്ലാതെ സംസാരിച്ചതിനാല്‍ ആര്‍ക്കും കേള്‍ക്കാനായില്ല.
മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇന്നസെന്റാണ് മറുപടി പറഞ്ഞ് തുടങ്ങിയത്. തുടര്‍ന്ന് ട്രഷററായ ദിലീപ് സംസാരിച്ചു. ടി.വി ചാനല്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് ദിലീപ് വിശദീകരിച്ചു. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും താന്‍ കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടായെങ്കില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
ദിലീപ് പറഞ്ഞതിന് പിന്നാലെ ഗണേശ് സംസാരിക്കാന്‍ തുടങ്ങി. ചോദ്യങ്ങളോട് ഗണേശ് ആദ്യമൊക്കെ നല്ല രീതിയില്‍ പ്രതികരിച്ചെങ്കിലും മാദ്ധ്യമങ്ങള്‍ ദിലീപിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്ന് ആരോപിച്ച് ക്ഷുഭിതനായി. ഇത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഗണേശ്, ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ശ്രമമെന്നും പറഞ്ഞു.
ഇതിനിടെയാണ് മുകേഷ് ഇടപെട്ടത്. ചോദ്യങ്ങള്‍ മുകേഷിനോടായതോടെ അദ്ദേഹം മറുപടി നല്‍കാതെ ക്ഷുഭിതനാവുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























