നാദിർഷായ്ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പരിശീലനം; പെരുനാൾ സന്ദർശനമെന്ന് നാദിർഷാ, സത്യമെന്ത് ? നിഗൂഢതകൾ ബാക്കിയാകുന്നു...

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിനു രണ്ടു ദിവസം മുമ്പ് സംവിധായകന്‍ നാദിര്‍ഷയ്ക്ക് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പരിശീലനം നല്‍കിയതായി ഞെട്ടിപ്പിക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പൊലീസിന്റെ ചോദ്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പായിരുന്നത്രെ ഇത്. ജൂണ്‍ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിര്‍ഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്തതായാണു റിപ്പോര്‍ട്ട്.
അന്ന് ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേക്കു നാദിര്‍ഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണു പൊലീസ് ആസ്ഥാനത്തു ലഭിച്ചത്. സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി. സെന്‍കുമാറിന് അന്നു രാത്രിതന്നെ രഹസ്യവിവരം ലഭിച്ചതാണെങ്കിലും വിരമിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ അദ്ദേഹം നടപടിക്കു മുതിര്‍ന്നില്ലെന്നാണു സൂചന.
ഈ എഡിജിപിയുമായുള്ള പരസ്യമായ അകല്‍ച്ചയും സെന്‍കുമാര്‍ സംയമനം പാലിക്കാന്‍ കാരണമായി. കൂടിക്കാഴ്ച നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നാദിര്‍ഷാ, നടന്‍ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്തത്.
ഇതിനിടെ, കേസിന്റെ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഒളിവില്‍ പോകുംമുന്‍പു മുഖ്യപ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) പണം ലഭിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ഇത് എവിടെ നിന്നാണു കിട്ടിയതെന്നു വ്യക്തമാവുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാവും.
നടന്‍ ദിലീപ്, സഹായി അപ്പുണ്ണി, നാദിര്‍ഷാ എന്നിവരുടെ മൊഴികളുടെ പരിശോധന അന്വേഷണസംഘം പൂര്‍ത്തിയാക്കി. യഥാര്‍ഥ പ്രതിയിലേക്ക് എത്താന്‍ സഹായകരമായ മൊഴികളാണ് മൂവരും നല്‍കിയതെന്നു സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊഴികളില്‍ കൂടുതല്‍ വ്യക്തത ആവശ്യമെങ്കില്‍ മാത്രം ഇവരെ വീണ്ടും ചോദ്യംചെയ്യും. അപ്പുണ്ണിയുടെ അടുത്ത ബന്ധുവിനെയും ചോദ്യം ചെയ്യാനിടയുണ്ട്. അതേസമയം കലാകാരനെന്ന നിലയില്‍ വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ചെറിയ പെരുന്നാളിന്റെ ദിവസം സന്ദര്‍ശിച്ചതാണെന്നു സംവിധായകന്‍ നാദിര്‍ഷാ പ്രതികരിച്ചു.
വീട്ടില്‍ പാകംചെയ്ത ഭക്ഷണം അദ്ദേഹത്തിനു നല്‍കിയ ശേഷം തിരികെ പോന്നു. അല്ലാതെ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. 'എന്തൊക്കെയാണു കേള്‍ക്കുന്നത്, സൂക്ഷിക്കുന്നത് നല്ലതാണ്...' എന്നു മാത്രമാണ് ഇതേപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും നാദിര്‍ഷാ വിശദീകരിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























