മലയാള സിനിമയ്‌ക്കെതിരെ ആഞ്ഞടിച്ച് എസ്.ശാരദക്കുട്ടി

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ താരങ്ങള്‍ പ്രതികരിച്ച രീതിയെ പരസ്യമായി എതിര്‍ത്ത് എസ്.ശാരദക്കുട്ടി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി തുറന്നടിച്ചിരിക്കുന്നത്. തന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ അഹങ്കാരികളുടെ പോക്കറ്റില്‍ ഇനി വീഴാന്‍ അനുവദിക്കില്ലെന്ന് പോസ്റ്റില്‍ കുറിച്ചു. ഇതുകൊണ്ട് മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് അറിയാം എന്നാലും തന്റെ ആത്മാഭിമാനത്തിനു വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാണമെന്നും പോസ്റ്റില്‍ പറയുന്നു. സിനിമ താരങ്ങളുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ സിനിമ ഇന്‍ കളക്ടീവീന് ആശംസകള്‍ നേര്‍ന്നുമാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ ഇനിമേല്‍ ഞാന്‍ അനുവദിക്കില്ല. അതുകൊണ്ടു മലയാള സിനിമയ്‌ക്കോ ആണഹന്തക്കോ ഒരു പുല്ലും സംഭവിക്കില്ല എന്നെനിക്കറിയാം. പക്ഷെ എനിക്കുണ്ടല്ലോ ഒരു ആത്മാഭിമാനം. അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയല്ലേ പറ്റൂ..
ദേവാസുരത്തില്‍ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികള്‍, ഒന്നടങ്കം ചെയ്യാന്‍ തയ്യാറാകുന്ന കാലത്തേ ഈ ധാര്‍ഷ്ട്യം അവസാനിക്കൂ..കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്‌ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമന്‍സ് കലക്ടീവിന് അത് കഴിയട്ടെ..കഴിയണം.
ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേല്‍ കാല്‍ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്..ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ഒരു മടങ്ങി ചെല്ലല്‍ സാധ്യവുമല്ല.
https://www.facebook.com/Malayalivartha























